
അമ്പലപ്പുഴ : വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ വനംവച്ചു പിടിപ്പിക്കുന്നതിനായുള്ള സ്മൃതിവനം പദ്ധതിക്കായി 1994ൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത പുറക്കാട് മണക്കൽ പാടശേഖരം പാമ്പുകളുടെ താവളമായി മാറി. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്തിയില്ല. ഏറ്റെടുത്ത നിലം മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലും തീരുമാനമുണ്ടായില്ല. ഇരുപതു പേരോളമാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചത്.
നൂറു മേനി വിളവ് കൊയ്തിരുന്ന പാടശേഖരത്തിൽ 472 ഏക്കർ നിലമാണ് ഏക്കറിന് 18,500 രൂപ നഷ്ട പരിഹാരം നൽകി സർക്കാർ ഏറ്റെടുത്തത്.1994 ഒക്ടോബർ രണ്ടിന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ സ്മൃതിവനം പദ്ധതിയുടെ ശിലാഫലകം സ്ഥാപിച്ചെങ്കിലും മറ്റൊരു പ്രവർത്തനവും നടന്നില്ല.
പിന്നീട്, വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ ഇവിടെ ഐ.ടി പാർക്ക് നിർമാണത്തിനായി 80ഏക്കർ നിലം ഏറ്റെടുത്തിരുന്നു. ഇതിൽ എട്ട് ഏക്കർ മണ്ണിട്ട് നികത്തുകയും ചെയ്തു. എന്നാൽ പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതിക അനുമതി ലഭിക്കാതെ വന്നതോടെ ഐ.ടി പാർക്ക് കടലാസിലൊതുങ്ങി.
തുടർന്നു വന്ന യു.ഡി.എഫ് സർക്കാർ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും അതും നടപ്പായില്ല .ഇതിനിടയിൽ ഇവിടെ കൃഷി ചെയ്യാൻ കർഷകർ സന്നദ്ധത അറിയിച്ചെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ല. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിൽ 20 വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭൂമി ഉടമസ്ഥർക്ക് തിരികെ നൽകണമെന്ന നിയമവും നടപ്പായിട്ടില്ല. ഇവിടെ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം സമീപകാലത്ത് ഉയർന്നിരുന്നു.
സംരക്ഷിത വനമായി സർക്കാർ പ്രഖ്യാപിച്ചതോടെ കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്
20 ഓളം കുടുംബങ്ങൾ പാടശേഖരത്തിന്റെ ബണ്ടുകളിൽ താമസിക്കുന്നുണ്ട്
നടന്നു പോകാൻ വഴിയില്ലാതെ വള്ളത്തിലാണ് ഇവർ റോഡലേക്ക് എത്തുന്നത്
നീർനായ, മലമ്പാമ്പ്, കരിമൂർഖൻ തുടങ്ങിയ ജീവികളുടേയും വിഹാരകേന്ദ്രമാണ് പ്രദേശം.
മണക്കൽ പാടശേഖരം
ആകെ വിസ്തൃതി : 587 ഏക്കർ
ഏറ്റെടുത്തത് : 472 ഏക്കർ
ഏറ്റെടുക്കാത്ത നിലം: 115 എക്കർ
വർഷങ്ങളായി പാടശേഖരം ഈ നിലയിൽ കിടക്കുകയാണ്. പ്രദേശത്തിന്റെ ഉന്നമനത്തിനാവശ്യമായ പദ്ധതികൾ ഇവിടെ നടപ്പാക്കണം
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |