SignIn
Kerala Kaumudi Online
Sunday, 23 November 2025 5.21 AM IST

ഇന്ത്യയും ആഫ്രിക്കയും ഇരുണ്ട നിലത്ത് ഉദിക്കുന്നു, പുതിയ സമവാക്യങ്ങൾ

Increase Font Size Decrease Font Size Print Page

രാജ്യാന്തര രംഗത്ത് പുതിയ അധികാര സമവാക്യങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്ന ഒരു കാലഘട്ടത്തിലാണ് ആഫ്രിക്ക ആഗോളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജി-20 ഉച്ചകോടിക്കായി ജോഹന്നാസ്ബർഗിൽ എത്തുമ്പോൾ ആഫ്രിക്കയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും വികസ്വര ലോകത്തെ ഇന്ത്യയുടെ ദീർഘകാല നേതൃത്വ അഭിലാഷങ്ങളും സമന്വയിക്കുന്നത് കാണാം.

ദക്ഷിണാഫ്രിക്കയുടെ ജി-20 അദ്ധ്യക്ഷസ്ഥാനം അന്താരാഷ്ട്രരംഗത്ത് ആഫ്രിക്കൻ മുൻഗണനകളെ മുന്നോട്ടുവയ്ക്കുന്നതിൽ നിർണായകമായിരിക്കും. ഇത് ഇന്ത്യയ്ക്കും ആഫ്രിക്കക്കും ഇടയിൽ അപൂർവമായ താത്പര്യങ്ങളുടെ ഒരു കൂടിച്ചേരലിന് വഴിയൊരുക്കുന്നു. എന്നാൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഫ്രിക്കൻ ആവശ്യങ്ങളോട് പൊരുത്തപ്പെടാൻ ഇന്ത്യയ്ക്ക് അതേ വേഗത്തിൽ കഴിയുമോ എന്നത് വലിയൊരു ചോദ്യമാണ്.

ആഫ്രിക്കൻ

ആവശ്യങ്ങൾ

ആഫ്രിക്കൻ മണ്ണിൽ നടക്കുന്ന ആദ്യ ജി-20 ഉച്ചകോടിയാണ് ഇപ്പോഴത്തേത്. നരേന്ദ്രമോദി ജോഹന്നാസ്ബർഗിൽ എത്തുമ്പോൾ, ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങൾ ഊഷ്മളമാകുന്നതിനപ്പുറം രാഷ്ട്രീയ- നയതന്ത്ര പ്രതീകാത്മകത പുതിയ മാനങ്ങൾ തേടുന്ന ചരിത്ര നിമിഷമാകുന്നു. ജി- 20 ഉച്ചകോടിക്കൊപ്പം ജോഹന്നാസ്ബർഗിൽ നടക്കുന്ന ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക (ഐ.ബി​.എസ്.എ)കൂട്ടായ്മയുടെ സമ്മേളനവും ഉഭയകക്ഷിബന്ധങ്ങൾ വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് അവസരം നൽകുന്നു. ആഫ്രിക്കയിൽ ഇന്ത്യയ്ക്ക് ആഴത്തിലുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളുമുണ്ട്. എന്നാൽ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കയുടെ ആവശ്യങ്ങൾ കൂടുതൽ അടിയന്തരവുമാണ്. അതേസമയം വൻശക്തികൾ തമ്മിലുള്ള മത്സരം മേഖലയെ കൂടുതൽ സങ്കീർണമാക്കുന്നുണ്ടെന്നും,​ അവിടങ്ങളിൽ ഇന്ത്യയുടെ ഇടപെടൽസാദ്ധ്യതകൾക്ക് പരിധികൾ ഉണ്ടെന്നുംവിദേശകാര്യ വിദഗ്ദ്ധർക്ക് അറിയാം.

ജോഹന്നാസ്ബർഗ് ഉച്ചകോടിയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം വികസ്വര രാജ്യങ്ങളുടെ നേതൃത്വ പടവുകളിൽ സുപ്രധാനമാണ്. ഭക്ഷ്യ- ഊർജ്ജ അരക്ഷിതാവസ്ഥ, കടബാദ്ധ്യത, ഡിജിറ്റൽ പരിപാലനം, കാലാവസ്ഥാ സമ്മർദ്ദങ്ങൾ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളെ ആഗോള ചർച്ചകളുടെ കേന്ദ്രബിന്ദുവായി നിലനിറുത്തുന്നത് ഈ തുടർച്ചയാണ്. 2023-ൽ ആഫ്രിക്കൻ യൂണിയനെ ജി-20യിലേക്ക് കൊണ്ടുവരുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു. അത് നരേന്ദ്രമോദിയുടെ വ്യക്തിപരമായ ഒരു നേട്ടം കൂടിയായി വിശേഷിപ്പിക്കാറുണ്ട്. ദുരന്ത പ്രതിരോധശേഷി, നിർണായക ധാതുക്കൾ, കടം, സുസ്ഥിരത, എല്ലാവരെയും ഉൾക്കൊള്ളുന്ന ഊർജ്ജമാറ്റം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ദക്ഷിണാഫ്രിക്ക ഇപ്പോൾ ആഫ്രിക്കയുടെ ആവശ്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകിയിട്ടുണ്ട്. ഇന്ത്യ ഈ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും,​ സ്വന്തം നയതന്ത്ര പ്രവർത്തനങ്ങളുടെ സ്വാഭാവിക തുടർച്ചയായി ഇതിനെ കാണുകയും ചെയ്യുന്നു.

ചേർത്തുപിടിക്കുന്ന

കരങ്ങൾ

ദക്ഷിണാഫ്രിക്കയുമായുള്ള ഊഷ്മളമായ രാഷ്ട്രീയബന്ധത്തെക്കൂടിയാണ് മോദിയുടെ സന്ദർശനം അടയാളപ്പെടുത്തുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏറ്റവും പരിചയസമ്പന്നരായ ലോകനേതാക്കളിൽ ഒരാളായി നിരീക്ഷകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ആഗോളവേദികളിൽ ആഫ്രിക്കൻ നിലപാടുകളെ സ്ഥിരമായി പിന്തുണയ്ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ആഫ്രിക്കൻ നേതാക്കൾക്കും അറിയാം. ആഫ്രിക്കൻ യൂണിയനുള്ള ഇന്ത്യയുടെ ശക്തമായ പിന്തുണ, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്‌കരണത്തിലുള്ള നിലപാട്, ദക്ഷിണാഫ്രിക്കയുമായുള്ള ദീർഘകാല ബന്ധം എന്നിവയെല്ലാം ഈ പ്രതിച്ഛായയെ ഊട്ടിയുറപ്പിക്കുന്നുണ്ട്. എന്നാൽ സൗഹാർദ്ദം മാത്രം സ്വാധീനം സൃഷ്ടിക്കുന്നില്ല. ആഫ്രിക്കയുടെ പുതിയ ഭൗമരാഷ്ട്രീയ അന്തരീക്ഷം ഇന്ത്യയിൽനിന്ന് കൂടുതൽ വ്യക്തവും ശക്തവുമായ ഇടപെടൽ ആവശ്യപ്പെടുന്നു.

ആഫ്രിക്കയുമായുള്ള വൈകാരികവും ചരിത്രപരവുമായ ബന്ധങ്ങളെക്കുറിച്ച് ഇന്ത്യ പലപ്പോഴും സംസാരിക്കാറുണ്ട്. 2025-ലെ ആഫ്രിക്കൻദിന സന്ദേശം കൊളോണിയൽ വിരുദ്ധപോരാട്ടങ്ങളിലേക്കും പൊതു വികസന ലക്ഷ്യങ്ങളിലേക്കും ലോകശ്രദ്ധയാകർഷിച്ചിരുന്നു. ആഫ്രിക്കൻ മേഖലയിൽ അതീവ താത്പര്യം കാണിക്കുന്ന ചൈനയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യ അതിന്റെ വികസന സമീപനം കൂടുതൽ ജനകേന്ദ്രീകൃതമാക്കാൻ ശ്രമിക്കുണ്ട്.

വികസിക്കുന്ന

പങ്കാളിത്തം

ഏകദേശം100 ബില്യൺ ഡോളറിന്റെ വാർഷിക വ്യാപാരമുള്ള ഇന്ത്യ ഇപ്പോൾ ആഫ്രിക്കയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. കൂടാതെ ഇന്ത്യൻ കമ്പനികൾ ഓട്ടോമൊബൈൽസ്, ഐ.ടി, ഖനനം, ഫാർമസ്യൂട്ടിക്കൽസ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ഏകദേശം75 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ആഫ്രിക്കയിലുടനീളം ഇന്ത്യ പൂർത്തിയാക്കിയത് 200-ലധികം വികസന പദ്ധതികളാണ്. അതിനു പുറമെ, നിലവിൽ അറുപത്തഞ്ചിലധികം പദ്ധതികളിൽ പ്രവർത്തിക്കുന്നുമുണ്ട്. ശേഷി വർദ്ധിപ്പിക്കൽ ഒരു പ്രധാന മേഖലയായി ഇന്ത്യ കരുതുന്നു. കഴിഞ്ഞ ദശകത്തിൽ നാല്പതിനായിരത്തോളം ആഫ്രിക്കക്കാർക്ക് ഇന്ത്യയിൽ പരിശീലനം ലഭിച്ചു. നിരവധി സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവ സ്ഥാപിക്കാൻ ഇന്ത്യ സഹായം നൽകിയിട്ടുണ്ട്.

ജി-20 ഉച്ചകോടി നടക്കുന്നത് അതിവേഗം മാറുന്ന ആഫ്രിക്കയിലാണ്. ചരക്ക് മാന്ദ്യം, മഹാമാരി, യുക്രെയ്ൻ യുദ്ധം തുടങ്ങിയവയിൽ നിന്ന് പല രാജ്യങ്ങളും സാമ്പത്തിക സമ്മർദ്ദം നേരിടുന്നു. വിദേശ നിക്ഷേപം കുറയുന്നു, ആഭ്യന്തര വിദേശ കടം ഉയരുന്നു, ഭക്ഷ്യവസ്തുക്കളുടെയും വളത്തിന്റെയും വിലകൾ ദരിദ്രരെ ഏറ്റവും കൂടുതൽ ബാധിക്കുന്നു. ഇവയെല്ലാം ഗൗരവമുള്ള വിഷയങ്ങളാണെന്ന് ഇന്ത്യ മനസിലാക്കുന്നുണ്ട്. ആഫ്രിക്കയിൽ 35-ലധികം രാജ്യങ്ങളിൽ ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമാണ്. തൊഴിലവസരങ്ങൾ, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ഉത്പാദനം, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ ആഫ്രിക്കയ്ക്ക് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. ഇന്ത്യ ഈ പുതിയ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്.

ആഫ്രിക്കയിലെ

ചൈനീസ് കെണി

ചൈനയുടെ ആഫ്രിക്കയിലെ സാന്നിദ്ധ്യം ഇന്ത്യയുടെ സാദ്ധ്യതകളെ കൂടുതൽ സങ്കീർണമാക്കുന്നു. 2025-ൽ ആഫ്രിക്കയുമായുള്ള ചൈനയുടെ വ്യാപാരം 200 ബില്യൺ ഡോളർ കവിയുമെന്നും ഇത് ഇന്ത്യയുടെ 103 ബില്യൺ ഡോളറിന്റെ ഇരട്ടിയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2025-ന്റെ ആദ്യപകുതിയിൽ ചൈനീസ് കയറ്റുമതി 100 ബില്യൺ ഡോളർ കടന്നു. വാർഷിക വളർച്ചാ നിരക്ക് 21.6 ശതമാനം. ഇത് ഇന്ത്യയെ സംബന്ധിച്ച് ചെറിയ കാര്യമല്ല.

53 ആഫ്രിക്കൻ രാജ്യങ്ങൾക്ക് ചൈന നികുതിരഹിത പ്രവേശനം നൽകുന്നതും വളരെ പ്രാധാന്യമുള്ള കാര്യമാണ്. കൂടാതെ, ചൈനയിൽ നിന്നുള്ള ആഫ്രിക്കൻ ഇറക്കുമതിയാണ് എല്ലാ ഇറക്കുമതിയുടെയും 22 ശതമാനവും! അത് ആഫ്രിക്കയുടെ മൊത്തം വ്യാപാര കമ്മിയുടെ 63 ശതമാനം വരും.

അസംസ്‌കൃത എണ്ണയും ധാതുക്കളും ഇറക്കുമതി ചെയ്യുന്നതിനാൽ ഇന്ത്യയുടെ വ്യാപാര ഘടന കൂടുതൽ സന്തുലിതമാണ്. അതേസമയം, വിടവ് വളരെ വലുതാണ്. ഇന്ത്യയ്ക്ക് പൊരുത്തപ്പെടാൻ കഴിയാത്ത തോതിൽ തുറമുഖങ്ങൾ, റോഡുകൾ, റെയിൽവേകൾ, പവർ ഗ്രിഡുകൾ എന്നിവയ്ക്ക് ചൈന ധനസഹായം നൽകുന്നു. എന്നാൽ അതാര്യമായ കരാറുകൾ, പരിമിതമായ നൈപുണ്യ കൈമാറ്റം, കനത്ത കടബാദ്ധ്യതകൾ എന്നിവ കാരണം ചൈന എതിർപ്പും നേരിടുന്നുണ്ട്. കഴിവുകൾ, സാങ്കേതികവിദ്യ, പ്രാദേശിക ശേഷി എന്നിവയിൽ അധിഷ്ഠിതമായ മൃദുവും കൂടുതൽ പങ്കാളിത്താധിഷ്ഠിതവുമായ ഒരു മാതൃക വാഗ്ദാനം ചെയ്യുന്നതിനാൽ ഇന്ത്യയ്ക്ക് ഇവിടെ മുൻതൂക്കമുണ്ട്.

ഇന്ത്യയുടെ

വെല്ലുവിളി

ദക്ഷിണാഫ്രിക്ക, നൈജീരിയ, കെനിയ, ടാൻസാനിയ, എത്യോപ്യ, ഈജിപ്ത്, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് ഏറ്റവും ശക്തമായ ബന്ധങ്ങൾ ഉള്ളത്. ഈ രാജ്യങ്ങൾ ഇന്ത്യയ്ക്ക് സാമ്പത്തിക അവസരങ്ങൾ, തന്ത്രപരമായ സാദ്ധ്യതകൾ എന്നിവ നൽകുന്നു. എന്നാൽ അട്ടിമറികളും കലാപങ്ങളും സാധാരണമായ മാലി, നൈജർ, ബുർക്കിന ഫാസോ, ഗിനിയ, സുഡാൻ, ചാഡ് തുടങ്ങിയ അസ്ഥിരമായ പ്രദേശങ്ങളിൽ ഇന്ത്യ അപകടസാദ്ധ്യതകൾ തിരിച്ചറിയുന്നുണ്ട്. മതതീവ്രവാദ പ്രസ്ഥാനങ്ങൾ വേരോടിയ ഈ രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്കും വലിയ വെല്ലുവിളിയാണ്.

ഇന്ത്യ ഇനി വികാരങ്ങളെ തന്ത്രപരമായ ഇടപെടലുകളായി മാറ്റേണ്ടതുണ്ട്. ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടി കാലതാമസമില്ലാതെ നടത്തണം, ആഫ്രിക്കൻ രാജ്യങ്ങളിലുള്ള പദ്ധതി നിർവ്വഹണം മെച്ചപ്പെടുത്തണം, മികച്ച സാമ്പത്തിക സാഹചര്യങ്ങൾ ഉപയോഗിച്ച് തങ്ങളുടെ താത്പര്യങ്ങളെ പിന്തുണയ്ക്കണം, ആഫ്രിക്കൻ മേഖലാ സ്ഥാപനങ്ങളുമായി അടുത്ത് പ്രവർത്തിക്കണം. ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ഇന്ത്യയിലെ ആഫ്രിക്കൻ വിദ്യാർത്ഥികളെ ബാധിക്കുന്ന വംശീയ സംഭവങ്ങൾ നേരിടുകയും വേണം.

മോദിയുടെ ജോഹന്നാസ്ബർഗ് സന്ദർശനം ഇന്ത്യയ്ക്ക് ആഫ്രിക്കൻ നയം പുനർനിർണയിക്കാനുള്ള അവസരം നൽകുന്നു. ചൈനയുടെ ആഫ്രിക്കൻ ബന്ധങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് ഇന്ത്യയ്ക്ക് അറിയാം. പക്ഷേ മേഖലയിലെ ഇന്ത്യയുടെ വിശ്വാസ്യതയും വിശ്വാസവും ശക്തമാണ്. ആഫ്രിക്കയുടെ യഥാർത്ഥ ആവശ്യങ്ങളുമായി ഇന്ത്യയ്ക്ക് സ്വന്തം താത്പര്യങ്ങളെ പൊരുത്തപ്പെടുത്താൻ കഴിയുമെങ്കിൽ, സുസ്ഥിര വികസനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പങ്കാളിത്തം രൂപപ്പെടുത്താൻ രാജ്യത്തിന് കഴിയും. ഗ്ലോബൽ സൗത്ത് എന്നു വിളിക്കുന്ന വികസ്വര ലോകത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന ആഫ്രിക്കൻ മേഖലയിൽ ഇന്ത്യ നിർണായകമാണെന്ന കാര്യത്തിൽ മറിച്ചൊരു അഭിപ്രായം ഉണ്ടാകാനും ഇടയില്ല.

(എം.ജി. സർവകലാശാല, ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറും രാജ്യാന്തര പഠന വിദഗ്ദ്ധനുമാണ് ലേഖകൻ. ഫോൺ​: 94472 30643)

TAGS: UCHAKKODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.