
തമിഴർക്ക് ഏറെ പ്രാധാന്യമുള്ള ആഘോമാണ് പൊങ്കൽ. തമിഴ്‌നാട് കേരളത്തിന്റെ അയൽ സംസ്ഥാനമായതിനാൽ നമ്മുടെ അതിർത്തിജില്ലകളിലും പൊങ്കൽ പ്രധാന്യത്തോടെ ആഘോഷിക്കുന്നുണ്ട്. ഓണത്തിനെപ്പോലെ ഒരു വിളവെടുപ്പുത്സവമാണ് പൊങ്കലും. പൊങ്കൽ ദിവസം കേരളത്തിലെ ചില ജില്ലകൾക്ക് അവധിയും നൽകുന്നുണ്ട്.
നാലുദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷം. വിള പാകമായതിന്റെ സന്തോഷത്തിൽ കർഷകർ ആഘോഷിക്കുന്ന ഉത്സവമാണ് പൊങ്കൽ എന്ന് ചുരുക്കിപ്പറയാം. വീടുകളിലുള്ള പഴയ സാധനങ്ങൾ മാറ്റി പുതിയവ കൊണ്ടുവരികയും ചെയ്യുന്നു. പഴയവസ്തുക്കൾ കത്തിച്ചാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ഭാേഗി പൊങ്കൽ, സൂര്യപൊങ്കൽ, മാട്ടുപൊങ്കൽ,കാണും പൊങ്കൽ എന്നിങ്ങനെ ഓരോദിവസത്തെയും ആഘോഷത്തിന് വ്യത്യസ്ത പേരുകളാണ്. തമിഴ് മാസമായ തായ് മാസത്തിന്റെ ആദ്യദിവസമാണ് പൊങ്കൽ ആരംഭിക്കുന്നത്.
ഐശ്വര്യം കൊണ്ടുവരാനായി മഴ, സൂര്യൻ, കന്നുകാലികൾ എന്നിവയെയെല്ലാം പൊങ്കലിൽ ആരാധിക്കുന്നു. സൂര്യനെ പ്രത്യേകം ആരാധിക്കുകയാണ് ചെയ്യുന്നത്. കർഷകർ തങ്ങളുടെ കാളകളെയും മറ്റും കുളിപ്പിച്ചശേഷം അലങ്കരിക്കുകയും ചെയ്യും. മാട്ടുപ്പൊങ്കൽ ദിനത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. കന്നുകാലികൾക്കായി പ്രത്യേക പൂജകളും നടത്തും. ശിവഭഗവാനും അദ്ദേഹത്തിന്റെ വാഹനമായ നന്ദിയുമായി ബന്ധപ്പെട്ടതാണ് മാട്ടുപ്പൊങ്കൽ. ചിലർ അണിയിച്ചൊരുക്കിയ കാളകളുമായി നാടുചുറ്റുകയും ചെയ്യും.
ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് തൈപ്പൊങ്കൽ ദിനം. വീടിനു മുന്നിൽ മനോഹരമായ കോലമൊരുക്കിയും സൂര്യ ഭഗവാനെ വണങ്ങിയും പുതിയ മൺചട്ടിയിൽ പൊങ്കൽ ഒരുക്കും. തലേന്ന് വിളവെടുത്ത പുത്തൻ നെല്ല് കുത്തിയ അരിയാണ് പൊങ്കലിനായി ഉപയോഗിക്കുന്നത്. അരിയും, പാലും, ശർക്കരയും ചേർത്തുള്ള പൊങ്കൽ തിളച്ചു തൂവുമ്പോൾ 'പൊങ്കലോ പൊങ്കൽ' എന്ന് സ്ത്രീകൾ ആർത്തുവിളിക്കുന്നു. പൊങ്കൽ സൂര്യ ഭഗവാന് നിവേദിച്ച ശേഷം കുടുംബങ്ങളെല്ലാവരും ഒത്തുകൂടി സന്തോഷത്തോടെ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നു.
പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടിവയ്ക്കുന്നതും ഈ ആഘോഷത്തിന്റെ ഭാഗമാണ്. പൊങ്കലിന്റെ അവസാന ദിനമാണ് കാണുംപൊങ്കൽ. പേരുസൂചിപ്പിക്കുന്നതുപോലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേരുന്ന ദിവസമാണിത്. ശരിക്കുപറഞ്ഞാൽ ഒത്തുകൂടൽ ദിവസം. പരസ്പരം സമ്മാനങ്ങൾ നൽകുന്നതും പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |