
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാർ പറഞ്ഞത്.
അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞതുപ്രകാരമാണെന്നും തന്ത്രിമാർ വ്യക്തമാക്കി. ദെെവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് ചുമതലയെന്നും തന്ത്രിമാർ അറിയിച്ചു. ഇരുവരും എസ്ഐടി ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.
അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം പ്രസിഡന്റും കമ്മിഷണറുമായ എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഡിസംബർ മൂന്നിന് വിധി പറയും. കട്ടിളപ്പാളിയിലെ സ്വർണം കവർന്നതിൽ എൻ വാസുവിന് പങ്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരം എസ്ഐടി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
വാസുവിന്റെ അഭിഭാഷകരുടെ വാദം ഇങ്ങനെ: കട്ടിളപ്പാളികൾ പോറ്റിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2019 ഫെബ്രുവരി 16ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നൽകിയ കത്തിൽ സ്വർണം പൂശിയ ചെമ്പ് പാളികളെന്നാണ് എഴുതിയിരുന്നത്. ഉചിതമായ തീരുമാനമെടുക്കണമെന്ന കുറിപ്പ് മാത്രമാണ് വാസു എഴുതിയത്. അപേക്ഷ ബോർഡ് യോഗത്തിൽ വയ്ക്കാനായി തയ്യാറാക്കിയ നോട്ടിലാണ് സ്വർണത്തിന് പകരം ചെമ്പ് കടന്നു കൂടിയത്. 2019 മാർച്ച് 14ന് എൻ വാസു കമ്മിഷണർ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് കട്ടിളപ്പാളി പോറ്റിക്ക് കൊടുക്കാൻ ബോർഡ് തീരുമാനിച്ചത്. എന്നാൽ എൻ വാസുവിന് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തെളിവുകളെല്ലാം എസ്ഐടി കസ്റ്റഡിയിലെടുത്തിരിക്കുന്നതിനാൽ അത് നശിപ്പിക്കാനുള്ള സാദ്ധ്യതയില്ലെന്ന് പ്രതി ഭാഗം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |