
റിസർവ് ബാങ്ക് തീരുമാനം ഡിസംബർ അഞ്ചിന്
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും താഴുന്ന നാണയപ്പെരുപ്പവും കണക്കിലെടുത്ത് റിസർവ് ബാങ്ക് വീണ്ടും പലിശ കുറച്ചേക്കും. ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തിൽ മുഖ്യ നിരക്കായ റിപ്പോ കാൽ ശതമാനം കുറച്ച് 5.25 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസം പുറത്തുവരുന്ന ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച നിരക്ക് കണക്കിലെടുത്താകും തീരുമാനം. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ രാജ്യത്തെ കയറ്റുമതി നേരിടുന്ന പ്രതിസന്ധി മറികടക്കാൻ വായ്പാ പലിശ കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
ഒക്ടോബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 0.25 ശതമാനത്തിലേക്ക് താഴ്‌ന്നിരുന്നു. ആറ് മാസമായി റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിലും താഴെയാണ് താണയപ്പെരുപ്പം. കഴിഞ്ഞ വർഷം ഒക്ടോബറിൽ നാണയപ്പെടുപ്പം 6.2 ശതമാനമായിരുന്നു. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും കാർഷിക മേഖലയിലെ പ്രതിസന്ധികളും ഒഴിഞ്ഞതോടെ വിപണിയിൽ വില സമ്മർദ്ദം ഗണ്യമായി കുറഞ്ഞു.
നടപ്പു വർഷം ഫെബ്രുവരിയ്ക്ക് ശേഷം സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാനായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് മൂന്ന് തവണയായി ഒരു ശതമാനം കുറച്ചിരുന്നു. റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിലവിൽ 5.5 ശതമാനമാണ്.
ഭവന, വാഹന മേഖലകൾക്ക് ആശ്വാസമാകും
റിപ്പോ നിരക്ക് വീണ്ടും കുറയുന്നതോടെ രാജ്യത്തെ ഭവന, വാഹന, കോർപ്പറേറ്റ് മേഖലകൾക്ക് ഏറെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്ക് സേവന നികുതി കുറഞ്ഞിട്ടും രാജ്യത്തെ വാഹന വിപണിയിൽ പ്രതീക്ഷിച്ച ഉണർവുണ്ടായിട്ടില്ല. റിയൽ എസ്‌റ്റേറ്റ് രംഗത്തും മാന്ദ്യം ശക്തമാണ്.
ജൂലായ്-ആഗസ്‌റ്റ് കാലയളവിൽ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച
6.5%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |