
തൃശൂർ: '12ൽ ഇന്നസെന്റ്..." ഓരോ തദ്ദേശ തിരഞ്ഞെടുപ്പിലും ചേട്ടായിയുടെ വിജയമോർക്കും അഡ്വ. വെൽസ് തെക്കെത്തല. രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാൻ ഇന്നസെന്റ് 1979ലാണ് ഇരിങ്ങാലക്കുട നഗരസഭയുടെ 12ാം വാർഡിൽ മത്സരിക്കാനിറങ്ങുന്നത്. 'പ്രചാരണത്തിന് വീടുകളിലെത്തിയാലും വോട്ട് ചോദിക്കില്ല,നേരംപോക്ക് കത്തിക്കും. ഇറയത്ത് നിൽക്കുന്ന ആണുങ്ങളെയും അടുക്കളയിലെ പെണ്ണുങ്ങളെയും ചിരിപ്പിച്ചേ വീട് വിടൂ. ഒരു പണിയുമില്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങിക്കൂടെയെന്ന കൂട്ടുകാരുടെ ചോദ്യം കേട്ടാണ് ചേട്ടായി മുന്നും പിന്നും നോക്കാതെ രാഷ്ട്രീയക്കാരനായത്. അടിയന്തരാവസ്ഥയിൽ ഭിന്നിച്ചു നിന്ന എ.കെ. ആന്റണി വിഭാഗത്തിന്റെ പിന്തുണയിൽ സ്വതന്ത്രനായാണ് മത്സരം. രണ്ടില ചിഹ്നത്തിൽ. സിനിമാസ്വപ്നം കാണുന്നയാൾക്ക് 'എം.ജി.ആറിന്റെ രണ്ടില ചിഹ്നം' കിട്ടിയാൽ സന്തോഷമാകില്ലേ. സിനിമാ പോസ്റ്ററിൽ വന്നില്ലെങ്കിലും ചുമരുകളിലെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലുണ്ടല്ലോ. അന്ന് എം.പി.കൊച്ചുദേവസ്യ,പോൾ ആലുക്കൽ,റപ്പായി,വേണു എന്നിവരൊക്കെയായിരുന്നു എതിരാളികൾ" -വെൽസ് പറഞ്ഞു.
കറുത്ത കോട്ടും
പ്രാർത്ഥനയും
ചേട്ടൻ തോൽക്കരുതേയെന്ന് ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് തന്നെന്നാണ് വെൽസ് പറയുന്നത്. കാരണം,'വക്കീലായി ഉത്തരവ് കിട്ടിയ സമയം. ആദ്യം കോടതിയിൽ പോകേണ്ടത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ അടുത്ത ദിവസം. ചേട്ടൻ തോറ്റാൽ എനിക്ക് കോടതിയിൽ പോകണ്ടേ? കറുത്ത ഗൗണുമിട്ട് പോയാൽ തോറ്റ സങ്കടമാണെന്ന് നാട്ടുകാർ കളിയാക്കിയാലോ?'. ടെൻഷൻ ചേട്ടായിയെയും അറിയിച്ചു. ഒടുവിൽ ഫലം വന്നു... '12ൽ ഇന്നസെന്റ് തന്നെ...' സ്വീകരണവും ആഹ്‌ളാദപ്രകടനവും കഴിഞ്ഞ് വീട്ടിലെത്തിയ ഇന്നസെന്റ് വിളിച്ചുപറഞ്ഞു... 'എടാ വെൽസേ,ജയിച്ചെടാ... നീ കോട്ടിട്ട്,മര്യാദയ്ക്ക് ഞെളിഞ്ഞു പോടാ,ടൗണീക്കൂടെ...' കൗൺസിലറുടെ അനിയനായി കോടതിയിൽ പോയതിന്റെ ഓർമ്മ വെൽസിന്റെ മനസിലുണ്ട്. പിന്നീട് 1979-82 വരെയുള്ള കാലം ഇന്നസെന്റ് കൗൺസിലറായും വെൽസ് കോടതിയിലും. തുടർന്ന് ഇന്നസെന്റ് സിനിമയിലേക്കും വെൽസ് നൈജീരിയയിലേക്കും ചേക്കേറി. നാട്ടിലെത്തിയ വെൽസ് ഇപ്പോൾ വിശ്രമജീവിതത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |