
കോട്ടയം: ലഹരി ഇടപാടിനെ തുടർന്നുള്ള സാമ്പത്തിക തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. കറുകച്ചാൽ തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന മാങ്ങാനം കളമ്പുകാട്ടുകുന്ന് താന്നിക്കൽ ആദർശ് സോമനാണ് (23) കൊലക്കത്തിക്കിരയായത്.
കോട്ടയം നഗരസഭാ മുൻ യു.ഡി.എഫ് കൗൺസിലർ വേളൂർ മാണിക്കുന്നം ലളിതാ സദനത്തിൽ വി.കെ. അനിൽകുമാറിന്റെ (ടിറ്റോ) മകൻ അഭിജിത്ത് (വാവ-24) അറസ്റ്റിൽ. അനിൽകുമാറും ഭാര്യ ശ്രീലതയും കസ്റ്റഡിയിൽ.
ഇന്നലെ പുലർച്ചെ 1.45 ഓടെ അനിൽകുമാറിന്റെ മാണിക്കുന്നത്തെ വീടിനു മുന്നിലായിരുന്നു സംഭവം.
നിരവധി ലഹരി കേസുകളിൽ പ്രതികളാണ് അഭിജിത്തും ആദർശും. മാർച്ചിൽ അഭിജിത്തിന്റെ പക്കൽ നിന്നു ആദർശ് 1500 രൂപയുടെ എം.ഡിഎം.എ കടമായി വാങ്ങിയിരുന്നു. പണം നൽകാതിരുന്നതോടെ തർക്കമായി. തന്റെ ബൈക്ക് പണയപ്പെടുത്താൻ സൗകര്യമൊരുക്കിയാൽ പണം നൽകാമെന്ന് ആദർശ് പറഞ്ഞു. അഭിജിത്ത് ശാസ്ത്രി റോഡിലെ സ്ഥാപനത്തിൽ അവസരമൊരുക്കി. ബൈക്ക് പണയപ്പെടുത്തി പതിനായിരം രൂപ കിട്ടിയെങ്കിലും അഭിജിത്തിന് 1500 രൂപ നൽകിയില്ല.
കഴിഞ്ഞ ദിവസം ആദർശിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും അഭിജിത്ത് ഭീഷണിപ്പെടുത്തിയിരുന്നു. പകരം ചോദിക്കാനാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ ആദർശ് സുഹൃത്തായ റോബിനുമായി അഭിജിത്തിന്റെ വീടിന് മുന്നിലെത്തിയത്.
ഇരുവരും തമ്മിൽ തർക്കവും കൈയ്യാങ്കളിയുമായി. അഭിജിത്ത് കത്തികൊണ്ട് ആദർശിനെ പലതവണ കുത്തുകയായിരുന്നു. അനിൽകുമാറും ശ്രീലതയും ഓടിയെത്തി പിടിച്ചു മാറ്റാൻ ശ്രമിച്ചു. കഴുത്തിനുൾപ്പെടെ കുത്തുകൊണ്ട ആദർശ് റോഡരികിലൂടെ നടന്ന് വെള്ളക്കെട്ടിൽ വീണു. അനിൽകുമാറും റോബിനും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ കീഴടക്കി. അഭിജിത്തിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകമായി. നായയെ അഴിച്ചുവിട്ട് പൊലീസിനെ അക്രമിക്കാൻ ശ്രമിച്ച പഴയ കേസിലെ പ്രതിയാണ് റോബിൻ . ഇയാളാണ് മുഖ്യസാക്ഷി. അഭിജിത്തിനെ റിമാൻഡ് ചെയ്തു. ആദർശിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ് സോമൻ. മാതാവ്: സുജാത. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |