ന്യൂഡൽഹി: ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബാങ്കോങ്കിലേക്കു പോയതായി റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം, കോൺഗ്രസിന് നിർണായമായ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള രാഹുലിന്റെ യാത്രയ്‌ക്ക് എതിരെ പാർട്ടിയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ശനിയാഴ്ചയാണ് രാഹുൽ ബാങ്കോങ്കിലേക്കു പോയത്.
ഈ മാസം 21നാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾ. രാഹുൽഗാന്ധിയുടെ വിശ്വസ്തനും ഹരിയാന കോൺഗ്രസ് മുൻ അദ്ധ്യക്ഷനുമായ അശോക് തൻവാർ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. രാഹുൽ വളർത്തിക്കൊണ്ടുവന്ന നേതാക്കളെ പാർശ്വവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചും, സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ചുമാണ് തൻവാർ പാർട്ടി വിട്ടത്. ഇതേ പരാതിയുമായി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമും രംഗത്തെത്തിയിരുന്നു. അതേസമയം, ഒരാളുടെ വ്യക്തിപരമായ കാര്യങ്ങൾ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന്, രാഹുലിന്റെ വിദേശയാത്രയെ സൂചിപ്പിച്ച് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |