
കോട്ടയം: രാജ്യാന്തര വിപണിയിലെ വിലക്കുതിപ്പിന്റെ നേട്ടം ആഭ്യന്തര ഉത്പാദകർക്ക് ലഭിക്കാതിരിക്കാൻ ടയർ നിർമ്മാതാക്കൾ ശ്രമിച്ചതോടെ കേരളത്തിൽ റബർ വില താഴേക്ക് നീങ്ങി. ചരക്ക് വരവ് കുറഞ്ഞിട്ടും വൻകിടക്കാർ വിപണിയിൽ നിന്ന് വിട്ടുനിന്നു. ബാങ്കോക്കിൽ ഷീറ്റ് വില കിലോയ്ക്ക് 191 രൂപ കടന്നു . ആർ.എസ്.എസ് ഫോർ വ്യാപാരി വില കിലോക്ക് 176 രൂപയും റബർ ബോർഡു വില 184 രൂപയുമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് റബർ വരവ് കൂടിയതാണ് വിലയിടിച്ചത്.
റബർ തറ വില 200 രൂപയായി ഉയർത്തിയെങ്കിലും പുതിയ ബില്ലുകൾ അപ്‌ലോഡ് ചെയ്യാനാകുന്നില്ല . പഴയ ബില്ലുകൾ പുതുക്കാൻ മാത്രമേ കഴിയുന്നുള്ളൂ . വിപണി വിലയുമായുള്ള വ്യത്യാസം കണക്കാക്കി അക്കൗണ്ടിൽ ബാക്കി പണമെത്തിക്കുന്ന റബർ ഉത്തേജക പദ്ധതിയുടെ പ്രയോജനവും കർഷകർക്ക് ലഭിക്കുന്നില്ല.
കോമ്പൗണ്ട് റബർ ഇറക്കുമതി കുത്തനെ ഉയരുകയാണ്. നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കോമ്പൗണ്ട് റബർ ഇറക്കുമതിയ്ക്ക് ഈടാക്കുന്നത്. ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
കുരുമുളക് വിലക്കുതിപ്പ് കുറയുന്നു
ഉത്തരേന്ത്യയിൽ ഡിമാൻഡ് കുറഞ്ഞതോടെ കുരുമുളക് വിലയിലെ കുതിപ്പും കുറഞ്ഞു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്ന അയ്യപ്പഭക്തർ കഴിഞ്ഞ വർഷം 2000 ടൺ കുരുമുളക് വാങ്ങിയിരുന്നു .ഇക്കുറി കുരുമുളകിന് ആവശ്യക്കാർ കുറഞ്ഞു. വില കൂടുമെന്ന പ്രതീക്ഷയിൽ മുംബയിലെ ഇറക്കുമതിക്കാർ സൂക്ഷിച്ച കുരുമുളകും വിപണിയിൽ എത്തി.
ശ്രീലങ്കയിലെ വെള്ളപ്പൊക്കത്തിൽ കുരുമുളക് കൃഷിക്ക് വലിയ നാശനഷ്ടമുണ്ടാക്കിയതോടെ അവിടെ കയറ്റുമതി നിരക്ക് 7500 ഡോളറായി ഉയർന്നു.
കയറ്റുമതി വില (ഒരു ടണ്ണിന്)
ഇന്ത്യ - 8100 ഡോളർ
ഇന്തോനേഷ്യ- 7500 ഡോളർ
വിയറ്റ്നാം - 6925 ഡോളർ
ബ്രസീൽ- 6500 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |