
തമിഴ് സൂപ്പർ താരം ധനുഷും നടി മൃണാൾ താക്കൂറും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം നിരവധി നാളുകളായി സിനിമാലോകത്ത് പ്രചരിക്കുന്നുണ്ട്. അജയ് ദേവ്ഗൺ ചിത്രമായ സൺ ഓഫ് സർദാർ 2വിന്റെ പ്രീമിയറിന് ധനുഷ് എത്തിയതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ധനുഷും മൃണാളും ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ് അന്ന് അഭ്യൂഹങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയായിരിക്കുകയാണ്. അതിന് ഇടവരുത്തിയാതാകട്ടെ ധനുഷിന്റെ ഒരു കമന്റും.
താൻ നായികയായ ' ദോ ദീവാന ഷെഹർ മേ' എന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ കഴിഞ്ഞ ദിവസം മൃണാൾ പങ്കുവച്ചിരുന്നു. നന്നായിട്ടുണ്ടെന്ന് പറഞ്ഞ് പോസ്റ്റിിൽ ധനുഷ് കമന്റ് ചെയ്തു. ലൗ ഇമോജിയും സൂര്യാകാന്തി പൂക്കളുടെ ഇമോജിയുമാണ് ഇതിന് മറുപടിയായി മൃണാൾ നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയായാണ് ഈ കമന്റിനെയും മറുപടിയെയും ആരാധകർ വ്യാഖ്യാനിക്കുന്നത്.
നേരത്തെ ധനുഷ് മൃണാളിന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയതും ചർച്ചയായിരുന്നു. അജയ് ദേവ്ഗണിന്റെ ക്ഷണപ്രകാരമായിരുന്നു ധനുഷ് എത്തിയത് എന്നായിരുന്നു മൃണാൾ പറഞ്ഞത്. അതേസമയം ധനുഷിന്റെ മൂന്നു സഹോദരിമാരെയും മൃണാൾ ഫോളോ ചെയ്യുന്നതും ആരാധകർ ചർച്ചയാക്കി. കൂടാതെ കഴിഞ്ഞ ജൂലായിൽ ധനുഷ് ചിത്രമായ തേരെ ഇഷ്ക് മേയുടെ നിർമ്മാതാവും എഴുത്തുകാരിയുമായ കനിക ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
അതേസമയം അനൗൺസ്മെന്റ് ടീസറിലെ സംഗീതത്തിന് 2012ലെ ധനുഷ് ചിത്രമായ '3'യുമായി സാമ്യമുണ്ടെന്ന് ചില ആരാധകർ ചൂണ്ടിക്കാട്ടി. അനിരുദ്ധ് രവിചന്ദറായിരുന്നു 3യുടെ സംഗീതം. പകർപ്പാവകാശത്തിന് കേസ് കൊടുക്കണമെന്നും അവർ നിങ്ങളുടെ കാമുകി ആയതു കൊണ്ട് നിങ്ങളുടെ സിനിമയുടെ സംഗീതം പകർത്താൻ കഴിയില്ലെന്നും ഒരു ആരാധകൻ കമന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |