
മഹാരാഷ്ട്രയിലെ പുരാതന ക്ഷേത്രമാണ് ഹരിശ്ചന്ദ്രഗഡ്. ഇതിനകത്ത് സ്ഥിതി ചെയ്യുന്ന കേദേശ്വർ ഗുഹാക്ഷേത്രം ഒട്ടേറെ ഐതിഹ്യങ്ങൾ പേറുന്ന ആരാധനാലയമാണ്. ഇന്ത്യയിലെ പല ക്ഷേത്രങ്ങൾക്കും വലിയ ചരിത്രമുണ്ടെങ്കിലും കേദാരേശ്വർ ഗുഹ ഭൂതകാലത്തെ മാത്രമല്ല, പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ പോലും കാത്തുസൂക്ഷിക്കുന്നു എന്നാണ് വിശ്വാസം. അത് മാത്രമല്ല ഇനി നടക്കാൻ പോകുന്നതിന്റെ ചില സൂചനകളും ഈ ക്ഷേത്രത്തിനുള്ളിൽ നമുക്ക് കാണാൻ കഴിയുന്നുവെന്നാണ് വിശ്വാസികൾ പറയുന്നത്.
ഭൂമിയുടെ ഉത്ഭവം പോലെ അന്ത്യവും ഇവിടെ തന്നെയായിരിക്കുമെന്നാണ് ഇവിടെ എത്തുന്ന ഭക്തരുടെ വിശ്വാസം. അതിനൊരു കാരണമുണ്ട്. ഗുഹയ്ക്കുള്ളിൽ നാല് പ്രതീകാത്മക സ്തംഭങ്ങളാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാല് യുഗങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ആ സ്തംഭങ്ങൾ.

ഇവ ഓരോന്നും ലോകാവസാനത്തിെന്റെ സൂചനകളായിട്ടാണ് ഭക്തർ കാണുന്നത്. നാല് സ്തംഭങ്ങളിൽ മൂന്നെണ്ണം ഇതിനോടകം നിലംപതിച്ചു കഴിഞ്ഞു. ഇനി ഒരെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. അവസാനത്തെ തൂണും നിലംപതിച്ചാൽ കലിയുഗം അവസാനിക്കുകയും ലോകം സമ്പൂർണ്ണമായ നാശത്തെ നേരിടുകയും ചെയ്യുമെന്നാണ് ഐതിഹ്യം.
വാസ്തുവിദ്യയോ പ്രൗഢിയോ ഇല്ലെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ ഈ ക്ഷേത്രം ആകർഷിക്കുന്നുണ്ട്. വർഷം മുഴുവനും വെള്ളം പൊങ്ങികിടക്കുന്ന ഗുഹയുടെ ഉള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൗതുകകരമായ മറ്റൊരു കാര്യം ഋതുക്കൾക്കനുരിച്ച് വെള്ളത്തിന്റെ താപനില മാറുകയും വേനൽക്കാലത്ത് അത്യധികം തണുപ്പും, തണുപ്പുകാലത്ത് ചൂടുള്ളതുമായിട്ടായിരിക്കും കാണപ്പെടുക.
ക്ഷേത്രത്തിന്റെ മദ്ധ്യഭാഗത്ത് അഞ്ചടി ഉയരമുള്ള ശിവലിംഗവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് സ്വയംഭൂ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ ഏറെ നാളുകൾ ധ്യാനിച്ചാൽ പരമശിവൻ ഇവിടെ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം. ഗുഹയ്ക്കു മുകളിലായി കാണുന്ന ശിലാഗോപുരം ആറാം നൂറ്റാണ്ടിൽ കലചൂരി രാജവംശം നിർമ്മിച്ചതാണ്. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രഗുഹ വീണ്ടും കണ്ടെത്തിയത്. മനോഹരമായ പാറക്കെട്ടുകളാലും പ്രകൃതി സൗന്ദര്യത്താലും ചുറ്റപ്പെട്ട ഈ പ്രദേശം, ഭക്തർക്കും ട്രക്കിംഗിന് എത്തുന്നവർക്കും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |