
മലയാളത്തിലെ മുൻനിര താരങ്ങൾ ഒരുമിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. 1998ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ റീറിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ അടുത്തിടെയാണ് പുറത്തുവന്നത്. ഡിസംബർ 12നാണ് സമ്മർ ഇൻ ബത്‌ലഹേമിന്റെ റീറിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനവേഷത്തെ അവതരിപ്പിച്ച നടി മഞ്ജു വാര്യർ തന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അഭിരാമിയെന്ന കഥാപാത്രത്തെയാണ് താരം സമ്മർ ഇൻ ബത്‌ലഹേമിൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിക്കിടയിലാണ് മഞ്ജു വാര്യർ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'എന്നെ സ്‌നേഹിക്കുന്നവർ കൂടുതലും സമ്മൻ ഇൻ ബത്‌ലഹേമിനെക്കുറിച്ചാണ് പറയുന്നത്. ആ സമയത്ത് എനിക്ക് സമ്മർ ഇൻ ബത്‌ലഹേമിന്റെ സ്‌കെയിൽ അറിയില്ലായിരുന്നു. 18-ാം വയസിലാണ് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു വേനലവധിയുടെ സമയത്തായിരുന്നു ഷൂട്ടിംഗ് നടന്നത്. അതുകൊണ്ട് എല്ലാവരുടെയും കുടുംബവും അവിടെയുണ്ടായിരുന്നു. അവിടെവച്ച് സുകുമാരിയമ്മ ഞങ്ങൾക്ക് ഭക്ഷണം തയ്യാറാക്കി തന്നിട്ടുണ്ട്. ജയറാമിന്റെയും കലാഭവൻമണിയുടെയും തമാശകൾ രസമായിരുന്നു. അതുകേൾക്കുമ്പോൾ ഷോട്ടിനുവരെ പോകാൻ ഞങ്ങൾക്ക് മടിയായിരുന്നു.
അഭിരാമി എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. ഏറെ സങ്കീർണതകൾ നിറഞ്ഞ കഥാപാത്രമായിരുന്നു അത്. അന്ന് അത്രയും ഗൗരവത്തോടെ ഞാൻ അഭിനയിച്ചിരുന്നുയെന്നും എനിക്കറിയില്ല. ഇപ്പോൾ അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ പേടി തോന്നുന്നുണ്ട്. ആഭിരാമി കടന്നുപോയ മാനസികാവസ്ഥ വളരെ വലുതായിരുന്നു. കഥാപാത്രത്തെക്കുറിച്ച് ആലോചിച്ച് ഞാൻ ടെൻഷനായിട്ടില്ല. എന്തുമാത്രം ഡിപ്രഷനിലൂടെയാണ് കഥാപാത്രം കടന്നുപോയത്. അതിനുളള തിരിച്ചറിവൊന്നുമില്ലായിരുന്നില്ല.
കലാഭവൻ മണിയും സുകുമാരിയമ്മയും മയൂരിയും ഞങ്ങളോടൊപ്പമില്ല. അവരെ മിസ് ചെയ്യുന്നുണ്ട്. ആ സിനിമയുടെ ഹാങ്ങോവർ ഇപ്പോഴുമുണ്ട്. അതിൽ കുതിരപ്പുറത്ത് നിന്ന് വിഴുന്നൊരു സീനുണ്ട്. അന്നെല്ലാവരും വീഴാൻ പറഞ്ഞു, വീണു. അന്ന് കൈ മുറിഞ്ഞു. അതിനുമുൻപ് 'ദയ' എന്ന ഒരു ചിത്രത്തിനായി കുതിരയോട്ടം പഠിച്ചിരുന്നു. അതുകാരണം പേടിയില്ലായിരുന്നു. അന്ന് സുരക്ഷയൊന്നും നോക്കിയില്ലായിരുന്നു. വലിയ നടൻമാരോടൊപ്പമാണ് അഭിനയിച്ചത്. അവരെല്ലാവരും എന്നെ കംഫർട്ടാക്കിയതിനുശേഷമാണ് അഭിനയിച്ചിട്ടുളളത്. അഭിനയത്തിൽ അവരുടെ സ്വാധീനം മനസിലാക്കാനുളള അറിവില്ലായിരുന്നു. ഇന്നും അതെല്ലാം മനസിലാക്കിയാണ് അഭിനയിക്കുന്നതെന്ന് ഞാൻ അവകാശപ്പെടുന്നില്ല. സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായിട്ടുളള സവിശേഷതയുണ്ട്'-മഞ്ജു വാര്യർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |