
കൊച്ചി/തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവതിയുടെ പരാതിയിലെടുത്ത പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി തടഞ്ഞു. എന്നാൽ, ബംഗളൂരുവിലെ മലയാളി പെൺകുട്ടിയുടെ പരാതിയിലെ അറസ്റ്റ് തടയാൻ തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി തയ്യാറായില്ല. വാദം കേൾക്കാത്തതാണ് കാരണം.
ആദ്യകേസിൽ തിരുവനന്തപുരം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ നൽകിയ അപ്പീലിൽ
വിശദവാദം കേൾക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.ബാബു 15വരെ അറസ്റ്റ് തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. സർക്കാരിനായി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി.എ.ഷാജി നേരിട്ട് ഹാജരായി.
രണ്ടാമത്തെ കേസിൽ പൊലീസ് റിപ്പോർട്ട് കിട്ടാതെ മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കരുതെന്ന പ്രോസിക്യൂട്ടർ കെ.വേണിയുടെ ആവശ്യം സെഷൻസ് കോടതി ജഡ്ജി അനസ്.വി അംഗീകരിക്കുകയായിരുന്നു. നാളെ വാദം കേൾക്കും. പൊലീസ് റിപ്പോർട്ട് നാളെ ലഭ്യമാക്കാനും നിർദ്ദേശിച്ചു.
കെ.പി.സി.സി പ്രസിഡന്റിന് ഇ- മെയിലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാം കേസ്. പത്തനംതിട്ട സ്വദേശിയായ 23കാരിയാണ് പരാതിക്കാരി. പൊലീസ് മൊഴിയെടുത്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |