
ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയ ഡിസംബർ 21 വരെ നിർത്തിവയ്‌ക്കുമോയെന്നതിൽ സുപ്രീംകോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിർണായകം. 21ന് തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നതു വരെ നീട്ടിവയ്‌ക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ അടക്കം ആവശ്യം.
ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആർ പ്രക്രിയയും ഒരുമിച്ച് നടത്തുന്നത് ഭരണപ്രതിസന്ധി സൃഷ്‌ടിക്കുന്നുവെന്ന സർക്കാർ വാദം തള്ളി ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചു.
98.67% പേർക്കും എന്യുമറേഷൻ ഫോമുകൾ നൽകിയെന്നും 81.19% ഫോമുകൾ ഡിജിറ്റൽ രൂപത്തിലാക്കിയെന്നും കമ്മിഷൻ ബോധിപ്പിച്ചു.
2020ൽ തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറിന് സമാനമായുള്ള സ്‌പെഷ്യൽ സമ്മറി റിവിഷനും ഒന്നിച്ചു നടത്തിയിട്ടുണ്ട്. നിയമസാധുത കേരളം ചോദ്യം ചെയ്‌തിട്ടില്ല. വോട്ടർ പട്ടിക തയ്യാറാക്കേണ്ടത് ഭരണഘടനാ ഉത്തരവാദിത്തം. എസ്.ഐ.ആർ നടത്താൻ കമ്മിഷന് വിവേചനാധികാരമുണ്ട്. 20 വർഷത്തിനിടെ ഒരുപാട് പേർ മരിച്ചു. പലരും വീടു മാറി. ഈ സാഹചര്യത്തിലാണ് അനിവാര്യമായത്. കണ്ണൂരിൽ ബി.എൽ.ഒ അനീഷ് ജോർജിന്റെ മരണം രാഷ്ട്രീയവത്കരിക്കുന്നു. ജോലി സമ്മർദ്ദമുണ്ടെന്ന് തെളിവില്ലാതെ ആരോപണമുന്നയിക്കുന്നു. തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ എസ്.ഐ.ആർ നടപടികളിൽ ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
2.39 കോടി വോട്ടർമാർ അപേക്ഷ നൽകി
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള (എസ്.ഐ.ആർ) എനുമറേഷൻ ഫോം വിതരണത്തിനുള്ള സമയപരിധി നീട്ടിയെങ്കിലും സംസ്ഥാനത്ത് ഇതുവരെ 2.39 കോടി വോട്ടർമാർ അപേക്ഷ പൂരിപ്പിച്ചു നൽകി. ഇത് ഡിജിറ്റൈസ് ചെയ്തെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ അറിയിച്ചു.
ഇന്നലെ വൈകിട്ട് ആറുവരെ 2,39,01,963 വോട്ടർമാരുടെ ഡിജിറ്റൈസേഷൻ ആണ് പൂർത്തിയായത്. ഇതോടെ 85.82 വോട്ടർമാരുടെ എനുമേറൻ നടപടി പൂർത്തിയായി. ആകെ 2.78 കോടി വോട്ടർമാരാണ് എനുമറേഷൻ ചെയ്യാനുള്ളത്.
അതേസമയം എനുമറേഷൻ ഫോം വിതരണം ചെയ്യാനായി സംസ്ഥാനത്ത് 12 ലക്ഷം വോട്ടർമാരെ കണ്ടെത്താനായിട്ടില്ല. ഫോം കൊടുക്കാനായില്ലെങ്കിൽ ഇവർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും. 12,40,715 വോട്ടർമാരാണ് ഇത്തരത്തിലുള്ളത്. നഗരങ്ങളിൽ നിന്നുള്ള ഫോമുകൾ തിരികെ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ബൂത്ത് ലെവൽ ഓഫീസർമാർ അറിയിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഫോമുകൾ എത്രയും വേഗം പൂരിപ്പിച്ച് ബി.എൽ.ഒമാരെ ഏല്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഫോമുകൾ സ്വീകരിക്കുന്നതിനും അപ്ലോഡ് ചെയ്യുന്നതിനുമുള്ള ക്യാമ്പുകൾ നാളെയും തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |