
ഗുവാഹത്തി: മുനാവാലയുടെ തലവട്ടം കണ്ടാൽ മറ്റ് 106 പേരും വിരളും! അവനോട് മുട്ടി നിൽക്കാൻ പറ്റുന്നവർ വേറെയില്ല. ആസാമിലെ പോബിത്തോറ വന്യജീവി സങ്കേതത്തിലെ മുടിചൂടാമന്നനാണ് അതിശക്തനായ ഈ കാണ്ടാമൃഗം.
16 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പോളിത്തോറയിൽ 107 കാണ്ടാമൃഗങ്ങളാണ് പ്രധാന അന്തേവാസികൾ. മിനി കാസിരംഗ എന്നു കൂടി അറിയപ്പെടുന്ന ഇവിടെ ദേശാടകർ ഉൾപ്പെടെ 376 ഇനം പക്ഷികളുമുണ്ട്.
ആസാം തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് പോബിത്തോറയിൽ എത്താം. കണ്ടാമൃഗത്തെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ ഏറ്റവും അനുയോജ്യം പോബിത്തോറയാണ്. കുറഞ്ഞ വിസ്തൃതിയിൽ കൂടുതൽ കാണ്ടാമൃഗങ്ങൾ ഉള്ളതിനാൽ അവയെ കാണാൻ എളുപ്പമാണ് എന്നതാണ് കാരണം. കാസിരംഗ നാഷണൽ പാർക്കിനെ അപേക്ഷിച്ച് ഗുവാഹത്തിയിൽ നിന്നുള്ള യാത്രാദൂരവും കുറവാണ്.
ആനപ്പുറത്തേറിയും വനം വകുപ്പിന്റെ തുറന്ന ജിപ്സി വാഹനത്തിലും കാണ്ടാമൃഗത്തെ കാണാൻ പോകാം. വെള്ളക്കെട്ടും പുൽമേടുകളും ഇടകലർന്ന പ്രദേശമാണ് കാണ്ടാമൃഗങ്ങൾക്ക് പഥ്യം. ഇവിടത്തെ ട്രൈബൽ വിഭാഗങ്ങളുടെ പശുക്കൾക്കൊപ്പം ഇടകലർന്ന് പുല്ലു മേയാൻ ഇവ താത്പര്യം കാണിക്കുന്നു. കാസിരംഗയെക്കാൾ പോബിത്തോറയിലെ കാണ്ടാമൃഗങ്ങൾ മനുഷ്യരോട് കൂടുതൽ സൗഹാർദ്ദപരമായി ഇടപെടുമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.
പോളിത്തോറയിലെ കാണ്ടാമൃഗങ്ങൾക്കെല്ലാം വനംവകുപ്പ് പേര് നൽകിയിട്ടുണ്ട്. അവയുടെ ശാരീരിക സവിശേഷതകളാണ് പേരിന് പ്രധാനമായും ആധാരം. പിൻഭാഗത്തെ നീർവീക്കം പോലുള്ള വലിയ തടിപ്പാണ് മുനാവാലയുടെ പേരിന് അടിസ്ഥാനം. മസിൽക്കരുത്തുകൊണ്ട് മറ്റ് ആൺ കാണ്ടാമൃഗങ്ങളെ വിരട്ടി വലിയൊരു കൂട്ടം പെൺ കാണ്ടാമൃഗങ്ങളെ വരുതിയിലാക്കി വാഴുകയാണ് മുനാവാല. പോബിത്തോറയുൾപ്പെടെ വന്യജീവി സങ്കേതങ്ങളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത് മുനാവാലയെപ്പോലുള്ള വികൃതിവീരന്മാരാണ്.
നവംബർ മുതൽ മാർച്ച് വരെയാണ് സന്ദർശനത്തിന് അനുയോജ്യം. ബ്രഹ്മപുത്രയിൽ വെള്ളം ഉയർന്നാൽ പോബിത്തോറ വന്യമൃഗസങ്കേതത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിലാകും.
പോബിത്തോറയിലെ മൃഗങ്ങളുടെ സംരക്ഷണത്തിന് എ.കെ. 47 തോക്കുകളുമായി നിരവധി വനം ഉദ്യോഗസ്ഥരുണ്ട്. 2014 നു ശേഷം ഒരു കാണ്ടാമൃഗം പോലും വേട്ടയാടപ്പെട്ടിട്ടില്ല ഇവിടെ.
കാണ്ടാമൃഗം: 107
സസ്തനികൾ: 22
പക്ഷികൾ : 376 ഇനം
സന്ദർശകർ : 35 ലക്ഷം (ഈ വർഷം നവംബർ വരെ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |