
തിരുവനന്തപുരം: മലയാളസിനിമയിലെ ഓൾറൗണ്ടറായ ബാലചന്ദ്രമേനോൻ, സിനിമാജീവിതം അരനൂറ്റാണ്ട് പിന്നിട്ടതിന്റെ ആഘോഷം 29ന് വൈകിട്ട് 6ന് ടാഗോർ തിയേറ്ററിൽ നടക്കും.സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ജഗതി ശ്രീകുമാർ ഉൾപ്പെടെ സിനിമാരംഗത്തുനിന്നുള്ള പ്രമുഖരും ബാലചന്ദ്രമേനോന്റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും.ബാലചന്ദ്രമേനോൻ സ്ഥാപകനായ 'റോസസ് ദ ഫാമിലി ക്ലബ്ബ് പരിപാടികൾക്ക് നേതൃത്വം നൽകും.
1978ൽ പുറത്തിറങ്ങിയ 'ഉത്രാടരാത്രി' മുതൽ 'കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാലചന്ദ്രമേനോൻ' എന്ന വരികൾ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1975ൽ നാന വാരികയുടെ സിനിമാ ജേർണലിസ്റ്റ് ആയി തുടങ്ങിയ യാത്ര രണ്ടുവർഷത്തിനുശേഷം അദ്ദേഹത്തെ സ്വന്തം സിനിമയിലേക്ക് എത്തിച്ചു. ആറ് സിനിമകൾക്കുശേഷം, 1981ൽ പുറത്തിറങ്ങിയ 'മണിയൻപിള്ള അഥവാ മണിയൻപിള്ള' എന്ന സിനിമയിലൂടെ രചനയ്ക്കും സംവിധാനത്തിനുമൊപ്പം നടനായും മേനോൻ വെള്ളിത്തിരയിലെത്തി.
നിർമ്മാതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, എഡിറ്റർ തുടങ്ങി സിനിമയുടെ സകല മേഖലകളിലും മേനോൻ കൈവച്ചു. 1998ൽ സ്വന്തം സൃഷ്ടിയായ 'സമാന്തരങ്ങളി'ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2007ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മുഖ്യമന്ത്രിയുടെ വേഷം ചെയ്യുകയാണ് അദ്ദേഹമിപ്പോൾ. വൈകാതെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയും ബാലചന്ദ്രമേനോനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |