
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ് സമാപിച്ചിരിക്കുന്നത്. നാളെ മുതൽ നിശബ്ദ പ്രചാരണം നടത്താം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് അവസാനിച്ചത്. റോഡ് ഷോകളും ഡാൻസും പാട്ടുമായാണ് മുന്നണികൾ കലാശക്കൊട്ട് നടത്തിയത്. തിരുവനന്തപുരം ജഗതിയിൽ ഇടത് സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണന്റെ കലാശക്കൊട്ടിന് നേതൃത്വം നൽകിയത് മന്ത്രി ഗണേശ് കുമാർ ആയിരുന്നു. നിരവധി ബെെക്ക് യാത്രികരുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്.
തിരുവനന്തപുരം മുതൽ എറണാകുളം വരെ ചൊവ്വാഴ്ച ജനം വിധിയെഴുതും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തൃശൂർ മുതൽ കാസർകോട് വരെ കലാശക്കൊട്ട് ചൊവ്വാഴ്ചയാണ്. 11നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 13ന്.
ചൊവ്വാഴ്ച രാവിലെ ആറിന് പോളിംഗ് സ്‌റ്റേഷനുകളിൽ മോക്ക് പോൾ നടത്തും. ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. ആകെ 33746 പോളിംഗ് സ്‌റ്റേഷനുകൾ. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾക്കായി 28127, മുനിസിപ്പാലിറ്റികൾക്ക് 3604, കോർപ്പറേഷനുകൾക്ക് 2015 പോളിംഗ് സ്‌റ്റേഷനുകളുണ്ടാകും. ക്രമസമാധാനപാലനത്തിന് 70,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫർമാരും വെബ്കാസ്റ്റിങ് സംവിധാനവുമുണ്ട്. പഞ്ചായത്തുതലത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്കായി മൂന്ന് വോട്ടും നഗരസഭയിൽ ഒരു വോട്ടും ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |