
ന്യൂഡൽഹി: 30-ാമത് ഐ.എഫ്.എഫ്.കെയിൽ വിയറ്റ്‌നാമിൽ നിന്നും പലസ്തീനിൽ നിന്നുമുള്ള സിനിമകൾ പ്രധാന ആകർഷണമായിരിക്കുമെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ഡോ.റസൂൽ പൂക്കുട്ടി.വിയറ്റ്‌നാം യുദ്ധത്തിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി കൺട്രി ഫോക്കസ് വിഭാഗത്തിൽ വിയറ്റ്‌നാമിൽ നിന്നുള്ള അഞ്ച് സിനിമകൾ പ്രദർശിപ്പിക്കും. പലസ്തീന് ഐക്യദാർഢ്യമായി പ്രത്യേക പാക്കേജ് അവതരിപ്പിക്കുമെന്നും റസൂൽ പൂക്കുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും.അഞ്ചുലക്ഷം രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.സിനിമയെ സമാരായുധമാക്കി സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്ന വനിതാ ചലച്ചിത്രപ്രവർത്തകർക്ക് നൽകുന്നതാണ് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്.
റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയുടെ മൂന്ന് സിനിമകൾ പ്രദർശിപ്പിക്കും.ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജൻമശതാബ്ദിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ലൊക്കേഷൻ സ്‌കെച്ചുകൾ ന്യൂ തിയേറ്റർ പരിസരത്ത് പ്രദർശിപ്പിക്കും.ഡിസംബർ 12ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേളയ്ക്ക് തിരിതെളിയും. എട്ട് ദിവസത്തെ മേളയിൽ 230 സിനിമകൾ പ്രദർശിപ്പിക്കും.ഡിസംബർ 19ന് നിശാഗന്ധിയിൽ നടക്കുന്ന സമാപനചടങ്ങിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും.മേളയ്ക്കായുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 25ന് ആരംഭിച്ചു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |