
റായ്പുർ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം നാളെ റായ്പൂരിൽ നടക്കും. കഴിഞ്ഞ ദിവസം റാഞ്ചിയിൽ നടന്ന ആദ്യമത്സരത്തിൽ 17 റൺസിന് ജയിച്ച ഇന്ത്യ മൂന്ന് മത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തിയിരുന്നു. ഇന്നുകൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം. ഇന്ന് ജയിച്ചാലേ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരപ്പോരാട്ടം അവസാന മത്സരത്തിലേക്ക് നീട്ടാനാകൂ.
റാഞ്ചിയിൽ വിരാട് കൊഹ്‌ലിയുടെ സെഞ്ച്വറിയും (135) രോഹിത് ശർമ്മയുടെയും(57) കെ.എൽ രാഹുലിന്റേയും (60) അർദ്ധസെഞ്ച്വറികളും ചേർന്ന് ഇന്ത്യയെ 349/8 എന്ന സ്കോറിൽ എത്തിച്ചിരുന്നു. എന്നാൽ തുടക്കത്തിലെ വിക്കറ്റ് തകർച്ചയെ അതിജീവിച്ച് പൊരുതിയ ദക്ഷിണാഫ്രിക്ക 332ലെത്തിയാണ് ആൾഔട്ടായത്.
ഉത്തരേന്ത്യയിൽ രാത്രിയിലെ മഞ്ഞുവീഴ്ച ബൗളിംഗും ഫീൽഡിംഗും ദുഷ്കരമാക്കുന്നുണ്ട്. റാഞ്ചിയിൽ 349 റൺസ് പ്രതിരോധിക്കാൻ പോലും ഇന്ത്യൻ ബൗളർമാർ ബുദ്ധിമുട്ടിയത് ഇതുകൊണ്ടാണ്. റാഞ്ചിയിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റായ്പുരിലും ടോസ് നേടുന്നവർ ആദ്യ ബാറ്റിംഗിനിറങ്ങാനിടയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |