
വിദേശ നിക്ഷേപകരുടെ പിന്മാറ്റം തിരിച്ചടി
രൂപ@89.54
കൊച്ചി: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിലെത്തിച്ചു. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ അനിശ്ചിതമായി നീളുന്നതാണ് വിദേശ നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിച്ചത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 63 പൈസ നഷ്‌ടത്തോടെ ഒരവസരത്തിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 89.93ൽ എത്തിയിരുന്നു. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതോടെ വ്യാപാരാന്ത്യത്തിൽ രൂപ 89.55ൽ അവസാനിച്ചു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു. നടപ്പുവർഷം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് 1.46 ലക്ഷം കോടി രൂപ പിൻവലിച്ചതാണ് പ്രധാനമായും രൂപയ്ക്ക് തിരിച്ചടി സൃഷ്‌ടിച്ചത്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ നടപ്പു മാസം രൂപയുടെ മൂല്യം 90 കടക്കുമെന്ന് അനലിസ്റ്റുകൾ പറയുന്നു.
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനം(ജി.ഡി.പി) പ്രതീക്ഷിച്ചതിലും ഉയർന്ന 8.2 ശതമാനം വളർച്ച നേടിയതും രൂപയ്ക്ക് ആശ്വാസം പകർന്നില്ല.
സ്വർണ ഇറക്കുമതി തീരുവ ഉയർത്തിയേക്കും
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും വ്യാപാര കമ്മിയിലെ വർദ്ധനയും കണക്കിലെടുത്ത് സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ ഉയർത്തിയേക്കും. ഒക്ടോബറിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി 199.2 ശതമാനം ഉയർന്ന് 1,472 കോടി ഡോളറിലെത്തിയിരുന്നു. സ്വർണ ഇറക്കുമതിയിലെ കുതിപ്പ് ഇന്ത്യയുടെ വ്യാപാര കമ്മി ഉയർത്തുന്നതിിൽ ഗണ്യമായ പങ്ക് വഹിക്കുന്നുവെന്നാണ് വിലയിരുത്തൽ. നിലവിൽ സ്വർണ ഇറക്കുമതിക്ക് ആറ് ശതമാനം തീരുവയാണ് ഈടാക്കുന്നത്.
ഓഹരികളിലും വിൽപ്പന സമ്മർദ്ദം
വ്യാപാരത്തിന്റെ തുടക്കത്തിൽ റെക്കാഡ് പുതുക്കി മുന്നേറിയ ഇന്ത്യൻ ഓഹരി സൂചികകൾ രൂപ റെക്കാഡ് താഴ്ചയിലെത്തിയതോടെ അടിതെറ്റി. ഉയർന്ന തലത്തിൽ നിന്നും അറുനൂറ് പോയിന്റ് ഇടിവാണ് സെൻസെക്സ് നേരിട്ടത്. വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 64.77 പോയിന്റ് നഷ്‌ടത്തോടെ 85,641.90ൽ എത്തി. ദേശീയ സൂചിക 27.2 പോയിന്റ് കുറഞ്ഞ് 26,175.75ൽ അവസാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |