
സഹരാൻപുർ (ഉത്തർപ്രദേശ്): ബൈക്ക് യാത്രികനായ യുവാവിനെ ബോണറ്റിൽ കിടത്തി കാറോടിച്ചു. ഉത്തർപ്രദേശിലെ സഹരാൻപുരിലാണ് സംഭവം. റോഡിൽ നടന്ന വാക്കുതർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളുടെ സംഘമാണ് ബൈക്ക് യാത്രികനെ 500 മീറ്ററോളം ബോണറ്റിൽ കിടത്തി കാറോടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ബൈക്ക് യാത്രികൻ കാറിനെ ടിൻ ബോക്സെന്ന് കളിയാക്കി അധിക്ഷേപിച്ചതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. മുന്നിൽ പോകുന്ന ബൈക്ക് യാത്രികനോട് പിന്നാലെ വന്ന കാർ യാത്രികർ വഴി നൽകാൻ ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടെയുണ്ടായ തർക്കത്തിലാണ് ബൈക്ക് യാത്രികൻ കാറിനെ 'ടിൻ ബോക്‌സ്' എന്ന് വിളിച്ചത്. ഇത് കാറിലുണ്ടായിരുന്നവരെ ചൊടിപ്പിക്കുകയും പുറത്തിറങ്ങി ഇയാളെ മർദ്ദിക്കുകയുമായിരുന്നു.
ആക്രമണത്തിന് ശേഷം കാർ ഓടിച്ചു കടന്നുപോകാൻ ശ്രമിച്ച യുവാക്കളെ തടയാനായി ബൈക്ക് യാത്രികൻ വാഹനത്തിന് മുന്നിൽ വട്ടംപിടിച്ചു നിന്നു. എന്നാൽ, ഡ്രൈവർ കാർ വേഗത്തിലാക്കി മുന്നോട്ടെടുത്തതോടെ ഇയാൾ ബോണറ്റിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഏകദേശം 500 മീറ്ററോളം ബോണറ്റിലിട്ട് യുവാക്കൾ കാറോടിച്ചു. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഇയാൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആക്രമികൾ ഉടൻതന്നെ സംഭവസ്ഥലത്ത് നിന്ന് കാറോടിച്ച് രക്ഷപ്പെടുകയും ചെയ്തു.
വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാക്കൾ സഞ്ചരിച്ച വാഹനവും അക്രമികളെയും തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
सहारनपुर में एक बाइक वाले ने कार को "टीन का डिब्बा" कह दिया। इस बात से गुस्साए कार सवारों ने पहले बाईक वाले की पिटाई की फिर उसे कार के बोनट पर टांगकर ले गए। pic.twitter.com/3GsGBY4Dw3
— khalid choudhary (@Khalidptarkar33) November 27, 2025
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |