
പാട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പോവുകയാണെന്ന് പ്രഖ്യാപിച്ച ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി കുടുംബത്തിനുവേണ്ടി രംഗത്ത്. രണ്ട് പതിറ്റാണ്ടായി ലാലു കുടുംബം താമസിച്ചിരുന്ന പാട്നയിലെ സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതിനുപിന്നാലെയാണ് രംഗത്തെത്തിയത്. പാട്നയിലെ 10, സർക്കുലർ റോഡിലെ സർക്കാർ ബംഗ്ലാവ് ഒഴിയണമെന്നാണ് സർക്കാർ അറിയിച്ചത്.
പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷമായി പ്രതികരിച്ച രോഹിണി, ഇത് ലാലു പ്രസാദ് യാദവിനെ അപമാനിക്കുന്നതാണെന്ന് പറഞ്ഞു.
'സുശാസൻ ബാബുവിന്റെ വികസന മാതൃക. കോടിക്കണക്കിന് ജനങ്ങളുടെ രക്ഷകനായ ലാലു പ്രസാദ് യാദവിനെ അപമാനിക്കുകയാണ് ലക്ഷ്യം. അവർക്ക് അദ്ദേഹത്തെ വീട്ടിൽനിന്ന് പുറത്താക്കാനായേക്കും, പക്ഷേ ബീഹാർ ജനതയുടെ ഹൃദയത്തിൽ നിന്ന് എങ്ങനെ പുറത്താക്കും? അദ്ദേഹത്തിന്റെ ആരോഗ്യത്തെ മാനിച്ചില്ലെങ്കിലും രാഷ്ട്രീയ പദവിയെയെങ്കിലും ബഹുമാനിക്കണം"- രോഹിണി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
ലാലുവിന്റെ ഭാര്യയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവിക്ക്, നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉപയോഗിക്കുന്നതിനായി ഹാർഡിംഗ് റോഡിലുള്ള 39-ാം നമ്പർ വീട് നിലവിൽ അനുവദിച്ചിട്ടുണ്ട്. 2005ൽ നിതീഷ് കുമാറിനായി 1, അനെ മാർഗിലെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുത്തപ്പോഴാണ് റാബ്‌റി ദേവിക്ക് 10, സർക്കുലർ റോഡിലെ ബംഗ്ലാവ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് അഭിമുഖമായാണിത്. പലതവണ മുന്നണി മാറിയിട്ടും 20 വർഷമായി ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നില്ല. മകൻ തേജ് പ്രതാപ് യാദവിനോടും ഔദ്യോഗിക വസതികൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി 26 എം സ്ട്രാൻഡ് റോഡിലെ സർക്കാർ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |