
തിരുവനന്തപുരം : യുവതി തനിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യമ നേടാനുള്ള നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുൻകൂർ ജാമ്യത്തിനുള്ള സാദ്ധ്യതകൾ തേടി കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകരുമായി രാഹുലുമായി ബന്ധപ്പെട്ടവർ ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്റെ സ്വഭാവവും പരിഗണിച്ച ശേഷം തുടർനടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് അതിജീവിത പരാതി നൽകിയത്. വാട്സാപ്പ് ചാറ്റ്, ശബ്ദരേഖ അടക്കമുള്ള തെളിവുകളും കൈമാറി.പരാതി ഡിജിപിക്ക് കൈമാറി. പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതിനിടെയാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്. രാഹുലിന്റെ ശബ്ദരേഖ പുറത്തുവന്ന സമയത്ത് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ആരും മൊഴി നൽകാതായതോടെ അന്വേഷണം വഴിമുട്ടിയിരുന്നു.
അതേസമയം പരാതിക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ എത്തിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോദ്ധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോദ്ധ്യപ്പെടുത്തുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
അതിനിടെ രാഹുലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ ഇന്ന് പരാതി നൽകിയിരുന്നു. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മിഷനെ ഉപയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽക്കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്ന പരാതിയിൽ ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |