
സർക്കാരില്ലായ്മയാണ് കേരളം ഇന്ന് അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നം. ഒമ്പതര വർഷത്തെ ഭരണത്തിൽ പിണറായി വിജയൻ സർക്കാർ, സംസ്ഥാനത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യ- വിദ്യാഭ്യാസ മേഖലകൾ ഉൾപ്പെടെ എല്ലാം തകർത്തു തരിപ്പണമാക്കി. ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് പണമില്ലാത്ത അവസ്ഥ. ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലാണ് കേരളം. സർക്കാരിന്റെ ധൂർത്തും അഴിമതിയും ഭരണത്തിൽ ശ്രദ്ധയില്ലായ്മയുമാണ് ഈ ദുരവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്.
ഈ ജനവിരുദ്ധ സർക്കാരിന്റെ തെറ്റുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടുന്ന കുറ്റപത്രവും, അധികാരത്തിൽ എത്തിയാൽ പ്രതിസന്ധി മറികടക്കാൻ യു.ഡി.എഫ് എന്തു ചെയ്യുമെന്ന ദീർഘവീക്ഷണത്തോടെയുള്ള ബദൽ പദ്ധതികളും പരിപാടികളും ഉൾപ്പെടുത്തിയുള്ള പ്രകടനപത്രികയും പുറത്തിറക്കിയാണ് ഞങ്ങൾ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആരോഗ്യം, തെരുവുനായ ശല്യം, മാലിന്യ നിർമാർജ്ജനം ഉൾപ്പെടെ പ്രധാന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം യു.ഡി.എഫ് മാനിഫെസ്റ്റോയിലുണ്ട്. ഒമ്പതര വർഷവും ഫണ്ട് ഉൾപ്പെടെ നല്കാതെ തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തു ഞെരിക്കുന്ന നടപടികളാണ് എൽ.ഡി.എഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതോടെ പ്രാദേശിക വികസനവും പ്രാദേശിക ആസൂത്രണവും അട്ടിമറിക്കപ്പെട്ടു.
ആശ്രയ പദ്ധതി,
ഇന്ദിര കാന്റീൻ
2025-26 സാമ്പത്തിക വർഷം പദ്ധതി അടങ്കലിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് 8452 കോടി വകയിരുത്തിയതിൽ 2500 കോടി മാത്രമാണ് അനുവദിച്ചത്. ഈ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അവരുടെ അവകാശമാക്കാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം വാർഡുകൾക്കും നിശ്ചിത ശതമാനം ഫണ്ട് ഉപാധിരഹിതമായി വകയിരുത്തും. അതിദരിദ്രരില്ലാത്ത കേരളം എന്ന പി.ആർ പരിപാടിയല്ല സംസ്ഥാനത്തിന് ആവശ്യം. ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് യു.ഡി.എഫ് സർക്കാർ 2002-ൽ നടപ്പാക്കിയ ആശ്രയ പദ്ധതി പുനരാരംഭിക്കും. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കി എന്ന പ്രഖ്യാപനത്തിൽ ഈ സർക്കാർ പരിഗണിച്ചത് 64,000- ത്തോളം പേരെ മാത്രമാണ്. അതേസമയം, മഞ്ഞ റേഷൻകാർഡുകളുടെ ഗുണഭോക്താക്കൾ മാത്രം സംസ്ഥാനത്ത് 5.91 ലക്ഷം പേരുണ്ട്. ഇവരെക്കൂടി ഉൾപ്പെടുത്തിയായിരിക്കും ആശ്രയ പദ്ധതി നടപ്പാക്കുക. കർണാടയിൽ കോൺഗ്രസ് നടപ്പാക്കിയ ഇന്ദിര കാന്റീൻ കേരളത്തിലും ആരംഭിക്കും.
ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന പൊതുജനാരോഗ്യ മേഖലയെ ഈ സർക്കാർ പൂർണമായും തകർത്തു. 2024-ൽ മാത്രം സംസ്ഥാനത്ത് 3.16 ലക്ഷം പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. മാലിന്യ സംസ്കരണത്തിലെ പ്രശ്‌നമാണ് ഇതിന് പ്രധാന കാരണം. ഇതിനായി പ്ലാസ്മ ടെക്‌നോളജി അടക്കം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളാണ് യു.ഡി.എഫ് മാനിഫെസ്റ്റോ മുന്നോട്ടുവയ്ക്കുന്നത്.
നഗരങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തിരുവനന്തപുരം നഗരത്തിൽ വിജയകരമായി നടപ്പാക്കിയ ഓപ്പറേഷൻ അനന്ത മോഡൽ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഗുണമേന്മയുള്ള കുടിവെള്ളം ഉറപ്പാക്കാൻ മുന്തിയ പരിഗണന നല്‍കും. അടുത്ത അഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷം പേർക്ക് വീടുകൾ നിർമ്മിച്ചു നല്കും. ഒമ്പതര വർഷം കൊണ്ട് 4,71,442 വീടുകളാണ് പിണറായി സർക്കാരിന് നിർമ്മിക്കാനായതെന്ന് മറക്കരുത്.
സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതോടെ ആശാ പ്രവർത്തകരുടെ പ്രതിമാസ വേതനം 21,000 രൂപയാക്കും. അങ്കണവാടി, പാചക തൊഴിലാളികൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നല്‍കും. കാർഷിക വികസനത്തിന് പ്രത്യേക ഉപപദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. കേരളീയ സമൂഹത്തിലെ ഏറ്റവും വലിയ ആപത്തായി തുടരുന്ന മയക്കുമരുന്ന് ഇല്ലാതാക്കാനും നിരവധി പദ്ധതികളുണ്ട്.
കൊള്ള, ധൂർത്ത്,
അഴിമതി
ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാക്കളും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരുമായ എ. പത്മകുമാറും എൻ. വാസുവും ജയിലിൽ കിടക്കുകയാണ്. എന്നിട്ടും പ്രതികളെ സംരക്ഷിക്കുകയാണ് സി.പി.എം ചെയ്യുന്നത്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു പിന്നിൽ ഇപ്പോൾ അറസ്റ്റു ചെയ്യപ്പെട്ടവരെക്കാൾ പ്രധാനികളായ വൻതോക്കുകളുണ്ടെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അവരെ ചോദ്യം ചെയ്യേണ്ട സമയമാണിത്. എന്നാൽ, തിരഞ്ഞെടുപ്പായതുകൊണ്ട് അതു വൈകിക്കാൻ എസ്.ഐ.ടിക്കു മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുകയാണ്.
അഴിമതിയും ധൂർത്തും പിൻവാതിൽ നിയമനങ്ങളും നടത്തി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോൾ അതിന്റെ ഇരകളായി മാറുന്നത് സാധാരണ ജനങ്ങളാണ്. സംസ്ഥാനത്ത് കടുത്ത ധനപ്രതിസന്ധി മൂലം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 25 ലക്ഷം രൂപയ്ക്കു മേലുള്ള ബില്ലുകൾ മാറുന്നതിന് നേരത്തേതന്നെ നിയന്ത്രണം ഉണ്ടായിരുന്നു. ഇത് 10 ലക്ഷം രൂപയാക്കി. 2026-ൽ ഈ സർക്കാർ പടിയിറങ്ങുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തം കടം ആറു ലക്ഷം കോടിയാകും. ജീവനക്കാർക്കും ക്ഷേമനിധി ബോർഡുകൾക്കും അടക്കം സർക്കാർ കൊടുക്കാനുള്ള കുടിശിക രണ്ടുലക്ഷം കോടി വരും. ഇതുകൂടി കണക്കാക്കിയാൽ ആകെ കടം എട്ടുലക്ഷം കോടിയാകും.
തകർന്നടിഞ്ഞ കേരളത്തെ വീണ്ടെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിച്ചും, മതനിരപേക്ഷതയ്ക്ക് അല്‍പവും പോറലേൽക്കാതെയും ആ ദൗത്യം യു.ഡി.എഫ് നിറവേറ്റും. അതുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം അനിവാര്യമാകുന്നത്. അഴിമതിയുടെ പടുകുഴിയിൽ വീണ സംസ്ഥാന സർക്കാരിനും വർഗീയ രാഷ്ട്രീയം പറയുന്ന സംഘപരിവാർ ശക്തികൾക്കും എതിരായ ജനവിധിയായിരിക്കും ഈ തിരഞ്ഞെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |