
വയനാട്: മാനന്തവാടി കുഴൽപ്പണക്കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നതായി വിവരം. കുഴൽപ്പണം പിടിച്ചെടുത്തതിന് പിന്നാലെ നടന്ന അന്വേഷണത്തിൽതന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നുവെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ സൽമാൻ സഹായം ചോദിച്ച് പൊലീസ് സബ് ഇൻസ്‌പെക്‌ടറെ ഫോണിൽ വിളിച്ചിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ബംഗളൂരുവിൽ നിന്ന് വടകരയിലേയ്ക്ക് കടത്തുകയായിരുന്ന മൂന്നുകോടിയിലധികം രൂപയുടെ കുഴൽപ്പണമാണ് മാന്തവാടി പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. വടകര കണ്ടിയിൽവീട്ടിൽ സൽമാൻ (36), വടകര അമ്പലപറമ്പത്ത് വീട്ടിൽ ആസിഫ് (24), വടകര പുറത്തൂട്ടയിൽ വീട്ടിൽ റസാഖ് (38), വടകര ചെട്ടിയാംവീട്ടിൽ മുഹമ്മദ് ഫാസിൽ (30), താമരശേരി പുറാക്കൽ വീട്ടിൽ മുഹമ്മദ് എന്നിവർ കേസിൽ അറസ്റ്റിലായി.
ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകൾ അടുക്കിവച്ച നിലയിൽ കണ്ടെത്തിയത്. ആസിഫ്, റസാഖ്, ഫാസിൽ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യസൂത്രധാരനായ സൽമാനും സുഹൃത്ത് മുഹമ്മദും പിടിയിലായത്. ഹവാല ഇടപാടുകാരായ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചിലരുടെ നിർദേശപ്രകാരം ബംഗളൂരുവിലെത്തി ഇന്ത്യൻ കറൻസികൾ കൈപ്പറ്റി വടകരയിൽ എത്തിച്ചുനൽകാറുണ്ടെന്നും കമ്മിഷൻ സ്വീകരിക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ സൽമാനും മുഹമ്മദും സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |