
തിരുവനന്തപുരം: പാമ്പുകടി ചികിത്സയ്ക്കുള്ള ജീവൻരക്ഷാ മരുന്നായ ആന്റിവെനം സംസ്ഥാനത്ത് തദ്ദേശീയമായി നിർമ്മിക്കാനുള്ള പദ്ധതി, വകുപ്പുകളുടെ ഏകോപനമില്ലായ്മമൂലം അനിശ്ചിതത്വത്തിൽ. നിർമ്മാണ നടപടി വേഗത്തിലാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി മാസങ്ങളായിട്ടും അനക്കമില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വനം, ആരോഗ്യം, വ്യവസായ വകുപ്പുകളുടെ സംയുക്ത സമിതിയാണ് നടപടിയെടുക്കേണ്ടത്. എന്നാൽ, പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻപോലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
സ്റ്റാർട്ടപ്പ് കമ്പനികളുമായി ചേർന്ന് ആന്റിവെനം നിർമ്മിക്കാനാണ് ആലോചിച്ചിരുന്നത്. ഡ്രഗ്സ് കൺട്രോൾ ലൈസൻസ് അടക്കമുള്ള കടമ്പകളേറെയായതിനാൽ കമ്പനികളൊന്നും മുന്നോട്ടുവരാത്തതും തടസമായി. പദ്ധതി റിപ്പോർട്ട് തയ്യാറാക്കേണ്ടത് വനംവകുപ്പാണ്. അവരത് തയ്യാറാക്കിയിട്ടില്ലാത്തതിനാൽ മറ്റു വകുപ്പുകളും വലിയ താത്പര്യം കാട്ടുന്നില്ല.
തദ്ദേശീയമായി നിർമ്മിക്കുന്നതിനെക്കാൾ നിലവിൽ വിപണിയിൽ ലഭ്യമാകുന്ന ആന്റിവെനം ആവശ്യത്തിന് ആശുപത്രികളിൽ എത്തിക്കാനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്നാണ് വനംവകുപ്പ് വാദം. കേരളത്തിലെ പാമ്പുകളുടെ വിഷത്തിന് തീവ്രത കൂടുതലായതിനാൽ രാജ്യത്ത് പൊതുവായി നിർമ്മിക്കുന്ന ആന്റിവെനം ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശീയമായി നിർമ്മിക്കാൻ നിർദ്ദേശമുണ്ടായത്.
സ്കൂളിൽവച്ച് പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ചതിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് തദ്ദേശീയമായി ആന്റിവെനം നിർമ്മിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. പുരോഗതി റിപ്പോർട്ട് അറിയിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
വേണം, തീവ്രതയേറിയത്
തമിഴ്നാട്ടിലെ ഇരുള ട്രൈബൽ കോഓപ്പറേറ്റീവ് സൊസൈറ്റി, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് ആന്റിവെനം എത്തിക്കുന്നത്. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി പാമ്പുകളുടെ വിഷത്തിനുള്ള പ്രതിവിഷമാണിവ. എന്നാൽ, കേരളത്തിൽ കാണപ്പെടുന്ന അണലി, എട്ടടി മൂർഖൻ തുടങ്ങിയവയുടെ ഉഗ്രവിഷത്തെ ചെറുക്കാൻ ഇവ പര്യാപ്തമല്ല. മുഴമൂക്കൻ കുഴിമണ്ഡലി പോലുള്ള പാമ്പുകൾക്ക് ആന്റിവെനം കണ്ടെത്തിയിട്ടുമില്ല. അന്തരീക്ഷ താപനില അനുസരിച്ച് പാമ്പുകളുടെ വിഷത്തിന്റെ തീവ്രത കൂടും. അതിനാലാണ് തദ്ദേശീയമായ പാമ്പുകളുടെ വിഷമെടുത്ത് സംസ്ഥാനത്തുതന്നെ ആന്റിവെനം നിർമ്മിക്കാൻ നിർദ്ദേശമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |