
ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ചിത്രമാണ് അശ്വിൻ എക്സിലൂടെ പങ്കുവച്ചത്. ഇതോടെ കമന്റ് ബോക്സിൽ ആരാധകരുടെ ചിരിയും സംശയങ്ങളും നിറഞ്ഞു. സംഭവം എന്താണെന്ന് മനസിലാകാതെ തലപുകയ്ക്കുകയായിരുന്നു ക്രിക്കറ്റ് ലോകം.
ഇന്ന് രാവിലെയാണ് അശ്വിൻ രണ്ട് ചിത്രങ്ങൾ ചേർത്തുള്ള കൊളാഷ് പങ്കുവച്ചത്. ഒരു വശത്ത് നടി സണ്ണി ലിയോണിന്റെ ചിത്രവും, മറുവശത്ത് ചെന്നൈയിലെ 'സാധു സ്ട്രീറ്റി'ന്റെ ദൃശ്യവുമായിരുന്നു ഉണ്ടായിരുന്നത്. ഇത് കണ്ടതോടെയാണ് പലരുടെയും തല പുകഞ്ഞത്. എന്നാൽ ചില ആരാധകർ അശ്വിന്റെ ഉദ്ദേശ്യം കൃത്യമായി മനസിലാക്കി. തമിഴ്നാടിന്റെ യുവ ഓൾറൗണ്ടറായ സണ്ണി സന്ധുവിനുള്ള രഹസ്യ സന്ദേശമായിരുന്നു മുൻ താരം പങ്കുവച്ചതെന്ന് കണ്ടെത്തി.
👀 👀 pic.twitter.com/BgevYfPyPJ
— Ashwin 🇮🇳 (@ashwinravi99) December 9, 2025
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയ്‌ക്കെതിരെ നടന്ന മത്സരത്തിൽ തമിഴ്നാടിനായി സണ്ണി സന്ധു തകർപ്പൻ പ്രകടനം കാഴ്ചവച്ചിരുന്നു. തമിഴ്നാടിനായി തന്റെ രണ്ടാമത്തെ ട്വന്റി-20 മത്സരം കളിച്ച സണ്ണി വെറും ഒമ്പത് പന്തുകളിൽ നിന്ന് 30 റൺസാണ് നേടിയത്. സെഞ്ച്വറി നേടിയ സായ് സുദർശനുമായി (55 പന്തിൽ 101) ചേർന്ന് നിർണായകമായ 37 റൺസ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയത്തിലെത്തിക്കുന്നതിൽ സന്ധു സുപ്രധാനമായ പങ്കാണ് വഹിച്ചത്. അശ്വിന്റെ ഈ പ്രശംസയോടെ, 22കാരനായ സണ്ണി സന്ധുവിന് ഐപിഎൽ 2026 മിനി ലേലത്തിൽ ആവശ്യക്കാർ ഏറാൻ സാദ്ധ്യതയുണ്ട്. 30 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ലീഗ് ഘട്ടം പൂർത്തിയായി. മുംബയ്, ആന്ധ്ര, ഹൈദരാബാദ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നീ ടീമുകളാണ് സൂപ്പർ ലീഗിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഡിസംബർ 18ന് പൂനെയിലാണ് ഫൈനൽ മത്സരം നടക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |