
കാസര്‍കോട്: ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിന്റെ പിടിയിലെന്ന് സൂചന. രാഹുലിനെ കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് അഭ്യൂഹം. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനുള്ള നീക്കങ്ങളിലേക്ക് കടക്കുന്നത്.
ഹോസ്ദുര്‍ഗിലെ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ നേരത്തെ തന്നെ പൊലീസിന്റെ പിടിയിലായെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായിക്കിയിരുന്നു. ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്നാണ് കോടതി നിരീക്ഷണം.
ഇന്നലെയും ഇന്നും രാഹുലിന്റെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്.
രാഹുലിന്റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍, പ്രതിഭാഗത്തിന്റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരായ വിശദാംശങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രോസിക്യൂഷന്‍ വാദങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പെറ്റീഷന്‍ ഡിസ്മിസ്ഡ് എന്ന ഒറ്റവാക്യത്തിലാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |