SignIn
Kerala Kaumudi Online
Wednesday, 03 December 2025 4.11 AM IST

ഭാഷാ വാരാചരണം കഴിഞ്ഞു ഇനിയെന്ത്?

Increase Font Size Decrease Font Size Print Page

as

കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നടത്തിയ മലയാള ഭാഷാ വാരാചരണം സംസ്ഥാനത്തുടനീളം നമ്മൾ ആചരിച്ചു വിജയിപ്പിച്ചു. പ്രഭാഷണങ്ങൾ, കവിത ചൊല്ലൽ, മുണ്ടും സെറ്റ് സാരിയുമുടുത്ത് ഫോട്ടോയെടുക്കൽ... അങ്ങനെ ഒരാഴ്ച നീളുന്ന പരിപാടികൾ! വാരാചരണം കഴിഞ്ഞതോടെ ഇനി അടുത്ത ചിങ്ങം ഒന്നിനോ നവംബർ ഒന്നിനോ, പുതിയ കൈകൊട്ടി കളിയുമായി കാണാം മലയാളമേ... എന്ന് മൊഴിചൊല്ലി പിരിയുകയും ചെയ്തു. ഈ ആചരണങ്ങളിൽ കവിഞ്ഞുള്ള ഭാഷാ സ്‌നേഹമോ, ഭാഷാ ജീവിതമോ ഇന്ന് മലയാളികൾക്കുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ഭാഷാ വാരാചരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ വേളയിൽ അറിവിന്റെയും അധികാരത്തിന്റെയും മണ്ഡലത്തിൽ മലയാള ഭാഷയെ നിലനിർത്തുകയും കാലത്തിനനുസരിച്ച് നിരന്തരം പുതുക്കപ്പെടുകയും ചെയ്യേണ്ടതിനെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. ഭൂപ്രകൃതികൊണ്ടും ചരിത്രംകൊണ്ടും ലോകത്തിലെ സകല സംസ്‌കാരങ്ങളിലേക്കും തുറന്നുവച്ച, സകല ഭാഷകളിലും ജീവിക്കാൻ പ്രാപ്തിയുള്ള സമൂഹമാണ് മലയാളിയുടേത്. അതുകൊണ്ടുതന്നെ ഈ കപടത ബോധപൂർവ്വമാണെന്ന് പറയാൻ കഴിയില്ല. അതൊരു രാഷ്ട്രീയ അബോധത്തിന്റെ പ്രവർത്തനമാണ്. ഈ കാര്യത്തെ രാഷ്ട്രീയ ബോധത്തിന്റെ ഭാഗമാക്കി മാറ്റുമ്പോൾ മാത്രമേ ഈ കപടതയെ മറികടക്കാൻ സാധിക്കുകയുള്ളൂ. അതിന് ആദ്യം വേണ്ടത് ഗൃഹാതുരവും വൈകാരികവുമായ സമീപനത്തിൽ നിന്നു മാറി രാഷ്ട്രീയവും ഭൗതികവുമായ യുക്തികളിൽ നിന്നുകൊണ്ട് ഭാഷയെ സമീപിക്കലാണ്.

മലയാളത്തിന്റെ കാല്പനികമായ വീണ്ടെടുപ്പിന് വേണ്ടി മാത്രമാകരുത് ഈ ആചരണങ്ങൾ. മറിച്ച്, മലയാളിയെ ആധുനിക മതേതര ജനാധിപത്യ സമൂഹമായി രൂപപ്പെടുത്തിയ ആധാരശിലകളിലൊന്നായി ഭാഷയെ വീണ്ടെടുക്കുകയാണ് വേണ്ടത്. ജാതി, മതം, വംശം, രാജാവ് തുടങ്ങിയ ആധുനിക പൂർവ്വ സാമൂഹ്യബലങ്ങളുടെ ആരൂഢത്തിലായിരുന്നു ഐക്യ കേരളപ്പിറവിക്ക് മുമ്പ് കേരളീയ സമൂഹത്തെ ഘടിപ്പിച്ചിരുന്നത്. അതിൽ നിന്ന് ആധുനിക കേരളം എന്ന ഭാവനാ ദേശത്തിലേക്ക് മലയാളികളെ പുതുക്കി പണിയുകയാണുണ്ടായത്. ഇതിന് കാരണമായതും മലയാളം എന്ന പൊതു മണ്ഡലമാണ്. നവോത്ഥാന/ദേശീയ/കർഷക പ്രസ്ഥാനങ്ങളുടെയും ദീർഘകാല സമരങ്ങളിലൂടെയാണ് ഇത് സാദ്ധ്യമായത്. അതിനാൽ മലയാളത്തിനു വേണ്ടിയുള്ള ആലോചനകളെ കേരള രൂപീകരണചരിത്രത്തിലെ സാമൂഹ്യ ബലതന്ത്രങ്ങളുടെ തുടർച്ചയ്ക്കു വേണ്ടിയുള്ള ആലോചനകൾ കൂടിയായി മനസിലാക്കേണ്ടതുണ്ട്. രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ ആഗോളക്രമം നിലവിൽ വന്നു കഴിഞ്ഞിരിക്കുന്ന ലോകത്ത് ഇത് വളരെ പ്രധാനവുമാണ്. കാരണം നിയമവ്യവസ്ഥകളാലും ഭൗതിക ഘടനകളാലും ബാഹ്യമായി നിർമ്മിക്കപ്പെടുന്ന ഒന്നല്ല ആഗോളക്രമം. മറിച്ച്, ആശയങ്ങളിലൂടെയും അഭിരുചികളിലൂടെയും ആന്തരികമായി നിർമ്മിക്കപ്പെടുന്ന ഒന്നു കൂടിയാണ്. അത്തരമൊരു ലോകക്രമത്തിൽ ഒരു സമൂഹമെന്ന നിലയിൽ അതിജീവിക്കണമെങ്കിൽ മലയാളി സമൂഹത്തെ സാദ്ധ്യമാക്കിയ മലയാള പൊതുമണ്ഡലത്തെ ശക്തിപ്പെടുത്തിയേ മതിയാവുകയുള്ളൂ. സമകാലത്തിലും ഭാവിയിലും ജീവിതത്തിന് പ്രയോജനപ്പെടാത്ത ഭാഷയെ ജനത കൈയൊഴിയുമെന്നതിൽ സംശയമില്ല. അതിനാൽ മലയാളത്തെ വർത്തമാന ജീവിതത്തിന്റെയും ഭാവിയുടെയും ഭാഷയാക്കി പരിവർത്തിപ്പിക്കാനുള്ള നടപടികളാണ് ആവശ്യം.

പ്രതിസന്ധികളും

നിരവധി

നവകേരള നിർമ്മിതിയുടെ പ്രധാന ആധാരങ്ങളിലൊന്നായി നാം ഉയർത്തി കാണിക്കുന്നത് വിജ്ഞാനത്തെയാണ്. ജ്ഞാനസമൂഹമായി കേരളം മാറുമ്പോൾ അവർ ഏതു ഭാഷയിൽ നിർമ്മിക്കപ്പെടുന്നു എന്നത് പ്രധാന ചോദ്യമാണ്. 1957-ൽ ജനങ്ങൾ അധികാരത്തിലേറ്റിയ മുഖ്യമന്ത്രി നടത്തിയ ആദ്യ പ്രസംഗത്തിൽ ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല പടിപടിയായി മലയാളത്തിലാക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. കോമാട്ടിൽ അച്യുതമേനോൻ കമ്മീഷൻ ഉൾപ്പെടെയുള്ളവർ പിന്നീട് ഇത് ശരിവയ്ക്കുകയുമുണ്ടായി. 2025-ൽ നിയമസഭയിൽ അവതരിപ്പിച്ച മലയാള ഭാഷാ ബില്ലിൽ ഗവേഷണ വിദ്യാഭ്യാസ മേഖലകളിൽ മലയാള ഭാഷയുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുമെന്ന രണ്ടുവരി മാത്രമാണുള്ളത്. പത്താം ക്ലാസ് വരെ മലയാളം ഒന്നാം ഭാഷയായിരിക്കുമെന്നുള്ള പരാമർശം ഒഴിച്ചാൽ അദ്ധ്യായന മാദ്ധ്യമത്തെ സംബന്ധിച്ചു മറ്റു സൂചനകളൊന്നും തന്നെയില്ല. സർക്കാർ നയവും ഉത്തരവുകളും ലംഘിച്ചുകൊണ്ടുപോലും സർക്കാർ എയ്ഡഡ് മേഖലയിൽ ഉൾപ്പെടെ ഇംഗ്ലീഷിന്റെ സ്വാധീനം വർദ്ധിച്ചു വരുന്നതും യാഥാർത്ഥ്യമാണ്. ദേശീയ വിദ്യാഭ്യാസ പദ്ധതി ഉൾപ്പെടെ മാതൃഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന സന്ദർഭത്തിലാണ് ഇത് സംഭവിക്കുന്നതെന്നും വിസ്മരിച്ചു കൂട.

നിയമപ്രകാരം അനുമതിയുണ്ടായിട്ടും പല മത്സരപരീക്ഷകളും മലയാളത്തിൽ നടത്താൻ ഇപ്പോഴും നമുക്ക് സാധിക്കുന്നില്ല. ഭരണഭാഷ മലയാളമാണെന്ന് പറയുമ്പോഴും ഭരിക്കുന്നവരെ തിരഞ്ഞെടുക്കാനുള്ള മിക്കവാറും മത്സര പരീക്ഷകൾ ഇംഗ്ലീഷിലാണ് നടക്കുന്നത്. വിജ്ഞാനത്തിന്റെ ലോകം സമ്പത്തിന്റെയും അധികാരത്തിന്റെയും സാമൂഹ്യ പദവികളുടെയും ലോകം കൂടിയാണ്. അവിടേക്ക് ആരൊക്കെ പ്രവേശിക്കണമെന്നുള്ള കാര്യത്തിൽ ഭാഷ ഒരു അരിപ്പ പോലെ പ്രവർത്തിക്കുന്നുണ്ട്. പൗരന്മാരുടെയും ഉപഭോക്താക്കളുടെയും, നീതിപീഠത്തിന്റെ മുമ്പിലെത്തുന്ന ശരണാർത്ഥിയുടെയും സാമൂഹ്യ വിവേചനം നേരിടുന്നവരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളുടെയും മുന്നിൽ ഭാഷയുടെ മറ ഇപ്പോഴും അദൃശ്യമായി ഉയർന്നുനിൽക്കുന്നുണ്ട്. മലയാള ഭാഷയുടെയും മലയാള പൊതു മണ്ഡലത്തിന്റെയും മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കു കീഴിലുണ്ട്. ഇവ തമ്മിൽ ഒരു ഏകോപനമെങ്കിലും ഉണ്ടാക്കാൻ സാധിച്ചാൽ മേൽ സൂചിപ്പിച്ച പ്രശ്‌നങ്ങളിൽ ചെറിയ മുന്നേറ്റങ്ങളെങ്കിലും ഉണ്ടാക്കാൻ നമുക്ക് സാധിക്കും. ഈ വക പ്രശ്‌നങ്ങളെ ഒന്നും അഭിസംബോധന ചെയ്യാനോ അതിജീവിക്കാനോ സാധിക്കുന്നില്ലെങ്കിൽ കേവലമായ ഭാഷാ വാരാചരണം ഭാഷാചരമാചരണമാകാൻ നാം അധികകാലം കാത്തിരിക്കേണ്ടി വരില്ല.

(തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പ്രൊഫസറാണ്‌ ലേഖകൻ )​

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.