
ന്യൂഡൽഹി: ബിഹാറിൽ 2005 മുതൽ മുഖ്യമന്ത്രി നിതീഷ് കുമാർ കൈവശം വച്ചിരുന്ന ആഭ്യന്തര വകുപ്പ് ഇക്കുറി ബി.ജെ.പിക്ക്. ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി ആഭ്യന്തരം കൈകാര്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായതിനു പിന്നാലെ ബി.ജെ.പി നടത്തുന്ന വിലപേശലിൽ നിതീഷും ജെ.ഡി.യുവും വഴങ്ങുന്ന കാഴ്‌ചയാണ്. ആദ്യമായാണ് നിതീഷ് ആഭ്യന്തരം കൈവിടുന്നത്.
ബി.ജെ.പി നിയമസഭാ കക്ഷിയുടെ ഉപനേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയ്ക്ക് പ്രധാനപ്പെട്ട റവന്യൂ, ഭൂപരിഷ്കരണ വകുപ്പ് അനുവദിച്ചു. ബി.ജെ.പി എം.എൽ.എ മംഗൾ പാണ്ഡെയ്‌ക്കാണ് ആരോഗ്യ, നിയമ വകുപ്പുകൾ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ജയ്‌സ്വാളിന് വ്യവസായ വകുപ്പ്.
പൊതുമരാമത്ത്, കൃഷി, തൊഴിൽ, ടൂറിസം, ഖനികൾ, വ്യവസായം, റോഡ് നിർമ്മാണം, നഗരവികസനം, പിന്നോക്ക വിഭാഗക്ഷേമം തുടങ്ങിയ വകുപ്പുകളും 14 മന്ത്രിമാരുള്ള ബി.ജെ.പിക്ക് ലഭിച്ചു. നിതീഷിന്റെ പാർട്ടിയായ ജെ.ഡി.യു മന്ത്രിമാർക്ക് ജലവിഭവം, കെട്ടിട നിർമ്മാണം, ഊർജ്ജം, ഗ്രാമവികസനം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാണ്. വിദ്യാഭ്യാസം ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്ക് പൊതുജനാരോഗ്യ എൻജിനീയറിംഗ്, കരിമ്പ് വ്യവസായം എന്നീ വകുപ്പുകളും രാഷ്ട്രീയ ലോക് മോർച്ചയുടെ മന്ത്രി ദീപക് പ്രകാശിന് പഞ്ചായത്തിരാജ് വകുപ്പും അനുവദിച്ചു. ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) യിലെ സന്തോഷ് സുമന് ചെറുകിട ജലവിഭവ വകുപ്പ് ലഭിച്ചു.
ടേം തികയ്‌ക്കുമോ നിതീഷ്
ആഭ്യന്തരം ബി.ജെ.പിക്ക് കൈമാറിയതോടെ നിതീഷ് കുമാർ പത്താമൂഴത്തിൽ അഞ്ചു വർഷവും മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമോയെന്ന സംശയം ബലപ്പെട്ടു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാതെ മത്സരിച്ച തിരഞ്ഞെടുപ്പിൽ ബി.ജെ.പി പദവി തട്ടിയെടുക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. വൻ വിജയം നേടിയതോടെ നിതീഷിനെ മാറ്റാൻ പറ്റാതായി. എന്നാൽ അഞ്ചു വർഷത്തിനിടെ ആരോഗ്യകാരണങ്ങളാൽ നിതീഷ് മാറി ബി.ജെ.പി മുഖ്യമന്ത്രി വരാനുള്ള സാദ്ധ്യതയേറെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |