
കൊച്ചി: ലൈംഗിക തൊഴിലാളിയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ചു കൊന്ന് ചാക്കിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തേവര കോന്തുരുത്തി പ്രതിഭനഗറിൽ വീട്ടുനമ്പർ മൂന്നിൽ കെ.കെ. ജോർജാണ് (61) അറസ്റ്റിലായത്. പാലക്കാട് സ്വദേശിനി ബിന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. വഴിയിൽ തള്ളാനുള്ള ശ്രമത്തിനിടെ, മദ്യലഹരിയിലായിരുന്ന ജോർജ് ചാക്കിലാക്കിയ മൃതദേഹത്തിനരികെ ഇരുന്ന് ഉറങ്ങിപ്പോയതാണ് പിടിവീഴാൻ എളുപ്പമായത്. രാവിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതകർമ്മ സേനാംഗമാണ് ജോർജിനെ ദുരൂഹസാഹചര്യത്തിൽ കണ്ടത്. കൗൺസിലർ ബെൻസി ബെന്നി വിവരം സൗത്ത് പൊലീസിനെ അറിയിച്ചു.
മകളുടെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ജോർജിന്റെ ഭാര്യ പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് രാത്രി പത്തോടെ എറണാകുളം സൗത്തിൽനിന്ന് ബിന്ദുവിനെ ജോർജ് ഓട്ടോറിക്ഷയിൽ വീട്ടിലെത്തിച്ചു. 500 രൂപ നൽകാമെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. വീട്ടിലെത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. തുടർന്ന് ബിന്ദു ജോർജിനോട് 2000 രൂപ ആവശ്യപ്പെട്ടു. ഇതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ മദ്യലഹരിയിലായിരുന്ന ജോർജ് കമ്പിപ്പാരകൊണ്ട് ബിന്ദുവിന്റെ തലയ്ക്കടിച്ച് വീഴ്ത്തി. രണ്ടടിയിൽ ബിന്ദു തത്ക്ഷണം മരിച്ചു.
പുലർച്ചെ വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെയുള്ള കടയിൽ ചെന്ന് രണ്ട് ചാക്ക് ശേഖരിച്ചു. മൃതദേഹം ചാക്കിനുള്ളിലാക്കി വീടിന് പുറത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന് വഴിയിൽ എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് മദ്യലഹരിയിലായിരുന്ന ജോർജ് ഉറങ്ങിപ്പോയത്. വീട്ടിൽ രക്തക്കറ കണ്ടെത്തി. ജോർജ് കുറ്റം സമ്മതിച്ചതോടെ പൊലീസ് നടപടികളെല്ലാം വേഗത്തിലായി. വിരലടയാള, ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി.
വെളുപ്പിന് നാലരയോടെ ജോർജ് ചാക്ക് അന്വേഷിച്ച് അയൽവീടുകളിലും ചെന്നിരുന്നു. നായ ചത്തുകിടപ്പുണ്ടെന്നും ഇതിനെ മൂടാനാണെന്നുമാണ് പറഞ്ഞത്. ജോർജിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തു. രാത്രി വീട്ടിൽ നിന്ന് ശബ്ദം കേട്ടെങ്കിലും പൂച്ചയെന്ന് കരുതി പുറത്തിറങ്ങിയില്ലെന്നാണ് ഇവരുടെ മൊഴി. പ്രായമായവരെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. മകൻ യു.കെയിൽ ജോലി ചെയ്യുകയാണ്. ദിവസങ്ങളായി ജോർജ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |