
ആലപ്പുഴ: സംസ്ഥാനത്തെ ബോട്ടുജെട്ടികളിൽ ചെറിയ കഫറ്റേരിയ മാതൃകയിൽ കോഫി, സ്‌നാക്സ് വെന്റിംഗ് മെഷീനുകളും അവ കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്താനൊരുങ്ങി ജലഗതാഗത വകുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ടെണ്ടർ നടപടികളിലേക്ക് കടക്കും. കൂടുതൽ യാത്രക്കാർ വന്നുപോകുന്നബോട്ടുജെട്ടികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.
ഇതനുസരിച്ച് ആലപ്പുഴ, മുഹമ്മ, കൊല്ലം,എറണാകുളം,കണ്ണൂർ തുടങ്ങിയ ബോട്ടുജെട്ടികളിൽ ആദ്യം പദ്ധതി നടപ്പാക്കും.ടൂറിസ്റ്റുകൾ,വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ എന്നിവർ കൂടുതലായി എത്തുന്ന ബോട്ട് ജെട്ടികളാണിവ. ടിക്കറ്റേതിര വരുമാനം വർദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. ഒരു സ്വകാര്യ കമ്പനി വെന്റിംഗ് മെഷീൻ സ്ഥാപിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും 5000 രൂപ വാടകയിനത്തിൽ നൽകാമെന്നും അറിയിച്ചിട്ടുണ്ടെങ്കിലും ടെണ്ടർ നടപടികളിലേക്ക് കടക്കാനാണ് വകുപ്പ് തീരുമാനം.
നവവത്സരത്തിൽ നടപ്പാക്കും
അടുത്ത വർഷം ആദ്യം പദ്ധതി ആരംഭിക്കാനാണ് ആലോചന. സംസ്ഥാനത്ത് ദിവസേന 27,000 പേർ ബോട്ടിനെ ആശ്രയിക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സർവീസുകൾ കൂടുതലുള്ളത്.
ഇതിൽ ഏറ്റവും കൂടുതൽ സർവീസ് ആലപ്പുഴയിലാണ്. കൂടാതെ ടൂറിസം ബോട്ടുകളിൽ ധാരാളം സഞ്ചാരികളും എത്തുന്നുണ്ട്. ഇവർക്കും പദ്ധതി ഏറെ പ്രയോജനപ്പെടും.കണ്ണൂർ പറശിനിക്കടവിൽ പുതുതായി സർവീസ് ആരംഭിക്കാനിരിക്കുന്ന ടൂറിസം ബോട്ടിൽ കഫറ്റേരിയ സൗകര്യം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബോട്ട് സ്റ്റേഷനുകൾ: 14
ആകെ ബോട്ടുകൾ: 53
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |