
കൊല്ലം: ചവറ പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ മെഡിക്കൽകോളേജിൽ മരിച്ച സംഭവത്തിൽ ചികിത്സാ വീഴ്ച അന്വേഷിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംഘത്തിന് മുന്നിൽ വേണുവിന്റെ ഭാര്യ സിന്ധു മൊഴി നൽകി. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലെ അനാസ്ഥയും അവിടെയുണ്ടായ ദുരനുഭവങ്ങളും സംഘത്തിന് മുന്നിൽ സിന്ധു വെളിപ്പെടുത്തി.
ചവറ കെ.എം.എം.എൽ ഗസ്റ്റ് ഹൗസിൽ ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. ടി.കെ.പ്രേമലതയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. അൻജിയോഗ്രാം ചെയ്യാഞ്ഞതിനുള്ള ന്യായീകരണമായി മെഡി. കോളേജ് ആശുപത്രി അധികൃതർ പറഞ്ഞ ക്രിയാറ്റിന്റെ അളവ് കൂടതലാണെന്ന വാദം പൊളിക്കുന്ന വിവിധ പരിശോധനാ ഫലങ്ങളും ചികിത്സാ രേഖകളും സിന്ധു അന്വേഷണ സംഘത്തിന് കൈമാറി.
വേണുവിന്റെ വൃക്കയ്ക്കും കരളിനും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന ഡോക്ടർമാരുടെ വാദവും സിന്ധു തള്ളി. ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ഡോക്ടർമാർ പറഞ്ഞിരുന്നില്ല.
കഴിഞ്ഞമാസം 31ന് രാത്രി വേണുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത് മുതലുള്ള കാര്യങ്ങൾ സിന്ധു വിശദീകരിച്ചു. ജില്ലാ ആശുപത്രിയിൽ നിന്ന് അടിയന്തര അൻജിയോഗ്രാം നിർദ്ദേശിച്ചുള്ള റിപ്പോർട്ടുമായി ചെന്നിട്ടും നംവബർ 2ന് രാത്രി തറയിലാണ് കിടത്തിയത്.
വേണുവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ അന്ന് രാത്രി കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർമാർ തയ്യാറായില്ല. 3ന് രാവിലെ കാർഡിയോളജിസ്റ്റിനെ കണ്ടപ്പോൾ 5ന് അൻജിയോഗ്രാം നടത്താമെന്നാണ് പറഞ്ഞത്. അന്നത്തെ അൻജിയോഗ്രാമിന്റെ പട്ടികയിൽ വേണുവിന്റെ പേരില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ബെഡ് ഒഴിവില്ലെന്നാണ് പറഞ്ഞത്. ഡോക്ടർമാർ മിന്നായം പോലെയാണ് വാർഡിൽ വന്നുപോയിരുന്നത്. ചൊവ്വാഴ്ച നല്ല വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ മാത്രമാണ് പുതിയ മരുന്ന് കുറിച്ചത്. കാർഡിയോളജിസ്റ്റ് ഒരു തവണ മാത്രമാണ് വേണുവിനെ നോക്കിയത്. ബാക്കി പരിശോധന നടത്തിയതെല്ലാം വാർഡ് ഡ്യൂട്ടി ഡോക്ടർമാരാണ്. നഴ്സുമാരും അറ്റൻഡർമാരും മനുഷ്യത്വമില്ലാതെയാണ് പെരുമാറിയതെന്നും സിന്ധു മൊഴി നൽകി. ഇക്കാര്യങ്ങളെല്ലാം പ്രത്യേകം എഴുതിയും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |