
ഒരു പ്രത്യേക നയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് പല കേന്ദ്രങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് ജീവൻവയ്ക്കാൻ തുടങ്ങുമ്പോഴായിരിക്കും, അതിനായി പൊതുവെ സ്വീകരിച്ചിരിക്കുന്ന ഒരു മാനദണ്ഡം തന്നെ വിലങ്ങുതടിയായി വരുന്നത്! തലസ്ഥാന നഗരത്തിന്റെ ദീർഘകാല സ്വപ്നങ്ങളിലൊന്നായ മെട്രോ പദ്ധതിക്ക്, അതിനായുള്ള കേന്ദ്ര സർക്കാരിന്റെ മാനദണ്ഡംതന്നെ ഇപ്പോൾ തടസമാകുമെന്ന സ്ഥിതിയായിരിക്കുന്നു. സംസ്ഥാന തലസ്ഥാനങ്ങൾക്ക് മെട്രോ അനുവദിക്കാൻ, പദ്ധതി പ്രദേശത്തെ ജനസംഖ്യ മുഖ്യ മാനദണ്ഡമായെടുക്കുന്ന നയമാണ് തിരുവനന്തപുരം മെട്രോയ്ക്ക് ആദ്യ കടമ്പയായിത്തീർന്നിരിക്കുന്നത്. കുറഞ്ഞത് 20 ലക്ഷം ജനസംഖ്യയുള്ളിടത്തേ മെട്രോ അനുവദിക്കൂ എന്നതാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര നയം. തിരുവനന്തപുരത്തെ ജനസംഖ്യ 2011-ലെ സെൻസസ് അനുസരിച്ച് 16.79 ലക്ഷമേ വരൂ! അവസാനത്തെ സെൻസസിനു ശേഷമുള്ള 14 വർഷക്കാലത്തിനിടെ നഗരജനസംഖ്യ എത്രയോ വർദ്ധിച്ചിട്ടുണ്ടാകും. അല്ലെങ്കിൽത്തന്നെ, പദ്ധതി പ്രദേശത്തെ സ്ഥിരതാമസക്കാരാണ് മെട്രോയുടെ ഉപയോക്താക്കൾ എന്ന സങ്കല്പം എത്ര വലിയ അബദ്ധമാണ്!
പാപ്പനംകോട് നിന്ന് തുടങ്ങി, കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, എയർപോർട്ട് വഴി ഈഞ്ചയ്ക്കൽ വരെ നഗരം ചുറ്റി എത്തുന്നതാണ് നിർദ്ദിഷ്ട തലസ്ഥാന മെട്രോ. നഗരത്തിലും പരിസരങ്ങളിലുമായുള്ള ജനസംഖ്യ, സെൻസസ് പ്രകാരം 7.88 ലക്ഷമേ ഉള്ളൂവെങ്കിലും, ജനസംഖ്യാതോതിലെ വർദ്ധനവ് കൂടി പരിഗണിച്ച് മെട്രോയ്ക്കായി തയ്യാറാക്കിയ പദ്ധതിരേഖയിൽ ഇത് 13.5 ലക്ഷമാണ്. മെട്രോ കടന്നുപോകുന്ന 371.94 ചതുരശ്ര കി.മീറ്റർ പ്രദേശത്തെ ജനസംഖ്യ മാത്രമാണ് പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുതന്നെയാണ് നിലവിലെ മാനദണ്ഡവും! അതേസമയം, പദ്ധതി പ്രദേശത്തെ ജനസംഖ്യ എന്ന അടിസ്ഥാന മാനദണ്ഡത്തിനു പകരം, മെട്രോ കടന്നുപോകുന്ന മേഖലകളിലെ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും മറ്റുമായി പ്രതിദിനം എത്രസഹസ്രം ആളുകൾ എത്തുന്നുവെന്നത് കണക്കാക്കിയാൽ പദ്ധതി ലാഭകരമായി നടത്താനാവുന്നത്ര യാത്രക്കാരെ ലഭിക്കുമോ എന്ന് അറിയാം.
എന്നാൽ, ജനസംഖ്യ 20 ലക്ഷം എന്ന മാനദണ്ഡത്തിൽ ഇതുവരെ കേന്ദ്രം ഒരു അയവും വരുത്തിയിട്ടില്ലെന്ന് പറയാനാവില്ല. ബീഹാർ തലസ്ഥാനമായ പാറ്റ്നയിലെ ജനസംഖ്യ, സെൻസസ് അനുസരിച്ച് 17 ലക്ഷവും മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലേത് 18.8 ലക്ഷവും മാത്രമാണ്. രണ്ട് തലസ്ഥാന നഗരങ്ങൾക്കും മെട്രോ നേരത്തേ അനുവദിച്ചിട്ടുമുണ്ട്. ജനസംഖ്യ മാത്രമല്ല മാനദണ്ഡം എന്നതിന് ഇതുതന്നെ ഉദാഹരണം. അല്ലെങ്കിൽത്തന്നെ, നിർദ്ദിഷ്ട തിരുവനന്തപുരം മെട്രോ ഭാവിയിൽ നെയ്യാറ്റിൻകരയിലേക്കും ആറ്റിങ്ങലിലേക്കും നീട്ടാനാവും. തിരുവനന്തപുരം നഗരവുമായി നിത്യസമ്പർക്കത്തിലുള്ള ഈ രണ്ട് പട്ടണങ്ങളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുകയും, ആ മേഖലകളിലെ ജനസംഖ്യ കൂടി കണക്കിലെടുക്കുകയും ചെയ്താൽ 20 ലക്ഷം എന്ന കടമ്പ നിസാരമായി മറികടക്കാം. പദ്ധതി രേഖ പുതുക്കി സമർപ്പിക്കുമ്പോൾ ഇതു കൂടി ഉൾപ്പെടുത്തണമെന്നേയുള്ളൂ.
മെട്രോ അഭിമുഖീകരിക്കുന്ന ജനസംഖ്യാ കടമ്പയെക്കുറിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ, അതിനൊപ്പം ഇക്കാര്യം കൂടി ഞങ്ങൾ പരാമർശിച്ചിരുന്നു. മാത്രമല്ല, 2014-ൽ ഡി.എം.ആർ.സി തയ്യാറാക്കിയ പദ്ധതിരേഖയിൽ തലസ്ഥാനത്തെ ജനസംഖ്യാ നിരക്കിൽ പ്രതിവർഷം മൂന്നു ശതമാനം വർദ്ധനവ് ഉണ്ടാകുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതുക്കിയ പദ്ധതി രേഖയിൽ ഇതും ഉൾപ്പെടുത്താം. മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് സാങ്കേതികമായ ചില സൗകര്യങ്ങൾക്കും, അനർഹമായ അവകാശവാദങ്ങൾ ഒഴിവാക്കാനുമാണ്. അതേസമയം മാനദണ്ഡങ്ങൾ ഒരു അയവുമില്ലാത്ത മർക്കടമുഷ്ടികളായിക്കൂടാ. ആത്യന്തികമായി കണക്കിലെടുക്കേണ്ടത്, ഒരു തലസ്ഥാനനഗരം മെട്രോയുടെ യാത്രാ സൗകര്യം അർഹിക്കുന്നുണ്ടോ എന്നതാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുകയും, മറ്റു ജില്ലകളിൽ നിന്ന് ദിവസവും പതിനായിരക്കണക്കിനു പേർ പലവിധ ആവശ്യങ്ങൾക്കായി വന്നുപോവുകയും ചെയ്യുന്ന തലസ്ഥാന നഗരം നേരിടുന്ന യാത്രാക്ളേശത്തിന് വലിയൊരളവ് പരിഹാരമേകാൻ മെട്രോ വന്നേ മതിയാകൂ. അക്കാര്യം കേന്ദ്രത്തെ കണക്കുകൾ സഹിതം ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |