
തൃശൂർ:തേനീച്ചകളെ ബാധിക്കുന്ന രോഗങ്ങളുടെ ഗവേഷണത്തിന്,ഓസ്‌ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്‌സിറ്റിയിലേക്ക് അപേക്ഷിച്ചപ്പോൾ ഗോപികയ്ക്ക് കിട്ടിയത് 95 ലക്ഷത്തിന്റെ സ്‌കോളർഷിപ്പ് !. മൂന്നരവർഷത്തെ ഗവേഷണം അടുത്തവർഷം പൂർത്തിയാകുമ്പോൾ ഒരു തേനീച്ചയെപ്പോലും നോവിക്കാതെ തേൻ മാത്രം ഉപയോഗിച്ചുളള പഠനമെന്ന അപൂർവതയുണ്ട് !.
കുന്നംകുളം അഞ്ഞൂർ പാർക്കാടി കൊറ്റൻതറയിൽ ഭാസിയുടെയും ബിന്ദുവിന്റെയും മകളാണ് ഗോപിക.തേനിലെ ഇ-ഡി.എൻ.എയിലൂടെ രോഗനിർണയവും രോഗവ്യാപനവും മറ്റ് രോഗകാരികളുമായുള്ള സഹവർത്തിത്വവുമെല്ലാം പഠനവിധേയമാക്കി.തേനീച്ചകളെ ബാധിക്കുന്ന നോസെമ സെറാനേ,എഥീന തുമിഡ,ഗല്ലേറിയ മെലോനെല്ല എന്നിവയുടെ വ്യാപനവും കണ്ടെത്തി.
ഇന്ത്യയിലെ 800 ഓളം വിദ്യാർത്ഥിനികളെ പിന്നിലാക്കിയാണ് ഗോപിക സ്‌കോളർഷിപ്പ് നേടിയത്.മൃഗശാസ്ത്രം,പരിസ്ഥിതി,തന്മാത്രാ പഠനങ്ങളിലൂടെ കാർഷികരംഗത്തെ പുതിയ പരീക്ഷണങ്ങൾ എന്നിവയ്ക്കായിരുന്നിത്.മെൽബണിലെ ലാ ട്രോബ് സർവകലാശാലയുടെ ചാൻസലർ ജോൺ ബ്രാംബിയും ബോളിവുഡ് താരം ഷാരൂഖ് ഖാനും ചേർന്നാണ് സ്‌കോളർഷിപ്പ് സമ്മാനിച്ചത്.ഷാരൂഖ് ഖാന് യൂണിവേഴ്‌സിറ്റി നൽകിയ ഡോക്ടറേറ്റിനുള്ള തുകയിൽ നിന്നാണ് സ്‌കോളർഷിപ്പ് ലഭിച്ചത്.ചടങ്ങിൽ,ലോകം നേരിടുന്ന വെല്ലുവിളികളെ ശാസ്ത്രീയ മാർഗങ്ങളിലൂടെ മറികടക്കാനുള്ള ഗോപികയുടെ അഭിരുചിയെ ഷാരൂഖ് അനുമോദിച്ചിരുന്നു.91 ശതമാനമാനം മാർക്കോടെയായിരുന്നു ഗോപിക സുവോളജിയിൽ ബിരുദം കരസ്ഥമാക്കിയത്.ബിരുദാനന്തര ബിരുദത്തിന് ഏഴാം റാങ്കും നേടി.ഭർത്താവ് രഞ്ജിത്ത് ഓസ്‌ട്രേലിയിൽ അക്കൗണ്ട്‌സ് വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ്.
ഭക്ഷ്യഉത്പാദനത്തെ ബാധിക്കും
ഭക്ഷ്യ ഉത്പാദനത്തിൽ തേനീച്ചയ്ക്കുള്ള പങ്കും സാദ്ധ്യതകളും തിരിച്ചറിഞ്ഞാണ് ജനുവരിയിൽ പ്രബന്ധം സമർപ്പിക്കുന്നത്.തേനീച്ചകൾ കുറഞ്ഞാൽ പരാഗണം തടസപ്പെടും.പരിസ്ഥിതി സന്തുലനത്തെയും ബാധിക്കും.പരാദജീവികളുടെ വ്യാപനം കണ്ടെത്തിയപ്പോൾ കർഷകർ തേനീച്ചകളെയും തേനീച്ചക്കൂടുകളെയും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് നിരോധിക്കുകയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ പാർപ്പിക്കുകയും ചെയ്തു.
മലിനീകരണം, രോഗകാരികളായ ബാക്ടീരിയ, ഫംഗസ് എന്നിവയിൽ നിന്നും തേനീച്ചകളെ സംരക്ഷിക്കാനുള്ള ഗവേഷണമാണ് നടത്തിയത്. തേനീച്ചകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ചികിത്സയ്ക്കാണ് ഊന്നൽ നൽകിയത്.
-ഗോപിക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |