
തിരുവനന്തപുരം: ഓട്ടൊമേഷൻ, ഷിപ്പിംഗ് വിതരണ ശൃംഖല തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിലെ ഡിജിറ്റലൈസേഷനൊപ്പമുള്ള പുരോഗതി കൈവരിക്കാൻ കേരളം സുപ്രധാന ചുവടുവയ്പുകൾ നടത്തിയതായി മന്ത്രി കെ.എൻ.ബാലഗോപാൽ.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പ് ഉദ്ഘാടന സെഷനിൽ സംസാരിക്കുകായിരുന്നു മന്ത്രി.
എ.ഐ, തുറമുഖ വളർച്ച, വ്യാവസായിക ശേഷി, ഉൾനാടൻ ജലഗതാഗതം എന്നിവ സംയോജിപ്പിക്കുന്ന വികസന മേഖലയായി വിഴിഞ്ഞം-കൊല്ലം-പുനലൂർ ട്രയാങ്കിൾ ഉയർന്നുവരുന്നു. പുനലൂർ-തെങ്കാശി ബെൽറ്റ് എൻജിനീയറിംഗ്, കാർഷിക വ്യാവസായിക കേന്ദ്രമായി മാറും. ലോജിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണം, ക്ലീൻ ടെക് വ്യവസായങ്ങൾ വികസിക്കും.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഗ്രാന്റ്, സീഡ് ഫണ്ടിംഗ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ സംരംഭ മൂലധനം ആകർഷിക്കുന്നതിനും കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ വീണ്ടും മൂലധനവൽക്കരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്റ്റാർട്ടപ്പ് സ്ഥാപകൻ കെ.സി ചന്ദ്രശേഖരൻ നായർ എഴുതിയ 'ഇൻകബേറ്റേഴ്സ്, ആക്സിലറേറ്റേഴ്സ് ആൻഡ് സ്റ്റാർട്ടപ്സ്' എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ആനിമേഷൻ വിദഗ്ദ്ധനും ആനെസി ഇന്റർനാഷണൽ ആനിമേഷൻ ഫെസ്റ്റിവലിലെ അവാർഡ് ജേതാവുമായ സുരേഷ് എറിയാട്ടിനെ ടെക്‌നോപാർക്കിലെ ടൂൺസ് ആനിമേഷൻ സി.ഇ.ഒ പി.ജയകുമാറിന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി ആദരിച്ചു.
ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ, സംസ്ഥാന ഇലക്ട്രോണിക്സ് ഐ.ടി സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു , സോഹോ കോർപ്പറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു എന്നിവർ സംസാരിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നായി നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാർട്ടപ്പ് സംഗമത്തിൽ ഇന്ത്യയിലേതടക്കം 3000 ത്തിലധികം സ്റ്റാർട്ടപ്പുകൾ, 100 ഏയ്ഞ്ചൽ നിക്ഷേപകർ, നൂറിലധികം മെന്റർമാർ, ഇരുന്നൂറിലധികം എച്ച്.എൻ.ഐകൾ, നൂറിലധികം കോർപറേറ്റുകൾ, നൂറ്റമ്പതിലധികം പ്രഭാഷകർ, നൂറിലധികം എക്സിബിറ്റേഴ്സ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |