
വാഷിംഗ്ടൺ : 7.83 ഇഞ്ച് (19.89 സെന്റീമീറ്റർ ) നീളമുള്ള നാവിലൂടെ ഗിന്നസ് ലോക റെക്കാഡിൽ ഇടംനേടിയിരിക്കുകയാണ് യു.എസിലെ ഒക്‌ലഹോമയിൽ നിന്നുള്ള ഓസി എന്ന നായ. ഫ്രഞ്ച് മാസ്റ്റിഫ്-ബുൾ മാസ്റ്റിഫ് മിക്സ് ഇനത്തിൽപ്പെട്ട ഓസിക്ക് നാല് വയസുണ്ട്. റോക്കി എന്ന ബോക്സർ ഇനത്തിലെ നായയുടെ റെക്കാഡാണ് ഓസി തകർത്തത്. 2023ലാണ് ഇലിനോയ് സ്വദേശിയായ റോക്കി ലോകത്തെ ഏറ്റവും നീളമേറിയ നാവുള്ള നായ എന്ന റെക്കാഡ് നേടിയത്. 5.46 ഇഞ്ചായിരുന്നു റോക്കിയുടെ നാവിന്റെ നീളം. സ്ഥിരം ചെക്ക്-അപ്പിനിടെ ഡോക്ടർമാരാണ് ഓസിയുടെ നാവിന്റെ നീളം അളന്നതെന്നും നാവിന്റെ അസാധാരണമായ നീളം ഓസിയുടെ നേട്ടമാണെന്ന് തങ്ങൾ തിരിച്ചറിഞ്ഞത് അപ്പോഴാണെന്നും ഉടമയായ ഏഞ്ചല പിക്ക് പറഞ്ഞു. ജനിച്ച നാൾ മുതൽ ഓസിയുടെ നാവ് പുറത്തേക്ക് തള്ളിനിൽക്കുന്നത് ശ്രദ്ധിച്ചിരുന്നെന്നും ഏഞ്ചല വ്യക്തമാക്കി. കാർ യാത്ര പോകുന്നതും ഏഞ്ചലയുടെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതും ഡോഗ് ഫുഡ് കഴിക്കുന്നതുമാണ് ഓസിയുടെ ഇഷ്ടവിനോദങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |