
കേരളത്തിന് ഇടതിനെയും വലതിനെയും മതിയായതിനാൽ 'ഇനി വരണം ബി.ജെ.പി" എന്നതാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം! വെറും മുദ്രാവാക്യമല്ല, വികസിത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള മാർഗം കൂടിയാണത്. തദ്ദേശ സ്ഥാപനങ്ങളെ നശിപ്പിച്ച അഴിമതിയെന്ന വിപത്തിൽ നിന്നുള്ള മോചനമാണ് ബി.ജെ.പിയുടെ ഗ്യാരന്റി. സാങ്കേതിക വിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും സഹായത്തോടെ അഴിമതി പൂർണമായും ഇല്ലാതാക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു.
അഴിമതിയിലും സ്വജന പക്ഷപാതത്തിലും പ്രീണനത്തിലും മുങ്ങിയ ഇടത്- വലത് മുന്നണികൾക്കു ബദലായി, നരേന്ദ്ര മോദി സർക്കാരിന്റെ വികസനനയം ഓരോ വാർഡിലും എത്തിക്കാനും, രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കാനുമുള്ള അവസരമാണിത്. തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിലെത്തിയാൽ വീട്ടുപടിക്കൽ സേവനങ്ങൾ എത്തിക്കുമെന്ന വാഗ്ദാനമാകും ബി.ജെ.പി ആദ്യം നടപ്പാക്കുക. മാറിമാറി വന്ന രണ്ടു മുന്നണികളും കേരളത്തിൽ ഒരു മേഖലയിലും ഒരു നേട്ടവുമുണ്ടാക്കിയിട്ടില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും വർഗീയ കാർഡ് ഇറക്കിയും അവർ നടത്തുന്ന നാടകത്തിന്റെ കാലം കഴിഞ്ഞെന്ന ഓർമ്മപ്പെടുത്തലാകും ഈ തിരഞ്ഞെടുപ്പ്.
ഏഴു പതിറ്റാണ്ട് കേരളത്തെ വരിഞ്ഞുമുറുക്കിയ വികസന മുരടിപ്പിനെ വേരോടെ പിഴുതെറിയാനുള്ള നിർണായക അവസരമാണിത്. എൽ.ഡി.എഫും യു.ഡി.എഫും വാർഡ് തലം മുതൽ സംസ്ഥാന തലം വരെ അഴിമതിയെ സ്ഥാപനവൽക്കരിച്ചെന്ന് കേരളത്തിൽ ഉടനീളം നടത്തിയ യാത്രയിൽ എനിക്ക് മനസിലായി. ചില രാഷ്ട്രീയ പാർട്ടികൾ പത്തും നാൽപതും വർഷം തുടർച്ചയായി ഭരിച്ച തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതിയിലൂടെ ശതകോടികളുടെ പദ്ധതി ഫണ്ടുകൾ തീർത്തതിന്റെ നൂറുകണക്കിന് ഉദാഹരണങ്ങൾ പുറത്തുവന്നു.
കടം മേടിച്ച്
മുടിക്കുന്നവർ
കടം മേടിച്ച് ഭരണം നടത്തുന്ന സംസ്ഥാന സർക്കാർ കേരളത്തിന്റെ ഭാവി ഇല്ലാതാക്കി. വികസന സാദ്ധ്യതകൾ പ്രയോജനപ്പെടുത്താതെ ഇരു മുന്നണികളും കേരളത്തെ സമ്പൂർണ ഉപഭോക്തൃ സംസ്ഥാനമാക്കി മാറ്റി. പരസ്പര സഹകരണത്തോടെ അഴിമതിയും ദുർഭരണവും അവർ ഇപ്പോഴും യഥേഷ്ടം തുടരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വാ തുറക്കുന്ന പ്രതിപക്ഷം എൽ.ഡി.എഫ് സർക്കാരിന്റെ ബി ടീം മാത്രമാണ്. ജനരോഷം ഭയന്ന്, സ്വന്തം ചിഹ്നത്തിൽ വോട്ട് ചോദിക്കാൻ പറ്റാത്ത ഗതികേടിലാണ് 70 വർഷം കേരളം ഭരിച്ച മുന്നണികൾ. 21,065 സ്ഥാനാർത്ഥികളെ അണിനിരത്തി, 90 ശതമാനത്തോളം സീറ്റുകളിലും സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത് ബി.ജെ.പി മാത്രം.
മാസങ്ങളോളം പാവപ്പെട്ടവരുടെ പെൻഷൻ മുടക്കി പട്ടിണിക്കിട്ട ശേഷം, തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കുടിശ്ശിക തീർക്കുന്ന ഇടതു സർക്കാരിന്റെ രാഷ്ട്രീയ കാപട്യം ബി.ജെ.പി തുറന്നുകാട്ടി. ഒരു സർക്കാർ എങ്ങനെയായിരിക്കണം എന്നതിന് മോദി സർക്കാർ മാതൃകയാകുന്നു. കിസാൻ സമ്മാൻ നിധി പോലെയുള്ള പദ്ധതികളിൽ കർഷകർക്ക് മുടക്കമില്ലാതെ ധനസഹായം എത്തുന്നു. ഭേദഭാവമില്ലാതെ 140 കോടി ജനങ്ങളെ ലക്ഷ്യമിട്ട് ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന മോദി സർക്കാരിന്റെ മാതൃക കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തിയാൽ നടപ്പാക്കും.
ഇടതു സർക്കാർ കേന്ദ്രത്തിന്റെ വയോ വന്ദന പോലുള്ള പദ്ധതികൾ നിഷേധിക്കുന്നു. ദേശീയ തലത്തിൽ മോദി സർക്കാർ വിലക്കയറ്റം പിടിച്ചുനിറുത്തുന്നു. കേരളത്തിലാകട്ടെ, വിലക്കയറ്റം 8.56 ശതമാനം എന്ന റെക്കാഡ് നിരക്കിലാണ്. അരി അടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി സാധാരണക്കാരന്റെ നടുവൊടിക്കുന്ന 'കേരളാ മോഡൽ" പരാജയമാണെന്ന് സമ്മതിക്കാൻ ഭരണകൂടം തയ്യാറാണോ? ജി. എസ്. ടി പരിഷ്‌കാരത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ച മോദി സർക്കാരിന്റെ നടപടികളെ എതിർക്കുന്നത് ജനക്ഷേമം ലക്ഷ്യമിട്ടല്ല.
ബി.ജെ.പി സർക്കാർ കേരളത്തിലെ ഗ്രാമ- നഗരങ്ങളിൽ മികച്ച റോഡുകളും ദേശീയപാതകളും ബൈപാസുകളും യാഥാർത്ഥ്യമാക്കി. കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നപ്പോഴും, കോൺഗ്രസ്- സി.പി.എം മുന്നണി ഭരിച്ചപ്പോഴും ലഭിക്കാതിരുന്ന വികസന പദ്ധതികളാണ് പത്തുവർഷംകൊണ്ട് വന്നത്. രാജ്യസുരക്ഷയ്ക്കു പോലും വെല്ലുവിളി സൃഷ്ടിക്കുന്ന മത മൗലികവാദ സംഘടനകളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന അപകടകരമായ രാഷ്ട്രീയമാണ് ഇരു മുന്നണികളും നടത്തുന്നത്.
വർഗീയ ശക്തികളായ ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും വോട്ടിനു വേണ്ടി യു.ഡി.എഫ് പരസ്യമായി കൈകോർക്കുന്നു. പിഡിപി- എസ്.ഡി.പി.ഐ എന്നിവരുമായി സി.പി.എം പ്രാദേശിക സഖ്യം ഉണ്ടാക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിലെ കോൺഗ്രസ്- സി.പി.എം സഹായ നിലപാടിനു പിന്നിലും ഇതേ മതമൗലികവാദ സംഘടനകളുടെ സമ്മർദ്ദമുണ്ട്. കൊച്ചി സെന്റ് തെരേസാസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സ്വീകരിച്ച നിലപാടും ഇതു തെളിയിക്കുന്നു.
രാഷ്ട്രീയ വിരോധം കാരണം സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ 'പിഎം-ശ്രീ' പദ്ധതി പോലും അട്ടിമറിച്ച്, കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ നിഷേധിക്കുന്നു. സ്‌കൂളുകൾ തകർന്നുവീഴുമ്പോഴും, കുട്ടികളുടെ സുരക്ഷയേക്കാൾ എൽ.ഡി.എഫിനു വലുത് വോട്ട് ബാങ്കാണ്. മോദി സർക്കാർ ഫണ്ട് നൽകിയിട്ടും, എൽ.ഡി.എഫ് സർക്കാരിന്റെ അനാസ്ഥ മൂലം 2025-ലും 32 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കാനായില്ല. സർക്കാർ ആശുപത്രികളിൽ മരുന്നില്ല, മെഡിക്കൽ കോളേജുകളിൽപ്പോലും ചികിത്സ കിട്ടാക്കനിയായി.
വികസനത്തിന്
മികച്ച അവസരം
തദ്ദേശ സ്ഥാപനങ്ങളിൽ പരിമിതമായ സാന്നിദ്ധ്യമായിരുന്നിട്ടും 1.7 ലക്ഷം വീടുകളും ഗ്രാമീണ റോഡുകളും നൽകി മോദി സർക്കാർ കേരളത്തെ കൈപിടിച്ചുയർത്തുന്നു. 45 ദിവസത്തിനുള്ളിൽ തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നത് അടക്കം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് വലിയ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. ഇരു മുന്നണികളും ശബരിമലയെപ്പോലും തകർക്കുന്നു. ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചവർ സ്വർണം മോഷ്ടിച്ച് കടത്തുന്നു. സ്വർണക്കൊള്ളയിലെ അന്താരാഷ്ട്ര മാഫിയാ ബന്ധം കോടതി തന്നെ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സർക്കാരിന്റെ കാലത്തും ശബരിമലയിൽ നടന്നത് വൻ കൊള്ളയാണ്. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ പണവും അഴിമതിയും മാത്രമാണ് ഇരുകൂട്ടരുടെയും ലക്ഷ്യം.
രാഷ്ട്രീയ രംഗത്തിന്റെ പുതിയ മാറ്റത്തിനും വികസിത കേരളത്തിനും വേണ്ടിയുള്ള ആദ്യ ചുവടുവയ്പാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. കേരളത്തിനു മുന്നിലുള്ള മികച്ച അവസരമാണ് ബി.ജെ.പി. അടുത്ത തലമുറയ്ക്കു വേണ്ടി വികസിത കേരളം യാഥാർത്ഥ്യമാക്കാൻ നിങ്ങളോരോരുത്തരും ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |