ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) പാർലമെന്റിന്റെ അനുമതി ഇല്ലാതെ സ്വകാര്യവത്‌കരിക്കാൻ കേന്ദ്രസർക്കാരിന് കഴിയും.
ബി.പി.സി.എൽ, ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ടി.എച്ച്.ഡി.സി ഇന്ത്യ, നീപ്‌കോ എന്നീ പൊതുമേഖലാ കമ്പനികളിൽ സർക്കാരിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ സെക്രട്ടറിതല സമിതി അനുമതി നൽകിയിരുന്നു. ഇതിൽ ബി.പി.സി.എല്ലിന്റെ ഓഹരി വിൽക്കാൻ പാർലമെന്റിന്റെ അനുമതി വേണമെന്നായിരുന്നു ചട്ടം. 2016ൽ കേന്ദ്രസർക്കാർ 'അനാവശ്യവുംകാലഹരണപ്പെട്ടതുമായ' 187 നിയമങ്ങൾ റദ്ദാക്കിയ കൂട്ടത്തിൽ ഈ ചട്ടവും ഇല്ലാതായി. ഇതോടെ സ്വകാര്യവത്കരണ നീക്കത്തിന് പാർലമെന്റിന്റെ ഇരുസഭകളിലും നേരിട്ടേക്കാവുന്ന എതിർപ്പിൽ നിന്നാണ് സർക്കാർ രക്ഷപ്പെടുന്നത്.
ബർമ്മ ഷെൽ എന്ന പേരിൽ 1920ൽ ആരംഭിച്ച ബി.പി.സി.എല്ലിനെ 1974ലെ എസോ ആക്‌ട്, 1976ലെ ബർമ്മ ഷെൽ ആക്‌ട് എന്നിവ വഴിയാണ് കേന്ദ്രസർക്കാർ ദേശസാൽക്കരിച്ചത്. ബി.പി.സി.എല്ലിന്റെ ഓഹരികൾ വിൽക്കാൻ പാർലമെന്റിന്റെ അനുമതി വേണമെന്ന് ഇവയിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. 2003ൽ വാജ്‌പേയി സർക്കാർ ബി.പി.സി.എൽ ഓഹരികൾ വിൽക്കാൻ ശ്രമിച്ചപ്പോൾ ഇതു ചൂണ്ടിക്കാട്ടി സുപ്രീം കോടതി എതിർത്തിരുന്നു.
ബി.പി.സി.എല്ലിൽ സർക്കാരിന് 53.29 ശതമാനം ഓഹരിയുണ്ട്. പൊതുമേഖലാ കമ്പനികളിൽ സർക്കാരിന്റെ നിയന്ത്രണം കുറയ്‌ക്കുക, പൊതുമേഖലാ ഓഹരികൾ വിറ്റ് ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുക, ധനക്കമ്മി നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ബി.പി.സി.എല്ലിനെ പൂർണമായി സ്വകാര്യവത്‌കരിക്കുന്നത്.
നടപ്പു സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ 1.05 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ബി.പി.സി.എൽ
മൊത്തം വിപണിമൂല്യം 1.11 ലക്ഷം കോടി രൂപ
ഓഹരി വിൽക്കുമ്പോൾ പ്രതീക്ഷ 60,000 കോടി രൂപ
കൊച്ചി, മുംബയ്, മദ്ധ്യപ്രദേശിലെ ബിനാ, അസാമിലെ നുമാലിഗഡ് റിഫൈനറികൾ.
മൊത്തം സംസ്‌കരണ ശേഷി 38.3 ദശലക്ഷം ടൺ.
15,078 പെട്രോൾ പമ്പുകൾ
6,004 എൽ.പി.ജി വിതരണക്കാർ.
ചർച്ചകൾക്ക് തുടക്കം
ബി.പി.സി.എൽ ഓഹരി വിൽക്കാൻ വിദേശ എണ്ണക്കമ്പനികളുമായി പ്രാരംഭ ചർച്ച തുടങ്ങി. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോ ഇന്ത്യയിൽ നിക്ഷേപ താത്പര്യം അറിയിച്ചിട്ടുണ്ട്. റഷ്യയുടെ റോസ്‌നെഫ്‌റ്റിന് ഇന്ത്യയിൽ നിക്ഷേപമുണ്ട്. ബ്രിട്ടീഷ് പെട്രോളിയം, ടോട്ടൽ, ഷെൽ എന്നിവയും ഇന്ത്യയിൽ റീട്ടെയിൽ ഇന്ധന വിതരണത്തിന് ഒരുങ്ങുകയാണ്. ഈ കമ്പനികളുമായാണ് ചർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |