
പരമ്പരാഗത വ്യവസായങ്ങളെല്ലാം അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന കാലത്ത് തങ്ങളുടെ കുലത്തൊഴിലിനെ ചേർത്തു നിർത്തുകയാണ് തമിഴ്നാട്ടിലെ നാഗർകോവലിനടുത്തുള്ള ചുങ്കൻകടൈ എന്ന ഗ്രാമം. ഈ ഗ്രാമത്തിനെ അടയാളപ്പെടുത്തുന്നത് തന്നെ ഇവിടുത്തെ ജനതയുടെ പാരമ്പര്യതൊഴിലായ മൺപാത്രനിർമ്മാണത്തിന്റെ പേരിലാണ്. ഇന്ന് തമിഴ്നാടിന്റെ ഭാഗമാണെങ്കിലും ഒരു കാലത്ത് ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. മലയാളവും തമിഴും കലർന്ന ഭാഷയിലാണ് ഇവിടുത്തുകാർ സംസാരിക്കുന്നത്.
ഇവർക്ക് മൺപാത്രനിർമ്മാണം വെറും തൊഴിൽ മാത്രമല്ല. അതിനുമപ്പുറം അവരുടെ ജീവിതത്തെ സമ്പൂർണമാക്കുന്ന ഒന്നാണ്. ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെ ഇവിടെ മൺപാത്രനിർമ്മാണത്തിൽ ഏർപ്പെടുന്നു. 1975ൽ ഫാദർ ജെയിംസാണ് ജനങ്ങൾക്ക് ഒന്നിച്ചിരുന്ന് അവരുടെ കുലത്തൊഴിൽ ചെയ്യുന്നതിനായി ഒരു സൊസൈറ്റിക്ക് രൂപം നൽകി അതിനായി ഭൂമി വിട്ടുനൽകിയത്. ഇന്ന് 40 ഓളം കുടുംബങ്ങളിൽ നിന്നുള്ളവർ ഒന്നിച്ച് പ്രവർത്തിക്കുന്ന ഒരു സൊസൈറ്റിയിലാണ് മൺപാത്രനിർമ്മാണം നടക്കുന്നത്. അതിരാവിലെ ഇവിടേയ്‌ക്കെത്തി അന്തിമയങ്ങുന്നതുവരെയുള്ള സമയങ്ങളിൽ ജീവിതത്തിലെ ആവലാതികളും ഇവിടെ പങ്കുവയ്‌ക്കപ്പെടുന്നു.
പണ്ടുകാലത്ത് മഴപെയ്തശേഷം ആനത്താരകളിലൂടെ നടന്നുപോകുമ്പോൾ ആനയുടെ കാലു പതിഞ്ഞ ചില ഇടങ്ങളിൽ മാത്രം ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കുന്നത് അന്നത്തെ മനുഷ്യരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ആ ഭാഗം അതുപോലെ ചെത്തിയെടുത്ത് ഉണക്കിയെടുത്തപ്പോൾ അതൊരു പാത്രത്തിന്റെ രൂപത്തിൽ കിട്ടി. അതിൽ നിന്നും മണ്ണിന്റെ പ്രത്യേകത മനസിലാക്കിയ ജനങ്ങൾ പിന്നീട് മൺപാത്രനിർമ്മാണത്തിലേക്ക് കടക്കുകയായിരുന്നെന്ന് ഗ്രാമവാസികൾ പറയുന്നു.
കളിമണ്ണ് തേടിയെടുക്കൽ
ഗ്രാമത്തിൽ പലയിടങ്ങളിലും ചെറിയ ജലാശയങ്ങളുണ്ട്. ഇവയുടെ അടിത്തട്ടിൽ നിന്നാണ് മൺപാത്രനിർമ്മാണത്തിന് ആവശ്യമായ കളിമണ്ണ് ഇവർ ശേഖരിക്കുന്നത്. എല്ലാത്തരം പാത്രങ്ങൾക്കും ഒരേ പോലുള്ള മണ്ണല്ല ഇവർ ഉപയോഗിക്കുന്നത്. ഓരോ പാത്രങ്ങൾക്കും അനുയോജ്യമായ മണ്ണ് സ്‌പർശം കൊണ്ട് തിരിച്ചറിയാൻ ഇവർക്ക് സാധിക്കുന്നു. പിന്നീട് ഈ മണ്ണിൽ നിന്നും അനാവശ്യ വസ്‌തുക്കൾ നീക്കം ചെയ്‌ത് അരച്ചെടുക്കുന്നു. ഒരു ചെറിയ തരിയെങ്കിലും ഉണ്ടായാൽ പാത്രങ്ങൾ ചൂളയിൽ ഇടുന്ന സമയത്ത് പൊട്ടിപോകാൻ സാദ്ധ്യതയുണ്ട്.
വിശ്വാസം കൈവിടാത്തവർ
മണ്ണിനെ ഉരുട്ടി ശിവലിംഗം പോലെയാണ് ചക്രത്തിനു മുകളിൽ വയ്‌ക്കുന്നത്. പിന്നീട് ഇതിനു മുകളിലേക്ക് വെള്ളം ചേർത്ത് മയപ്പെടുത്തും. ഈ രീതിക്കും ഇവർക്കിടയിൽ ഒരു വിശ്വാസമുണ്ട്. മഹാദേവൻ കുശവന്മാർക്ക് അനുഗ്രഹിച്ച് നൽകിയ കലയാണ് മൺപാത്രനിർമ്മാണമെന്ന് പലരും വിശ്വസിക്കുന്നു. പഴയ തലമുറകൾക്കിടയിൽ ഈ വിശ്വാസം അധികമാണ്. അതിനാൽ ചക്രത്തിനുള്ളിൽ വലിയൊരു ശിവലിംഗം പോലെ കളിമൺ കുഴച്ചു വച്ച് അതിലേക്ക് വെള്ളം ഒഴിക്കുമ്പോൾ ശിവന് അഭിഷേകം നടത്തുന്നതായാണ് പലരും സങ്കൽപ്പിക്കുന്നത്.
പാത്രങ്ങളുടെ അടിഭാഗം ഒഴികെയുള്ള ഭാഗങ്ങൾ ചക്രത്തിനുള്ളിൽ വച്ച് രൂപപ്പെടുത്തുന്നു. പിന്നീട് ഇത് വെയിലത്ത് വച്ച് ഉണക്കിയെടുത്ത ശേഷം അടിഭാഗം കളിമൺ ഉപയോഗിച്ച് തട്ടിയെടുക്കുന്നു. പ്രധാനമായും അടിഭാഗങ്ങൾ തട്ടിയെടുക്കുന്നത് സ്‌ത്രീകളാണ്. ഇങ്ങനെ രൂപപ്പെടുത്തിയ പാത്രങ്ങൾ നിഴലിൽ ഉണക്കിയ ശേഷമാണ് ഒരു ദിവസം മുഴുവൻ ചൂളയിലിട്ടെടുക്കുന്നത്.
പ്രതിസന്ധികൾക്കിടയിലും ഒന്നായ്
ഇത്രയധികം ഘട്ടങ്ങളിലൂടെ കടന്ന് വന്നിട്ടും മറ്റേതൊരു കൈത്തൊഴിലിനെയും പോലെ മൺപാത്രനിർമ്മാണത്തിൽ നിന്ന് ലഭിക്കുന്ന വരുമാനവും വളരെ തുച്ഛമാണ്. രാവന്തിയോളം പണിയെടുക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്ന തുകയെക്കാളധികം ഇത് പുറത്തെത്തിച്ച് കച്ചവടം നടത്തുന്ന ഇടനിലക്കാർ സ്വന്തമാക്കുന്നു. വേറെയുമുണ്ട് ഒരുപാട് പ്രയാസങ്ങൾ. അതിൽ ആദ്യത്തേത് മണ്ണ് ശേഖരിക്കുന്നത് തന്നെയാണ്. പണ്ട് ഗ്രാമത്തിൽ എവിടെ നിന്ന് വേണമെങ്കിലും ഇവർക്ക് മണ്ണ് ശേഖരിക്കാൻ കഴിയുമായിരുന്നു. എന്നാൽ സമീപകാലത്തായി സർക്കാർ അതിൽ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനാൽ കളിമൺപാത്രനിർമ്മാണത്തിന് ആവശ്യമായ മണ്ണ് എത്തിക്കുന്നത് വലിയ പ്രയാസം നേരിടുന്നു.
പുതിയ തലമുറകളിൽ പലരും ഇന്ന് വിദ്യാഭ്യാസം നേടി പുതുവഴികൾ തേടി പോയെങ്കിലും അവരുടെ വേരുകൾ ഇവിടെ അവശേഷിക്കുന്നു. സമയം കിട്ടുമ്പോഴൊക്കെ സമാധാനത്തിനും സന്തോഷത്തിനുമായി ആ വേരുകൾ അന്വേഷിച്ച് തിരികെയെത്താൻ അവർ മറക്കാറില്ല. കാലാവസ്ഥാവ്യതിയാനം കാരണം വർഷത്തിൽ മുക്കാൽ ഭാഗവും മഴ ലഭിക്കുന്ന ഈ കാലത്ത് കളിമൺപാത്ര നിർമ്മാണം പ്രതിസന്ധിയിലാണ്. ഈ സമയം മുതിർന്നവർ തൊഴിലില്ലാതെ വീട്ടിലിരിക്കുമ്പോൾ പുതിയ തലമുറയാണ് മറ്റ് തൊഴിലുകൾ ചെയ്‌ത് കുടുംബം നോക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |