
കൊല്ലം: മണ്ണിന്റെ സ്വഭാവം ശാസ്ത്രീയമായി പഠിച്ച് ഡിസൈൻ തയ്യാറാക്കാതിരുന്നതാണ് കൊല്ലം മൈലക്കാട്ട് ദേശീയപാത നിർമ്മാണവേളയിൽ തകരാൻ കാരണമെന്ന് പ്രാഥമിക നിഗമനം. വയലിനോട് ചേർന്നുള്ള മൈലക്കാട് ഭാഗത്ത് പാത ബലപ്പെടുത്തുന്നതിനുള്ള നടപടി എൻ.എച്ച്.എ.ഐയും കരാർ കമ്പനിയും സ്വീകരിച്ചില്ല. ദേശീയ പാതയിൽ മലപ്പുറം കൂരിയാട് സംഭവിച്ചതിന് സമാനമായ രീതിയിലാണ് ഇവിടെയും അപകടം സംഭവിച്ചത്.
വലിയ റോഡ് നിർമ്മാണ പദ്ധതികളിൽ മണ്ണിടിച്ചിൽ, മണ്ണിരുത്തൽ സാദ്ധ്യതകൾ കണ്ടെത്താൻ നിശ്ചിത ദൂരങ്ങൾക്കിടയിൽ അഴത്തിൽ കുഴിയെടുത്ത് മണ്ണിന്റെ സ്വഭാവം പഠിക്കുന്ന 'ബോർ ഹോൾ സ്റ്റഡി' നടത്താറുണ്ട്. മണ്ണിന് ബലക്കുറവുള്ള വയൽ പ്രദേശങ്ങളിൽ ജിയോ ടെക്നിക്കൽ സ്റ്റഡിയും നടത്താറുണ്ട്. എന്നാൽ, ദേശീയപാത 66 വികസനത്തിന്റെ ഒരു റീച്ചിലും ഈ പഠനങ്ങൾ നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
പദ്ധതിയുടെ വിശദ രേഖ തയ്യാറാക്കുമ്പോൾ തന്നെ മണ്ണിന്റെ ബലം സംബന്ധിച്ച് പഠനം നടത്തി നിർമ്മാണ രീതി നിർദ്ദേശിക്കേണ്ടതാണ്. എന്നാൽ, ദേശീയപാത വികസനത്തിന്റെ ഡി.പി.ആർ തയ്യാറാക്കിയ കൺസൾട്ടൻസികൾ ഇതൊന്നും ചെയ്തില്ല. കരാർ ഏറ്റെടുത്ത് കഴിഞ്ഞാൽ, എൻ.എച്ച്.എ.ഐയുടെ ചട്ടപ്രകാരം നിർമ്മാണ കമ്പനിക്കാണ് ഡിസൈനിന്റെയും സുരക്ഷയുടെയും പൂർണ ഉത്തരവാദിത്വം.
കൊല്ലത്ത് മൈലക്കാട് ഭാഗം ഉൾപ്പെടുന്ന കാവനാട് കടമ്പാട്ടുകോണം റീച്ചിന്റെ കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസും ശാസ്ത്രീയ പഠനങ്ങൾ നടത്താതെ നിർമ്മാണം നടത്തുകയായിരുന്നു. വയലിനും റോഡിനും ഇടയിൽ ആഴത്തിൽ പാർശ്വഭിത്തി അനിവാര്യമായിരുന്നു.
വിദഗ്ദ്ധ സംഘം
ഇന്ന് എത്തും
മൈലക്കാട്ടെ അപകടം ശാസ്ത്രീയമായി കണ്ടെത്താൻ എൻ.എച്ച്.എ.ഐ നിയോഗിച്ച രണ്ട് ജിയോ ടെക്നിക്കൽ വിദഗ്ദ്ധരടങ്ങിയ സംഘം ഇന്ന് പരിശോധനയ്ക്കെത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാർ കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. കാവനാട്- കടമ്പാട്ടുകോണം റീച്ചിന് പുറമേ തളിക്കുളം- കൊടുങ്ങല്ലൂർ റീച്ചിന്റെയും കാപ്പിരിക്കാട്- തളിക്കുളം റീച്ചിന്റെയും നിർമ്മാണ കരാർ ഡൽഹി ആസ്ഥാനമായുള്ള ശിവാലയ കൺസ്ട്രക്ഷൻസിനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |