തിരുവനന്തപുരം : കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ പേരുമാറ്റി സംസ്ഥാന സർക്കാർ തങ്ങളുടെ നേട്ടമാക്കി മാറ്റുന്നുവെന്ന് എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. ബി.ഡി.ജെ.എസ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മണ്ഡലത്തിൽ പോലും വികസനം നടപ്പാക്കാനുള്ള സാമ്പത്തികസ്ഥിതി സംസ്ഥാന സർക്കാരിനില്ല. കടം വാങ്ങിയാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ കേരളത്തിലെ മാദ്ധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ടോയ്ലറ്റുകൾ നിർമ്മിച്ചപ്പോഴും ഗ്യാസ് കണക്‌ഷൻ ലഭ്യമാക്കിയപ്പോഴും മോദിയെ കേരളത്തിലുള്ളവർ കളിയാക്കി. ഉത്തരേന്ത്യക്കാരുടെ പതിറ്റാണ്ടുകളായുള്ള പ്രശ്നങ്ങൾക്കാണ് മോദി പരിഹാരം കണ്ടത്. അവരാണ് മോദിയെ രണ്ടാംവട്ടവും അധികാരത്തിലെത്തിച്ചത്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തെറ്റിദ്ധരിച്ചാണ് ഇക്കുറി കേരളത്തിൽ നിന്ന് കൂടുതൽ എം.പിമാരെ ലഭിച്ചത്. ഇനി ഇത്തരമൊരു അബദ്ധം സംഭവിക്കില്ല. വട്ടിയൂർക്കാവിൽ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷിന്റെ വിജയത്തിന് വേണ്ടി കൂട്ടായ പ്രവർത്തനം നടത്തണമെന്നും തുഷാർ ആഹ്വാനം ചെയ്തു. വട്ടിയൂർക്കാവിൽ എൻ.ഡി.എയെ തള്ളിപ്പറഞ്ഞവർ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ത്രികോണ മത്സരമാണെന്ന് സമ്മതിച്ചെന്ന് സ്ഥാനാർത്ഥി എസ്. സുരേഷ് പറഞ്ഞു.
ബി.ഡി.ജെ.എസ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വിപിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഉപേന്ദ്രൻ കോൺട്രാക്ടർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി നെടുമങ്ങാട് രാജേഷ്, വൈസ് പ്രസിഡന്റ് സോമശേഖരൻ നായർ, നേതാക്കളായ അനീഷ് ദേവൻ, ജയചന്ദ്രൻ, അരുൺ .ആർ.പി, വേണുകാരണവർ, പച്ചയിൽ പ്രദീപ്, പരുത്തിക്കുഴി സുരേന്ദ്രൻ, കോവളം ടി.എൻ. സുരേഷ്, മലയിൻകീഴ് രാജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |