
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ചെയ്തത് ഗുരുതര കുറ്റങ്ങളാണെന്ന് തെളിവുകളിൽ നിന്ന് വ്യക്തമാണെന്ന് മുൻകൂർ ജാമ്യം നിഷേധിച്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിൽ പറയുന്നു. രാഹുൽ ചെയ്ത കുറ്റ കൃത്യങ്ങളെ ഉഭയ സമ്മത പ്രകാരമുളള ശാരീരിക ബന്ധം എന്ന നിലയിൽ ലഘൂകരിച്ച് കാണാനാവില്ല. ഔദ്യോഗിക പദവിയിലുളള പ്രതിക്ക് ജാമ്യം നൽകിയാൽ നിലവിലെ തെളിവുകൾ നശിപ്പിക്കപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്ന ആശങ്കയും കോടതി വ്യക്തമാക്കി.
വിവാഹിതയായ യുവതി ഭർത്താവിനൊപ്പം നാല് ദിവസമാണ് താമസിച്ചത്. ഇതിനുശേഷം ഒറ്റയ്ക്കായിരുന്ന യുവതി രാഹുലിനെ പരിചയപ്പെട്ടപ്പോൾ എന്നും കൂടെ ഉണ്ടാകുമെന്ന ഉറപ്പ് നൽകി രാഹുൽ സൗഹൃദം സ്ഥാപിച്ചു. തങ്ങൾക്ക് കുഞ്ഞുണ്ടായാൽ ബന്ധം എന്നും നിലനിൽക്കുമെന്നും അതിജീവിതയെ വിശ്വസിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട രാഹുൽ അതിജീവിത ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ നിലപാട് മാറ്റി. ഗർഭകാലത്ത് സമ്മർദ്ദത്തിലൂടെ ബലപ്രയോഗിച്ച് ബന്ധപ്പെട്ടു. ഇത് കുഞ്ഞിന് കേടാകുമെന്ന ഭയന്ന അതിജീവിതയെ ഭീഷണിപ്പൈടുത്തി. അവരുടെ നഗ്ന ചിത്രങ്ങൾ എടുത്ത് തനിക്കെതിരെ തിരിഞ്ഞാൽ ഇവ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി.
രാഹുലിന്റെ ആത്മഹത്യാഭീഷണിക്ക് വഴങ്ങിയാണ് രാഹുൽ സുഹൃത്തിന്റെ പക്കൽ കൊടുത്തുവിട്ട ഗുളിക കഴിക്കാൻ യുവതി തയ്യാറായത്. വീഡിയോ കോളിലൂടെ യുവതി ഗുളിക കഴിച്ച കാര്യം രാഹുൽ ഉറപ്പ് വരുത്തുകയും ചെയ്തു. രാഹുൽ പെരുമാറ്റത്തിൽ മാറ്റം വന്ന് തിരിച്ചുവന്ന് നല്ല ജീവിതം നൽകുമെന്ന വിശ്വാസത്തിലാണ് യുവതി പരാതി നൽകാൻ തയ്യാറാകാതിരുന്നത്. മാദ്ധ്യമ പ്രവർത്തകയായ ഒരു സുഹൃത്തിന് നൽകിയ ശബ്ദ സന്ദേശം അതിജീവിതയുടെ അനുമതി ഇല്ലാതെ അവർ പുറത്താക്കി. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് അപമാനകരമായ പ്രവൃത്തികൾ ഉണ്ടായപ്പോൾ വേണ്ടപ്പെട്ട പലരും ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് പരാതിയുമായി വന്നതെന്നാണ് അതിജീവിത കോടതിയെ അറിയിച്ചത്.
ആദ്യ ശാരീരിക ബന്ധം ഉഭയ സമ്മത പ്രകാരമായിരുന്നെങ്കിലും തുടർന്നുളളത് ഭീഷണിയിലൂടെ ആയിരുന്നതായി തെളിവുകളുടെ വെളിച്ചത്തിൽ കോടതി വിലയിരുത്തി. ഗർഭഛിദ്രം യുവതി സ്വയം ചെയ്തതാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. പ്രതി ആത്മഹത്യാഭീഷണി മുഴക്കി അതിജീവിതയെ സമ്മർദ്ദത്തിലാക്കി ഗർഭഛിദ്രം നടത്തി എന്നതിന് വ്യക്തമായ തെളിവുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ. അതിജീവിത ഗർഭഛിദ്രത്തിന് നൽകിയത് ഭയരഹിതമായ സമ്മതം ആയിരുന്നില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇതിനായി അതിജീവിത മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയും അവരെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും കോടതി പരിഗണിച്ചു.അതിനാൽ രാഹുലിന്റേത് ഗുരുതരമായ ലൈംഗിക അതിക്രമമാണെന്ന് കോടതി വിലയിരുത്തിയതിനെ തുടർന്നാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |