
തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിടാനുള്ള സമയ പരിധി സുപ്രീംകോടതി ഒഴിവാക്കിയതോടെ, നിയമസഭ പാസാക്കിയ മൂന്നു ബില്ലുകളിൽ രാഷ്ട്രപതിയുടെ തീരുമാനം നിർണായകമാവും.
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള ബില്ലും രണ്ട് സർവകലാശാല നിയമഭേദഗതി ബില്ലുകളുമാണ് ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ആഗസ്റ്റിൽ അയച്ചത്. സുപ്രീംകോടതി നേരത്തേ നിശ്ചയിച്ച മൂന്നുമാസ സമയപരിധിയുള്ളതിനാൽ ഈമാസം ബില്ലുകളിൽ തീരുമാനമാവുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. ഭരണഘടനാ ബഞ്ച് സമയപരിധി നീക്കിയതോടെ ,തീരുമാനം നീളുമെന്നുറപ്പായി.
ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയിൽ സ്വകാര്യ സർവകലാശാലാ നിയമത്തിന് ചട്ടങ്ങൾ സർക്കാർ തയ്യാറാക്കിയിരുന്നു. . മറ്രു സംസ്ഥാനങ്ങളിലില്ലാത്ത പട്ടികവിഭാഗസംവരണവും ഫീസിളവും സ്കോളർഷിപ്പും കേരളത്തിലെ നിയമത്തിലുണ്ട്. 40ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് നീക്കിവച്ചതിന്റെ സാധുതയിലും സംശയമുണ്ട്. ആസ്ഥാന ക്യാമ്പസിന് പുറത്ത് കേരളത്തിലെവിടെയുമുള്ള എത്ര കോളേജുകളെ വേണമെങ്കിലും ഉപക്യാമ്പസുകളായി കൂട്ടിച്ചേർക്കാൻ ആദ്യ ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു.യു.ജി.സി ചട്ടത്തിന് വിരുദ്ധമായതിനാൽ ഒന്നിലധികം ക്യാമ്പസുകളാവാമെന്ന വ്യവസ്ഥ ഒഴിവാക്കിയിരുന്നു. അതോടെ 5വർഷം പ്രവർത്തിച്ച
ശേഷമേ ഉപക്യാമ്പസുകൾ തുറക്കാനാവൂ.
ഗവർണറുടെ അധികാരം കുറയ്ക്കുന്നതും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അധികാരം കൂട്ടുന്നതുമാണ് സർവകലാശാലാ നിയമഭേദഗതി ബില്ലുകളെന്ന് വിലയിരുത്തിയാണ് 2ബില്ലുകൾ രാഷ്ട്രപതിക്കയച്ചത്. മന്ത്രിക്ക് സർവകലാശാലയിൽ നേരിട്ട് ഇടപെടാൻ അധികാരം നൽകുന്ന വ്യവസ്ഥകൾ ബില്ലിലുണ്ട്. സർവകലാശാലയുടെ അക്കാഡമികവും ഭരണപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരവും വിളിച്ചു വരുത്താൻ മന്ത്രിക്ക് അധികാരമുണ്ടായിരിക്കും. വൈസ്ചാൻസലറുടെ അധികാരങ്ങൾ കവരുന്ന വ്യവസ്ഥകളും ബില്ലിലുണ്ടായിരുന്നു.
5 ബില്ലുകൾ കൂടി
രാഷ്ട്രപതിക്ക്
നിയമസഭ പാസാക്കിയ 5 ബില്ലുകൾകൂടി ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചേക്കും.ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാനും , മൂന്നിലൊന്ന് അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ സിൻഡിക്കേറ്റ് യോഗം വിളിക്കാനും,, മരമടിക്ക് അടക്കം മൃഗങ്ങളെ ഉപയോഗിക്കാനും, സ്വകാര്യ ഭൂമിയിൽ ചന്ദനം വളർത്താനും വിൽക്കാനും, ഏക കിടപ്പാടത്തിന്റെ ജപ്തിയൊഴിവാക്കാനുമുള്ള ഭേദഗതി ബിലലുകളാണ് രാഷ്ട്രപതിക്ക് അയയ്ക്കുക.
പ്രധാനം കേന്ദ്ര നിലപാട്
ബില്ലുകളിൽ രാഷ്ട്രപതി സ്വന്തംനിലയിൽ തീരുമാനമെടുക്കാറില്ല. കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടുകയാണ് പതിവ്.
ഗവർണർക്ക് വിരുദ്ധമായി കേന്ദ്രം നിലപാടെടുക്കില്ല. കേന്ദ്രം അഭിപ്രായമറിയിക്കാതിരുന്നാലും തുടർനടപടിയുണ്ടാവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |