കൊച്ചി: രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിൽ എട്ട് വർഷത്തിന് ശേഷമാണ് വിധിവരുന്നത്. നടൻ ദിലീപ് കേസിൽ കുറ്റക്കാരനായിരിക്കുമോ എന്നാണ് മലയാളികൾ ഉൾപ്പെടെ ഉറ്റുനോക്കിയത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. എന്നാൽ, പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യത്തെ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരെ ബലാത്സംഗം ഉൾപ്പെടെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും തെളിഞ്ഞു. അതിനാൽ പരമാവധി ശിക്ഷ ലഭിക്കാനാണ് സാദ്ധ്യത. ഡിസംബർ 12 വെള്ളിയാഴ്‌ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് വിധി പ്രഖ്യാപിക്കുക.
കേസിൽ 2018ൽ വിചാരണ തുടങ്ങിയെങ്കിലും കൊവിഡ് ലോക്‌ഡൗൺ മൂലം രണ്ട് വർഷത്തോളം വിചാരണ തടസപ്പെട്ടു. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയപരിധിയൊന്നും പാലിക്കാൻ കഴിഞ്ഞിരുന്നില്ല. അതിജീവിത ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ തുറന്ന് പരിശോധിക്കപ്പെട്ടതും വിവാദമായി.
കഴിഞ്ഞ വർഷം സെപ്‌തംബറിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്‌താരം പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്‌തരിച്ചത്. 109 ദിവസമെടുത്തു വിസ്‌താരം പൂർത്തിയാകാൻ. തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്‌താരം പൂർത്തിയാക്കി ഈ വർഷം ആദ്യത്തോടെ വിധി പ്രസ്‌താവിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധി പ്രസ്‌താവവും നീണ്ടു.
2017 ഫെബ്രുവരി 17നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സിനിമയുടെ ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്‌ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുത്ത് പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രതികൾ പിടിയിലായി. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലാണ് നടൻ ദിലീപ് അറസ്റ്റിലായത്. അതിജീവിതയുടെ ആവശ്യപ്രകാരം വനിതാ ജഡ്‌ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമർപ്പിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു കെ പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ആദ്യ പ്രതിപ്പട്ടികയിൽ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. 261 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. സാക്ഷി വിസ്‌താരത്തിന് മാത്രം 438 ദിവസമെടുത്തു. 833 രേഖകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. 142 തൊണ്ടിമുതലുകളുണ്ടായിരുന്നു.
കേസിന്റെ നാൾവഴി
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. രാത്രി മാർട്ടിൻ ഓടിച്ച മഹീന്ദ്ര എസ്.യു.വിലാണ് നടി തൃശൂരിലെ വസതിയിൽ നിന്ന് യാത്ര തിരിച്ചത്. മാർട്ടിൻ അറിയിച്ചതിനെ തുടർന്ന് അങ്കമാലി മുതൽ പൾസർ ഓടിച്ച ടെമ്പോ ട്രാവലർ പിന്തുടർന്നു. മണികണ്ഠനും വിജീഷും ഇതിലുണ്ടായിരുന്നു. ആലുവ അത്താണിയിൽ വച്ച് നടിയുടെ വാഹനത്തിൽ ടെമ്പോ ഇടിപ്പിച്ച് വ്യാജ അപകടമുണ്ടാക്കി.
വാക്കുതർക്കം അഭിനയിച്ച് മാർട്ടിൻ പുറത്തിറങ്ങിയപ്പോൾ മണികണ്ഠനും വിജീഷും പിൻസീറ്റിൽ അതിക്രമിച്ചു കയറി നടിയുടെ കൈകൾ ബലമായി പിടിച്ച് വായ് പൊത്തി. വാഹനങ്ങൾ യാത്ര തുടർന്നു. കളമശേരിയിൽ എത്തിയപ്പോൾ പ്രദീപും ഇവർക്കൊപ്പം ചേർന്നു.
പ്രതികളിൽ ചിലർ ഇരു വാഹനങ്ങളിലും മാറിമാറി സഞ്ചരിച്ചു. ഡ്രൈവർ മാർട്ടിൻ നിസഹായത നടിച്ചു. പാലാരിവട്ടം-വെണ്ണല റൂട്ടിൽ വച്ച് മാർട്ടിനെ ഇറക്കി വിട്ട് പൾസർ സുനി വാഹനം ഓടിച്ചു. സലിമും മണികണ്ഠനും ഒപ്പമുണ്ടായിരുന്നു.
കാക്കനാട് ഭാഗത്ത് വച്ച് സലീമിനെ ഡ്രൈവിംഗ് ഏൽപ്പിച്ച് സുനി നടിയുടെ ഇടതു വശത്തിരുന്നു. സഹകരിച്ചില്ലെങ്കിൽ മയക്കുമരുന്ന് നൽകി ദൃശ്യം പകർത്തുമെന്നു ഭീഷണിപ്പെടുത്തി. തുടർന്ന് വിവസ്ത്രയാക്കി ഉപദ്രവിച്ച് ദൃശ്യങ്ങൾ മൊബെലിൽ പകർത്തി. ക്വട്ടേഷൻ നൽകിയ ആൾ വിളിക്കുമെന്നും അറിയിച്ചു. എന്നാൽ രാമലീലയുടെ ഷൂട്ടിംഗ് നിറുത്തിവച്ച് ദിലീപ് അതിന് മുമ്പേ ആശുപത്രിയിൽ അഡ്മിറ്റായതും സംശയകരമായി.
വാഹനം മാർട്ടിൻ ഇറങ്ങിയതിന് സമീപമെത്തിച്ച് മറ്റുള്ളവർ കടന്നു. നടിയെ രാത്രി വൈകി സംവിധായകൻ ലാലിന്റെ വീട്ടിൽ ഇറക്കിയപ്പോഴാണ് വിവരം പുറം ലോകമറിഞ്ഞത്. നിരപരാധി ചമഞ്ഞ മാർട്ടിനെ ഫെബ്രുവരി 18ന് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ കരാറനുസരിച്ച് പണം കിട്ടിയില്ലെന്നു പറഞ്ഞ് ദിലീപിനെ ഭീഷണിപ്പെടുത്താൻ സുനി പല ശ്രമങ്ങളും നടത്തി. സഹതടവുകാരുടെ കൈയിൽ കത്ത് കൊടുത്തു വിട്ടു. ദിലീപിന്റെ വിശ്വസ്‌തരെ ഫോണിൽ വിളിച്ചു.
ഫെബ്രുവരി 19ന് വടിവാൾ സലിം, പ്രദീപ് എന്നിവർ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റിലായി. നടിക്ക് ഐക്യദാർഢ്യവമായി കൊച്ചിയിൽ സിനിമാപ്രവർത്തകരുടെ കൂട്ടായ്മ. നടൻ ദിലീപിന്റെ സാന്നിദ്ധ്യത്തിൽ മഞ്ജു വാര്യർ ഗൂഢാലോചന ആരോപിച്ചു.
ഫെബ്രുവരി 20ന് മണികണ്‌ഠൻ പാലക്കാട്ട് നിന്നും അറസ്റ്റിലായി.
ഫെബ്രുവരി 23ന് ഒന്നാം പ്രതി പൾസർ സുനി അറസ്റ്റിലായി. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതിന് മുമ്പേ ദൃശ്യങ്ങൾ കൈമാറിയിരുന്നു. ദിലീപുമായി കൂടിക്കാഴ്ചയ്‌ക്കും ശ്രമിച്ചു.
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.