
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് തുടക്കമായി. പുലർച്ചെ തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടെ വ്യാഴാഴ്‌ചയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ നാലുചുറ്റും പണ്ഡിതർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് വേദജപം ആരംഭിച്ചു. തന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ, പ്രദീപ് നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ ശ്രീപദ്മനാഭ സ്വാമിയ്ക്ക് പ്രത്യേക പുഷ്പാഞ്ജലിയും നിവേദ്യവും അർപ്പിച്ചു. രാവിലെ ആറു മുതൽ എട്ടുവരെയും ഒൻപത് മുതൽ 11വരെയുമായിരുന്നു ജപം. വൈകിട്ട് 6.30മുതൽ ഏഴുവരെ പദ്മതീർത്ഥത്തിൽ ജലജപവും നടന്നു.
ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഒഴുകിയെത്തി. പടവുകളിൽ നിന്ന് പദ്മതീർത്ഥത്തിലേക്ക് ഇറങ്ങിയ 250ഓളം തന്ത്രിമാർ ശ്രീപദ്മനാഭനെ വണങ്ങി. വേദമന്ത്രോച്ചാരണങ്ങൾ ഉയർന്നതോടെ ചുറ്റും നിന്നവർ ഭക്തിയോടെ കൈകൂപ്പി. മുറജപത്തോടനുബന്ധിച്ച് നടന്ന ജലജപ ചടങ്ങ് ഭക്തിയും ആത്മീയതയും സമ്മേളിച്ച അപൂർവാനുഭവമായി. വൈകിട്ട് 6ഓടെ തന്ത്രിമാർ പദ്മതീർത്ഥക്കരയിലെത്തി. 6.30ഓടെ ജലജപത്തിന് സമാരംഭമായി. ജലത്തിൽ ഇറങ്ങി ജപിക്കുന്ന വൈദികർക്കൊപ്പം കരയിൽ നിന്ന ചിലരും പുണ്യമന്ത്രങ്ങൾ ഉരുവിട്ടു. ജലജപത്തിലൂടെ വരും തലമുറകൾക്കുൾപ്പെടെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഋഗ്വേദത്തിൽ നിന്നെടുത്തിട്ടുള്ള പ്രധാനപ്പെട്ട അഞ്ചുമന്ത്രങ്ങളാണ് ജലജപത്തിൽ ഉപയോഗിക്കുന്നത്.
മുറജപത്തിൽ പങ്കെടുത്ത എല്ലാ വൈദികരും ജലജപത്തിലും പങ്കെടുക്കും. വരുണദേവനെ സ്മരിക്കുന്നതിലൂടെ ജീവിതത്തിൽ ആയുരാരോഗ്യ സൗഖ്യമാണ് തേടുന്നത്. വേദവിഭാഗത്തിൽ നിന്ന് 80ഉും സഹസ്രനാമ വിഭാഗത്തിൽ നിന്ന് 80ഓളം വൈദികരാണ് ജലജപത്തിൽ പങ്കാളിയായത്. മുറജപമുള്ള 56 ദിവസവും ജലജപവും ഉണ്ടാകും.വൈകിട്ട് 6.30 മുതൽ അരമണിക്കൂറാണ് ചടങ്ങ്.വേദത്തിന് പുറമേ ഉപനിഷത്തുകൾ, ഇതിഹാസങ്ങൾ എന്നിവയും പാരായണം ചെയ്യും. ഋക്,യജുർ,സാമ വേദങ്ങളുടെ ജപത്തിന് പുറമെ ഇക്കുറി അഥർവവേദവും ഉൾപ്പെടുത്തിയിട്ടുണ്ട്. ശൃംഗേരി, ഉടുപ്പി, ഉത്രാദി, കാഞ്ചീപുരം മഠങ്ങളിൽ നിന്നുള്ള സന്യാസിമാർക്കു പുറമെ ഹൈദരാബാദിലെ ചിന്നജീയർ സ്വാമിയും ജപത്തിൽ പങ്കെടുക്കുന്നുണ്ട്.12ദിവസത്തെ പ്രത്യേക കളഭാഭിഷേകം ഡിസംബർ 27 മുതൽ ജനുവരി 7വരെ നടത്തും. പതിവുള്ള മാർകഴി കളഭം ജനുവരി 8മുതൽ 14വരെ. ജനുവരി 14നാണ് ലക്ഷദീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |