
കറാച്ചി: പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയുടെ സത്യാവസ്ഥ പുറത്തറിയിക്കാൻ അധികാരികളെ പ്രേരിപ്പിക്കാനായി ജനങ്ങൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൻ കാസിം ഖാൻ രംഗത്തെത്തി. ഇമ്രാൻ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നും കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കാണാൻ അനുവാദമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിലും ചികിത്സാ രീതികളിലും ഒരുതരത്തിലുള്ള സുതാര്യതയും ഇല്ലെന്നും കാസിം ഖാൻ ആരോപിച്ചു.
'പിതാവിനെ 845 ദിസമായി തടവിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറാഴ്ചയായി അദ്ദേഹം മരണസെല്ലിൽ ഏകാന്ത തടവിലായിരുന്നു. അദ്ദേഹത്തെ കാണാൻ സന്ദർശകരെ അനുവദിക്കുന്നില്ല. കോടതി ഉത്തരവുകൾ പോലും ലംഘിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഇമ്രാന്റെ സഹോദരിമാർക്ക് സന്ദർശനാനുമതി ആവർത്തിച്ച് നിഷേധിക്കപ്പെട്ടു. മക്കൾക്ക് അദ്ദേഹവുമായി സമ്പർക്കമില്ല. ജീവിച്ചിരിക്കുന്നതിന് ഒരു തെളിവുമില്ല. ഇങ്ങനെയെല്ലാം ചെയ്യുന്നത് സുരക്ഷാ പ്രോട്ടോകോളിന്റെ ഭാഗമല്ല. മറിച്ച് ഇമ്രാന്റെ ആരോഗ്യസ്ഥിതി മറച്ചുവയ്ക്കാനുള്ള ബോധപൂർവമായ ശ്രമമാണ്'-കാസിം ഖാൻ എക്സിൽ കുറിച്ചു. ഇമ്രാന് എന്തെങ്കിലും സംഭവിച്ചാൽ പാകിസ്ഥാൻ സർക്കാരും സർക്കാര നിർദ്ദേശങ്ങൾ അനുസരിക്കുന്നവരുമായിരിക്കും ഉത്തരവാദികൾ എന്നും കാസിം ഖാൻ പറഞ്ഞു. ഇമ്രാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ആഗോള മനുഷ്യാവകാശ സംഘടനകളും ജനാധിപത്യ സർക്കാരുകളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് ഇമ്രാൻ ജയിലിൽ കൊല്ലപ്പെട്ടു എന്നതരത്തിൽ വാർത്ത പ്രചരിച്ചത്. ഇതോടെ പാകിസ്ഥാനിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും കനത്തു. ആദ്യമൊന്നും വിഷയത്തിൽ പ്രതികരിക്കാതിരുന്ന അധികൃതർ സംഘർഷം കനത്തതോടെ ഇമ്രാൻ കൊല്ലപ്പെട്ടെന്ന വാർത്ത തള്ളി രംഗത്തെത്തി.
ആരോഗ്യവാനാണെന്നും കൊല്ലപ്പെട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ജയിൽ അധികൃതർ പ്രസ്താവനയിറക്കി. രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന വാർത്തയും നിഷേധിച്ചു. വൈദ്യ സഹായം നൽകുന്നുണ്ടെന്നും വ്യക്തമാക്കി.ഇമ്രാനെ കാണാൻ സഹോദരിമാരെ അനുവദിക്കുമെന്നും അറിയിച്ചു.
വാർത്ത പ്രചരിച്ചതിനൊപ്പം ഇമ്രാനെ കാണാൻ സഹോദരിമാരായ നൂറിൻ, അലീമ, ഉസ്മ എന്നിവരെ മൂന്ന് ആഴ്ചയിലേറെയായി അനുവദിക്കാതിരുന്നതാണ് കൊല്ലപ്പെട്ടെന്ന അഭ്യൂഹം പ്രചരിക്കാൻ ഇടയാക്കിയത്.ആഴ്ചയിൽ രണ്ടുതവണ ഇമ്രാനെ കാണാൻ കുടുംബാംഗങ്ങളെ അനുവദിക്കണമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ്. ജയിൽ അധികൃതർ വിസമ്മതിച്ചതോടെയാണ് ഇമ്രാൻ എവിടെയെന്ന ചോദ്യവുമായി സഹോദരിമാരും പാർട്ടി പ്രവർത്തകരും ജയിലിനു മുന്നിൽ പ്രതിഷേധിച്ചത്. അഴിമതി കേസുകളെ തുടർന്ന് 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ജയിലിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |