
അബുദാബി: ഐപിഎൽ 19ാം സീസൺ മെഗാ ലേലത്തിന് മുന്നോടിയായി ലേലത്തിൽ പങ്കെടുക്കുന്ന കളിക്കാരുടെ പട്ടിക വെട്ടിച്ചുരുക്കി ബിസിസിഐ. 1,355 പേരുകളിൽ നിന്ന് 1,005 താരങ്ങളെയാണ് ബിസിസിഐ ഒഴിവാക്കിയത്. 350 പേരുടെ അന്തിമ പട്ടിക ലേലത്തിനായി പ്രഖ്യാപിച്ചു. 230 ഇന്ത്യക്കാരും 130 വിദേശ താരങ്ങളുമായിരിക്കും ലേലത്തിൽ പങ്കെടുക്കുക. ഡിസംബർ 16ന് അബുദാബിയിലെ എത്തിഹാദ് അരീനയിലാണ് ലേലം നടക്കുന്നത്.
ഫ്രാഞ്ചൈസികളുടെ മൂല്യം, പരിചയം, മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാദ്ധ്യതയുള്ള യുവതാരങ്ങൾ എന്നിവർക്കുള്ള തീപാറുന്ന ലേലപ്പോരിനാണ് ഒരുങ്ങുന്നത്. പത്തു ടീമുകൾക്കു വേണ്ടിയുള്ള ആകെ 77 താരങ്ങളെ ലേലത്തിലൂടെ വിളിച്ചെടുക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര ക്രിക്കറ്റിലെ മലയാളി താരങ്ങളായ ആരോൺ ജോർജ്, വിഷ്ണു സോളങ്കി, പരീക്ഷിത് വൽസാങ്കർ, സാഡെക് ഹുസൈൻ, ഇസാസ് സവാരിയ എന്നിവരടക്കം മറ്റ് 20 താരങ്ങളെയാണ് അവസാനഘട്ടം പേരു ചേർത്തത്.
ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ സീനിയർ വിക്കറ്റ് കീപ്പർബാറ്റർ ക്വിന്റൺ ഡി കോക്ക്. ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് താരത്തെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം തിരുത്തിയ ഡി കോക്ക് ഇന്ത്യക്കെതിരെ സെഞ്ച്വറി നേടി മികച്ച ഫോമിലാണ്.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതിനെ തുടർന്ന്, ഇത്തവണ ലേലത്തിൽ തന്റെ അടിസ്ഥാന വിലയായ ഒരു കോടിക്കാണ് ഡികോക്ക് പങ്കെടുക്കുക. പുതിയ വിദേശ താരങ്ങളും അന്തിമ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ശ്രീലങ്കൻ താരങ്ങളായ ട്രാവീൻ മാത്യു, ബിനൂര ഫെർണാണ്ടോ, കുശാൽ പെരേര, ദുനിത് വെല്ലാലഗെ, അഫ്ഗാനിസ്ഥാന്റെ അറബ് ഗുൽ, വെസ്റ്റ് ഇൻഡീസിന്റെ അക്കീം അഗെ്രസ്ര എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന മറ്റു താരങ്ങൾ.
ലേലത്തിലെ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 40 കളിക്കാരുണ്ട്. ഇതിൽ ഇന്ത്യയിൽ നിന്ന് വെറും രണ്ടുപേർ മാത്രമാണുള്ളത്. വെങ്കടേഷ് അയ്യരും രവി ബിഷ്‌ണോയിയും. ഡെവോൺ കോൺവേ, കാമറൂൺ ഗ്രീൻ, ഡേവിഡ് മില്ലർ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളാണ് ഈ പട്ടികയിലെ മറ്റ് ആകർഷണങ്ങൾ. 1.5 കോടി, 1.25 കോടി എന്നീ അടിസ്ഥാന വിലയിൽ ഇന്ത്യൻ താരങ്ങൾ ആരും തന്നെയില്ല. ആകാശ് ദീപ്, രാഹുൽ ചെഹർ, ഉമേഷ് യാദവ് എന്നിവരാണ് ഒരു കോടിക്കുള്ള ഇന്ത്യൻ കളിക്കാർ.
അന്താരാഷ്ട്ര മത്സരം കളിക്കാത്ത വിഭാഗത്തിൽ 224 ഇന്ത്യക്കാരും 14 വിദേശ കളിക്കാരുമുണ്ട്. പൃഥ്വി ഷാ, സർഫറാസ് ഖാൻ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ശിവം മാവി, കെ.എസ്. ഭരത്, മലയാളി താരം സന്ദീപ് വാര്യർ എന്നിവർ ഈ വിഭാഗത്തിലാണ്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില. മലയാളി താരം കെ എം ആസിഫ് മുൻ കേരള ക്രിക്കറ്റ് താരം ജലജ് സക്‌സേന എന്നിവർക്ക് 40 ലക്ഷമാണ് അടിസ്ഥാന വില. വിഘ്‌നേഷ് പുത്തൂർ, അഖിൽ സ്‌കറിയ എന്നിവരും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്. 30 ലക്ഷമാണ് ഇവരുടെ അടിസ്ഥാന വില. ലേലത്തിൽ മൂന്ന് തവണ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും കൂടുതൽ തുക കൈവശമുള്ളത് (64.3 കോടി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |