SignIn
Kerala Kaumudi Online
Thursday, 04 December 2025 5.22 PM IST

വാനാേളം വളർത്തി വലുതാക്കിയതും ഒടുവിൽ ഒടുക്കിയതും സോഷ്യൽ   മീഡിയ, രാഹുലിന്റെ വളർച്ചയും വീഴ്ചയും

Increase Font Size Decrease Font Size Print Page
rahul3

തിരുവനന്തപുരം: സോഷ്യൽ മീഡിയ വളർത്തിവലുതാക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ സോഷ്യൽ മീഡിയ തന്നെ ഒടുക്കി. ആരെയും അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വളർച്ച. അതിനെക്കാൾ വേഗത്തിലായിരുന്നു വീഴ്ച . വളർച്ചയിൽ എന്നും താങ്ങും തണലുമായി നിന്നവർക്കുപോലും രാഹുലിന്റെ വീഴ്ച നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

എതിരാളികൾ വിമർശിക്കാൻ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആഭ്യന്തര വാഴയെന്നും, എടോ വിജയാ എന്ന് വിളിക്കാനും, മന്ത്രി മുഹമ്മദ് റിയാസിനെ മരുമോൻ ചെറുക്കൻ എന്നു സംബോധന ചെയ്യാനും ധൈര്യം കാണിച്ച രാഹുലിനെ ഭാവി മുഖ്യമന്ത്രിയായികണ്ട കോൺഗ്രസുകാർ അനവധിയാണ്. കടൽകിഴവന്മരായ നേതാക്കളെ മാറ്റിനിറുത്തി രാഹുൽ, ഷാഫി പറമ്പിൽ, വിഷ്ണുനാഥ് തുടങ്ങിയ യുവ നേതാക്കളെ പാർട്ടി ഏൽപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. റീൽ അല്ല റിയലാകണം എന്ന് രാഹുലിനെ ലക്ഷ്യമിട്ട് മുതിർന്ന നേതാക്കളിൽ ചിലർ രംഗത്തെത്തിയെങ്കിലും അതെല്ലാം രാഹുൽ ഇമേജിൽ നിഷ്പ്രഭമായി.

ദൈവം അനുഗ്രഹിച്ചുനൽകിയ നാവുകൊണ്ട് ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖമായി രാഹുൽ മാറി. രാഹുലിന്റെ വാക് ശരങ്ങളെ പ്രതിരോധിക്കാനാവാതെ സിപിഎമ്മിന്റെ ഉന്നതനേതാക്കൾ പോലും വശം കെടുന്നത് കേരളീയർ പലവട്ടം കണ്ടതാണ്. ചാനൽ ചർച്ചകളിലെന്നപോലെ പ്രസംഗങ്ങളിലും എതിരാളികളെ ഏതറ്റംവരെപോയി വിമർശിക്കാനും രാഹുൽ ധൈര്യംകാണിച്ചു. ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തിനുപിന്നിൽ അനാശാസ്യം ഉണ്ടെന്ന് പറഞ്ഞത് ഇതിനൊരുദാഹരണം മാത്രം. അങ്ങനെ കോൺഗ്രസിന്റെ പ്രധാന പോരാളി എന്ന പരിവേഷം ചുരുങ്ങിയ നാളുകൾക്കുള്ളിൽ രാഹുൽ സ്വയം എടുത്തണിഞ്ഞു. ലീഡർ കെ കരുണാകരന്റെ മകൾ പത്മജ ബിജെപിയിലേക്ക് പോയപ്പോൾ പത്മജയുടെ പിതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള രാഹുലിന്റെ പ്രസ്താവന മുതിർന്ന നേതാക്കളുടെപോലും നെറ്റിചുളിപ്പിച്ചുവെങ്കിലും രാഹുലിനെ ചോദ്യംചെയ്യാൻ ആരും തയ്യാറായില്ല.

ഷാഫി പറമ്പിലിനുശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി അവരോധിക്കപ്പെട്ടു. പേരുദോഷം കേൾപ്പിച്ച വഴിലൂടെയാണ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് എത്തിയതെങ്കിലും അതെല്ലാം അദ്ദേഹത്തിന്റെ ഇമേജിനുമുന്നിൽ നിഷ്പ്രഭമായി. എതിരാളികൾ ഉയർത്തിക്കൊണ്ടുവന്ന 'വെറും ആരോപണം' മാത്രമായി അതിനെ ഒതുക്കിതീർക്കാൻ രാഹുലിനായി. കേസും അന്വേഷണവുമൊക്കെ നടന്നെങ്കിലും അതിലൊന്നിലും രാഹുലിനെ കുറ്റക്കാരനാക്കാൻ കഴിഞ്ഞില്ല.

ഇതിനിടെയാണ് സർക്കാരിനെതിരായ അക്രമസമരത്തിന്റെ പേരിൽ രാത്രിയിൽ വീടുവളഞ്ഞ് രാഹുലിനെ അറസ്റ്റുചെയ്യുന്നത്. കേസും ജയിൽവാസവും രാഹുലിലെ രാഷ്ട്രീയക്കാരന്റെ മൈലേജ് കാര്യമായി കൂട്ടി. അറസ്റ്റുചെയ്ത് വലിയവനാക്കി എന്ന് സിപിഎമ്മുകാർപോലും പൊലീസിനെയും സർക്കാരിനെയും വിമർശിച്ചു. ഇങ്ങനെ ഉദിച്ചുയർന്ന് തിളങ്ങിനിന്നെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുലിന് അവസരം കിട്ടിയിരുന്നില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പിച്ചിരുന്നെങ്കിലും ചുണ്ടിനും കപ്പിനുമിടയിൽ അത് നഷ്ടമായി.പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ ആ നഷ്ടം നികത്തി.

രാഹുലിനെ ചെല്ലും ചെലവുംകൊടുത്ത് വളർത്താൻ മുൻപന്തിയിൽ നിന്ന ഷാഫി പറമ്പിൽ പാലക്കാട് വിട്ട് വടകരയിലേക്ക് എംപിയാകാൻ പോയപ്പോൾ പകരം നിർദ്ദേശിക്കാൻ ഷാഫിക്ക് ഒറ്റപ്പേരേ ഉണ്ടായിരുന്നുള്ളൂ. അത് രാഹുൽ മാങ്കൂട്ടത്തിലിന്റേതായിരുന്നു. കോൺഗ്രസിലെ മറ്റൊരു യുവ മുഖമായിരുന്ന സരിൻ പാർട്ടിവിട്ട് പുറത്തുപോകാനും എതിർ ചേരിയിലെ സ്ഥാനാർത്ഥിയായി മത്സരിക്കാനും ഇടയാക്കിയത് രാഹുലിന്റെ പാലക്കാടൻ വരവായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും അനുഗ്രഹാശിസുകളോടെയായിരുന്നു ഈ അരിയിട്ടുവാഴ്ച.

എല്ലാവെല്ലുവിളികളെയും അതിജീവിച്ച് വൻ ഭൂരിപക്ഷംകൂടി സ്വന്തമാക്കിയതോടെ യുവ നേതാക്കളെയെല്ലാം മറികടന്ന് രാഹുൽ ഉന്നതങ്ങളിലേക്ക് കുതിച്ചു. ഒരുവേള രാഹുലിന്റെ വളർച്ച ഷാഫിയിൽപോലും അസൂയ ജനിപ്പിച്ചില്ലേ എന്ന് പലർക്കും സംശയം തോന്നി. പാലക്കാട്ടെ വൻ വിജയത്തോടെ രാഹുലിന്റെ കൈയിൽ ലഭിച്ചത് വിഡി സതീശന്റെ ടീമിൽ പാർട്ടിയുടെ വിജയതന്ത്രങ്ങൾ മെനയുന്ന യുവതുർക്കികളുടെ കടിഞ്ഞാണായിരുന്നു. ലൈംഗികാരോപണം പുത്തുവരുന്നതുവരെ വിഡി സതീശന്റെ ഗുഡ്ബുക്കിൽ രാഹുലിന് സ്ഥാനമുണ്ടായിരുന്നു. ഹൃദയം കീഴ‌ടക്കിയ സമരനായകനെന്നായിരുന്നു പാലക്കാട് വിജയത്തിന് പിന്നാലെ വിഡി സതീശൻ രാഹുലിനെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സിപിഎമ്മുകാർ ഉയർത്തിക്കൊണ്ടുവന്ന നീലപ്പെട്ടി വിവാദം ഭൂരിപക്ഷം കൂട്ടാനുള്ള വളമായി രാഹുൽമാറ്റി.

യൂത്തുകോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പോടെയായിരുന്നു രാഹുൽ സോഷ്യൽമീഡിയയെ സമർത്ഥമായി ഉപയോഗിക്കാൻ ആരംഭിച്ചത്. സോഷ്യൽ മീഡിയ മുഴുവൻ രാഹുൽ മയമാക്കാൻ രാഹുൽ പ്രത്യേകം ശ്രദ്ധിച്ചു. ഫെനി നൈനാനെപോലുള്ള ഉറ്റസുഹൃത്തുകളാണ് രാഹുലിനെ ഇതിന് സഹായിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫെനിയുടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെ ഇതിനുള്ള പ്രതിഫലമാണേ എന്ന സംശയം ബാക്കിയാണ്. വിമർശനങ്ങളും പരിഹാസങ്ങളുമായി യുഡിഎഫിന്റെ സൈബറിടത്ത് ഏറ്റവുമധികം ഫാൻസ് ഉള്ള നേതാവെന്ന നിലയിലേക്ക് രാഹുൽ മാറി.

കീറിയ ഖദർ വസ്ത്രം ധരിക്കുന്നവരാണ് കോൺഗ്രസുകാർ എന്ന പേര് മാറ്റി 'ജെൻ z' ലുക്കുകൊണ്ടുവന്നതോടെ രാഹുലും കൂട്ടരും യുവഹൃദയങ്ങളിൽ കൂടുതൽ കയറിപ്പറ്റി. അലക്കിത്തേച്ച ഡസൻ കണക്കിന് ഷർട്ടും മുണ്ടും കൊണ്ടുനടക്കുന്നവൻ, ആഴ്ചയിലൊരിക്കൽ ബ്യൂട്ടിപാർലറിൽ പോകുന്നവൻ എന്നൊക്കെ വിമർശനം ഉണ്ടായെങ്കിലും അതും വളർച്ചയ്ക്കുള്ള വളമാക്കി മാറ്റുകയായിരുന്നു.

പക്ഷേ, ഒടുവിൽ എല്ലാം ഒറ്റനിമിഷംകൊണ്ട് കീഴ്‌മേൽ മറിഞ്ഞു. രാഷ്ട്രീയ വളർച്ചയ്ക്ക് വളമേകിയ സോഷ്യൽ മീഡിയയിലെ വഴിവിട്ട ചാറ്റുകൾ രാഹുലിന്റെ വീഴ്ചയ്ക്ക് കാരണമായി. ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് രാഹുലിന് ഉണ്ടാകുമോ? ഏറക്കുറെ അത് സാദ്ധ്യമല്ലെന്നുവേണം കരുതാൻ.

TAGS: INC, RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.