
ബി.ജെ.പിക്ക് തോൽപ്പിക്കാനാകില്ല
ന്യൂഡൽഹി: ബംഗ്ളാദേശികളെ തുരുത്തുകയെന്നതാണ് തീവ്ര വോട്ടർ പട്ടിക പരിഷ്‌കാരത്തിന്റെ (എസ്.ഐ.ആർ) ലക്ഷ്യമെങ്കിൽ അതുനടക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടികയിൽ തിടുക്കത്തിൽ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട മമത, ബി.ജെ.പിക്ക് രാഷ്‌ട്രീയമായി തന്നോട് പൊരുതാനും തന്നെ തോൽപ്പിക്കാനുമാകില്ലെന്നും പറഞ്ഞു. നോർത്ത് 24 പർഗനാസ് ജില്ലയിലെ ബാങ്കാവിൽ നടന്ന എസ്.ഐ.ആർ വിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
'ബംഗ്ലാദേശിനെ ഒരു രാജ്യമെന്ന നിലയിൽ ഞാൻ സ്നേഹിക്കുന്നു, കാരണം ഞങ്ങളുടേത് ഒരേ ഭാഷയാണ്. ബിർഭൂമിൽ നിന്നാണെങ്കിലും എന്നെയും ഒരു ദിവസം അവർ ബംഗ്ലാദേശി എന്നുവിളിക്കും. ഞാനിവിടെയുള്ളിടത്തോളം നിങ്ങളെ പുറത്താക്കാനനുവദിക്കില്ല. അതിർത്തി കാവലും പാസ്പോർട്ട്, കസ്റ്റംസ് നടപടികളുമെല്ലാം കേന്ദ്ര ഏജൻസികളുടെ ജോലിയാണ്. എന്നിട്ടും ബംഗാളിൽ ബംഗ്ളാദേശികൾ നുഴഞ്ഞു കയറിയതെങ്ങനെ. ബംഗ്ലാദേശികളാണ് പ്രശ്നമെങ്കിൽ, മദ്ധ്യപ്രദേശിലും യു.പിയിലും എന്തിനാണ് എസ്.ഐ.ആർ നടത്തുന്നത്. തിടുക്കത്തിൽ എസ്.ഐ.ആർ നടത്തുന്നതെന്തിനാണ്. രണ്ടോ മൂന്നോ വർഷം നീളുന്ന പ്രക്രിയാണെങ്കിൽ തങ്ങളും പിന്തുണയ്‌ക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ 'ബി.ജെ.പി കമ്മിഷൻ"ആയി"- മമത ആരോപിച്ചു.
എസ്.ഐ.ആറിനുശേഷം കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ബി.ജെ.പിയുടെ കളി വ്യക്തമാകും. 2024ലെ വോട്ടർ പട്ടിക പ്രകാരമാണ് പ്രധാനമന്ത്രി മോദി തിരഞ്ഞെടുക്കപ്പെട്ടത്. ആ പട്ടികയിലെ പേരുകളില്ലാതാക്കിയാൽ കേന്ദ്ര സർക്കാരിനെയും ഇല്ലാതാക്കണം. എസ്.ഐ.ആർ ഉപയോഗിച്ചുള്ള ബി.ജെ.പിയുടെ കളി ബീഹാറിൽ പ്രതിപക്ഷത്തിന് മനസിലായില്ല. ആ കളി ഇവിടെയെടുക്കാൻ തൃണമൂൽ കോൺഗ്രസ് സമ്മതിക്കില്ല. ബംഗ്ളാദേശി ഹിന്ദുക്കൾക്ക് ബി.ജെ.പി പണം നൽകി പൗരത്വം നൽകുന്നുണ്ട്. അവരെല്ലാം ഭാവിയിൽ കുഴപ്പത്തിലാകും. എ.ഐ സഹായത്തോടെ ബി.ജെ.പി വ്യാജ വോട്ടുകളുണ്ടാക്കുന്നുവെന്നും മമത ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |